എട്ട് പീരിയഡ്: തീരുമാനം വൈകാതെ ഉണ്ടാകും

Tuesday 16 June 2015 9:31 pm IST

തൃശൂര്‍: സംസ്ഥാനത്ത് ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകള്‍ക്കായുള്ള പീരിയഡിന്റെ എണ്ണം ഏഴില്‍ നിന്ന് എട്ടാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കും. സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങ്(എസ്‌സിഇആര്‍ടി) ആണ് പുതുക്കിയ ടൈംടേബിള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കുമെന്നറിയുന്നു. നിലവിലുള്ള പീരിയഡുകള്‍ കഴിഞ്ഞാല്‍ത്തന്നെ കുട്ടികള്‍ക്ക് നിരവധി ഹോംവര്‍ക്കുകളാണ് ചെയ്യാനുള്ളത്. അതിനിടയിലാണ് പീരിയഡുകളുടെ എണ്ണം ഏഴില്‍ നിന്ന് എട്ടാക്കിക്കൊണ്ട് കുട്ടികളെ അധികച്ചുമട് എടുപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം. വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ പത്ത് മുതല്‍ നാല് വരെ തന്നെയാണ് ക്ലാസ്സുകളെങ്കിലും അവസാനത്തെ രണ്ട് പീരിയഡുകള്‍ അര മണിക്കൂര്‍ വീതമാക്കിയുള്ള പരിഷ്‌ക്കാരമാണ് നടപ്പിലാക്കാന്‍ പോകുന്നത്. ഇത്തരത്തില്‍ പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. കുട്ടികള്‍ക്ക് അമിതഭാരമുണ്ടാക്കുന്ന അനേകം കാര്യങ്ങള്‍ ചെയ്യാനുള്ളപ്പോള്‍ത്തന്നെ ഇത്തരം തീരുമാനങ്ങള്‍ അവരുടെ ഭാവിയെത്തന്നെ തകര്‍ക്കുന്ന രീതിലാണെന്നും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ ചുമത്തുന്ന അധിക ബാദ്ധ്യതക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. പീരിയഡ് റീ അലോട്ട്‌മെന്റ് നടക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ വട്ടം കറങ്ങുമെന്നതാണ് സ്ഥിതി. അവസാന രണ്ട് പിരിയഡുകള്‍ അര മണിക്കൂറില്‍ തീര്‍ക്കുമെന്ന തീരുമാനം യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ക്ക് ഉപകാരപ്പെടാതെ പോകുമെന്ന് ഒരുവിഭാഗം പറയുന്നു. അദ്ധ്യാപകന്‍ ക്ലാസ്സില്‍ വന്ന് കുട്ടികളുമായി സംസാരിച്ച് വിഷയത്തിലേക്ക് കടക്കുമ്പോഴേയ്ക്ക് പീരിയഡ് അവസാനിപ്പിക്കേണ്ടി വരുമെന്നും അദ്ധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ അദ്ധ്യയനവര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച സിലബസ് നടപ്പാക്കുന്ന സ്‌കൂളുകളില്‍ പുതിയ ടൈംടേബിള്‍ പ്രകാരമാണ് ക്ലാസ്സുകള്‍ നടക്കേണ്ടതെന്ന എസ്‌സിഇആര്‍ടി നിലപാട് ഫലത്തില്‍ കുട്ടികള്‍ക്ക് കൂനിന്‍മേല്‍ കുരുവാകും. ഇതിന് പുറമെ എല്‍പി, യുപി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങള്‍ ഇനിയും സ്‌കൂളുകളില്‍ എത്തിക്കാന്‍ കഴിയാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. മുമ്പ് തുച്ഛമായ തുക നല്‍കി പ്രിന്റ് ചെയ്തിരുന്ന പുസ്തകങ്ങള്‍ ഇന്ന് സ്വകാര്യ പ്രസ്സുകള്‍ക്ക് ഇരട്ടി വിലയ്ക്കാണ് പ്രിന്റിങിന് നല്‍കിയിരിക്കുന്നത്. ഒമ്പതര രൂപ മുതല്‍ പതിനേഴര രൂപ വരെയാണ് സ്വകാര്യ പ്രസ്സുകള്‍ ഒരു പുസ്തകത്തിന് ഈടാക്കുന്നത്. ഇത്തരത്തില്‍ അധിക സാമ്പത്തിക ബാദ്ധ്യത വരുത്തുകയാണ് സര്‍ക്കാര്‍. പ്രിന്റിങ് കഴിഞ്ഞ പുസ്തകങ്ങള്‍ പോലും കൃത്യമായി സ്‌കൂളുകളില്‍ എത്താത്തതിനാല്‍ കുട്ടികളും അദ്ധ്യാപകരും അങ്കലാപ്പിലാണ്. ഓണപ്പരീക്ഷയ്ക്ക് ഒരു മാസം മാത്രം മുന്നിലുള്ളപ്പോള്‍ എങ്ങനെ പരീക്ഷയെ നേരിടുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. അമ്പത് ശതമാനത്തിലധികം സ്‌കൂളുകളിലും പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള നിരവധി ഒഴിവുകള്‍ നികത്താതെ കിടക്കുമ്പോഴും കുട്ടികളുടെ ഭാവി കൊണ്ട് പന്താടുന്ന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ വ്യാപകമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.