കേരളത്തിനുള്ള റബ്ബര്‍ സബ്‌സിഡി തുടരുമെന്ന് കേന്ദ്രം

Tuesday 16 June 2015 10:00 pm IST

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ റബ്ബര്‍ സബ്‌സിഡി പദ്ധതിയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയെന്നത് ഇല്ലാത്ത വാര്‍ത്തയാണെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരമ്പരാഗത മേഖല, പാരമ്പര്യേതര-വടക്കുകിഴക്കന്‍ മേഖല എന്നിങ്ങനെ രണ്ട് വിഭാഗമായി കണക്കാക്കിയാണ് സബ്‌സിഡി നല്‍കിക്കൊണ്ടിരുന്നതെന്നും ആദ്യഘട്ടത്തില്‍ പാരമ്പര്യേതര മേഖലയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു എന്നു മാത്രമേ ഉള്ളുവെന്നും മന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റുാമയും പിന്നീട് സംസ്ഥാന ധനമന്ത്രി കെ.എം. മാണിയുമായും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. റബ്ബര്‍ സബ്‌സിഡി സ്‌കീമില്‍ നിന്നും കേരളത്തെ ഒഴിവാക്കിയിട്ടില്ല. പരമ്പരാഗത മേഖലയ്ക്ക് പുതുകൃഷി, ആവര്‍ത്തനക്കൃഷി എന്നിവയ്ക്കായി 496.44 കോടി രൂപയും പാരമ്പര്യേതര-വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 230.55 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. കേരളത്തിലെ റബ്ബര്‍ കൃഷി പാരമ്പര്യ മേഖലയിലുളളതാണ്. ഇതില്‍ ആരുടേയും തുക വെട്ടിക്കുറച്ചിട്ടില്ല. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി പ്രകാരം അനുവദിച്ച തുക തന്നെ എല്ലാവര്‍ക്കും ലഭിക്കും. 2012-13 വര്‍ഷത്തില്‍ 159.57 കോടി രൂപയും 2013-14 വര്‍ഷത്തില്‍ 175.64 കോടിരൂപയും 2014-15 വര്‍ഷത്തില്‍ 191.79 കോടി രൂപയും അനുവദിച്ചപ്പോള്‍ 2015-16 വര്‍ഷത്തില്‍ അനുവദിച്ചിരിക്കുന്നത് 203.14 കോടിരൂപയാണ്, മന്ത്രി പറഞ്ഞു.റബ്ബര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തിന് റബ്ബര്‍ കൃഷിയില്‍ നല്‍കുന്ന പ്രോത്സാഹനം തുടരും. കേരളാ സര്‍ക്കാരാണ് റബ്ബര്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത്, കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു. കെ എം മാണിയെ അടുത്തിരുത്തി കേന്ദ്രമന്ത്രി കള്ളം പൊളിച്ചു ന്യൂദല്‍ഹി: റബ്ബര്‍ സബ്‌സിഡിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കള്ളപ്രചാരണം ധനമന്ത്രി കെ.എം. മാണിയെ അടുത്തിരുത്തി കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പൊളിച്ചു. സബ്‌സിഡി പദ്ധതിയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയെന്ന തുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട് കെ.എം. മാണി പ്രചരിപ്പിച്ച മുഴുവന്‍ കാര്യങ്ങളും തെറ്റാണെന്ന് കേന്ദ്രമന്ത്രി എണ്ണിയെണ്ണി തെളിയിച്ചു. ഇന്നലെ വൈകിട്ട് നാലു മണിക്ക് കേന്ദ്ര വാണിജ്യമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി കെ.