എസ്എസ്എല്‍സി പരീക്ഷാഫലം: ഇമേജുണ്ടാക്കാന്‍ ഫലം നേരത്തെയാക്കി; മാര്‍ക്ക് ലിസ്റ്റ് കിട്ടാതെ കുട്ടികള്‍ നട്ടംതിരിയുന്നു

Tuesday 16 June 2015 9:36 pm IST

തൃശൂര്‍: സംസ്ഥാനത്ത് എസ്എസ്എല്‍സി മാര്‍ക്ക്‌ലിസ്റ്റ് വിതരണം അനന്തമായി നീളുന്നു. ഏറെ കൊട്ടിഘോഷിച്ച് നേരത്തെ പ്രഖ്യാപിച്ച എസ്എസ്എല്‍സി ഫലം പുറത്ത് വന്ന് ഒന്നര മാസം കഴിഞ്ഞിട്ടും കുട്ടികള്‍ക്ക് മാര്‍ക്ക് ലിസ്റ്റ് വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാര്‍ക്ക്‌ലിസ്റ്റ് വിതരണം നീളുന്നതിനാല്‍ പ്ലസ് വണ്‍ പ്രവേശനവും അനന്തമായി നീളുകയാണ്. പ്രവേശനം വൈകുന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നിലവില്‍ പ്ലസ് വണ്‍ പ്രവേശനം ആരംഭിക്കേണ്ട സമയമായിട്ടും എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ് വിതരണം സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് കൃത്യമായ വിശദീകരണം പോലും ആര്‍ക്കും ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പും മൗനം ഭജിക്കുകയാണ്. മാര്‍ക്ക് ലിസ്റ്റ് വിതരണം ഉടന്‍ പൂര്‍ത്തിയായാല്‍ മാത്രമാണ് അടുത്ത ആഴ്ച്ചയോടെയെങ്കിലും പ്ലസ് വണ്‍ പ്രവേശനം ആരംഭിക്കുവാന്‍ കഴിയുക. എന്നാല്‍ത്തന്നെ ചുരുങ്ങിയ സമയം കൊണ്ട് പാദവാര്‍ഷിക പരീഷയ്ക്ക് തയ്യാറെടുക്കേണ്ട അവസ്ഥയിലാണ് കുട്ടികള്‍. ചുമലിലാകുന്നതോ ഇരട്ടിഭാരവും. സാധാരണ പ്രഖ്യാപിക്കാറുള്ള തിയ്യതിക്ക് വളരെ മുമ്പ് തന്നെ എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടത്തുകയും അത് കൊട്ടിഘോഷിക്കുകയും ചെയ്ത സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും പക്ഷേ കുട്ടികള്‍ക്ക് കൃത്യസമയത്ത് മാര്‍ക്ക് ലിസ്റ്റുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെന്നത് ഫലത്തില്‍ നാണക്കേടായി. കുട്ടികളുടെ ഭാവി സംബന്ധിച്ച് രക്ഷിതാക്കളും അദ്ധ്യാപകരും ആശങ്കയിലാണ്. കഌസ്സുകള്‍ തുടങ്ങാന്‍ വൈകുന്തോറും കുട്ടികള്‍ പാഠങ്ങള്‍ പെട്ടെന്ന് പഠിക്കേണ്ട സ്ഥിതിയാണുണ്ടാകുകയെന്ന് അദ്ധ്യാപകരും ചൂണ്ടിക്കാണിക്കുന്നു. പ്രവേശനം വൈകിയാലും പാദവാര്‍ഷിക പരീക്ഷകള്‍ കൃത്യസമയത്ത് തന്നെ നടപ്പിലാക്കി കുട്ടികളെ ശ്വാസംമുട്ടിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനത്തില്‍ അത്ര ആവേശം കാണിക്കാത്തതാണ് പലരെയും ചൊടിപ്പിക്കുന്നത്. സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാനാഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും നല്‍കിയിട്ടില്ല. ഈയാഴ്ച്ചയെങ്കിലും മാര്‍ക്ക് ലിസ്റ്റ് ലഭിച്ചാല്‍ ഉടന്‍ പ്ലസ് വണ്‍ പ്രവേശനം സാദ്ധ്യമാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.