ആറുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Tuesday 16 June 2015 11:55 am IST

പാലക്കാട്: ട്രെയിനില്‍ കടത്തിയ ആറുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കൊയിലാണ്ടി പന്തലായനി സ്വദേശികളായ ഹര്‍ജിത് നിവാസില്‍ ഹര്‍ജിത്ത്ദാസ്(23), തയ്യില്‍ വീട്ടില്‍ വിഷ്ണുപ്രമോദ്(21) എന്നിവരെയാണ് ആര്‍.പി.എഫും എക്‌സൈസും നടത്തിയ സംയുക്ത പരിശോധനയില്‍ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. പിടികൂടിയ കഞ്ചാവ് വിജയവാഡയിലെ തുണി എന്ന സ്ഥലത്തുനിന്നും വാങ്ങി കൊണ്ടുവന്നതാണെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കഞ്ചാവുമായി കേരള എക്‌സ്പ്രസില്‍ കോയമ്പത്തൂരിലെത്തിയ പ്രതികള്‍ അവിടെ നിന്നാണ് പാസഞ്ചര്‍ ട്രെയിനില്‍ മാറികയറിയത്. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ ട്രെയിന്‍ പാലക്കാട് ജംഗ്ഷനിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. മുമ്പും ഇവര്‍ കഞ്ചാവ് കടത്തിയതായി സമ്മതിച്ചിട്ടുണ്ട്. ഹര്‍ജിത്ത്ദാസ് കഴിഞ്ഞവര്‍ഷമാണ് സേലത്ത് എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയത്. വിഷ്ണുപ്രമോദ് ഇരുചക്രവാഹന വില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരനാണ്. ആര്‍.പി.എഫ് കമാണ്ടന്റ് സി. രാമദാസിന്റെ നിര്‍ദേശപ്രകാരം സി.ഐ ജി. ചന്ദ്രശേഖരന്‍, എസ്.ഐ ക്ലാരി വത്സ, ഹെഡ്‌കോണ്‍സ്റ്റബിള്‍ സജി അഗസ്റ്റിന്‍, കോണ്‍സ്റ്റബിള്‍മാരായ കെ. പ്രഭാകരന്‍, സി. അരവിന്ദാക്ഷന്‍, എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ സതീഷ്‌കുമാര്‍, റേഞ്ച് ഇന്‍സ്‌പെക്ടര്‍ സജീവ്കുമാര്‍ എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.