എം മാണി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് പ്രവേശിപ്പിക്കുകയും മാണിക്കൊപ്പം നിര്‍മ്മലാ സീതാരാമന്‍ മാധ്യമങ്ങളെ കാണുകയായിരുന്നു. റബ്ബര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് പ്രത്യേക താല്പര്യമെടുക്കേണ്ടതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. കെ. എം. മാണി സബ്‌സിഡിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച എല്ലാ വാദങ്ങളും നിര്‍മ്മലാ സീതാരാമന്‍ ഖണ്ഡിച്ചു. ഇതോടെ വാണിജ്യമന്ത്രാലയത്തിന് പുറത്ത് കെ.എം. മാണിക്ക് വീണ്ടും പത്രസമ്മേളനം നടത്തേണ്ടിവന്നു. റബ്ബര്‍ സംഭരണത്തിന് സംസ്ഥാനത്ത് കാലതാമസം വന്നിട്ടില്ലെന്നും സ്‌കീമുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകേണ്ടതു കൊണ്ടാണ് മൂന്നു മാസത്തെ സമയം ഇക്കാര്യത്തില്‍ വേണ്ടിവന്നതെന്നും കെ.എം. മാണി വിശദീകരിച്ചു. കേരളത്തിലെ റബ്ബര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന പ്രൈസ് സപ്പോര്‍ട്ട് സബ്‌സിഡി സ്‌കീമിനായി കേന്ദ്ര സര്‍ക്കാര്‍ വിലസ്ഥിരതാ ഫണ്ടില്‍ നിന്നും 500 കോടി രൂപ നല്‍കി സഹായിക്കണമെന്നും മാണി അഭ്യര്‍ത്ഥിച്ചു. കള്ളപ്രചാരണം പൊളിഞ്ഞു:വി. മുരളീധരന്‍ ന്യൂദല്‍ഹി: റബ്ബര്‍ സബ്‌സിഡി പദ്ധതിയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയെന്ന കള്ളപ്രചാരണം കേന്ദ്ര വാണിജ്യ മന്ത്രിയുടെ വിശദീകരണത്തോടെ പൊളിഞ്ഞതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. റബര്‍ സബ്‌സിഡി പദ്ധതിയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാണിജ്യമന്ത്രാലയത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ അടങ്കല്‍ തുകയുമായി കേന്ദ്രസര്‍ക്കാര്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയാണ്. കഴിഞ്ഞ  രണ്ടുവര്‍ഷമായി ആര്‍ക്കും സബ്‌സിഡി നല്‍കാതിരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്ക് മുടങ്ങിക്കിടന്ന സബ്‌സിഡി നല്‍കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. 2012-17 വര്‍ഷത്തേക്കായി പരമ്പരാഗത മേഖലയ്ക്ക് 496.44 കോടി രൂപയും പാരമ്പര്യേതര-വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 230.55 കോടി രൂപയുമാണ് റബര്‍കൃഷി വികസന പദ്ധതി(ആര്‍പിഡി)ക്കായി വകയിരുത്തിയിരിക്കുന്നത്. വസ്തുത ഇതായിരിക്കെയാണ് കേരളത്തെ ഒഴിവാക്കിയെന്ന് പ്രചാരണം നടന്നത്, വി. മുരളീധരന്‍ പറഞ്ഞു. പദ്ധതിക്കനുവദിച്ച തുകയില്‍ ആദ്യമൂന്നുമാസത്തെ ബജറ്റ് വിഹിതം എത്തിയതോടെ താരതമ്യേന കുറച്ചുമാത്രം അപേക്ഷകരുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പാരമ്പര്യേതര മേഖലയിലേയും കര്‍ഷകരില്‍ നിന്നും അപേക്ഷ സ്വീകരിച്ചു. ബജറ്റ് വിഹിതം അനുവദിക്കുന്ന മുറയ്ക്ക് മറ്റു മേഖലകളില്‍ നിന്നുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ സ്വീകരിക്കുമെന്നും അപേക്ഷിക്കാനുള്ള അവസാന തീയതി 2016 മാര്‍ച്ച് 31 ആണെന്നും മന്ത്രി അറിയിച്ചതായി വി. മുരളീധരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.