ഊരുകളുടെ ദു:ഖം

Tuesday 16 June 2015 11:19 pm IST

ഞാന്‍ കേരളത്തില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ കാലംമുതല്‍ കേള്‍ക്കുന്ന വാര്‍ത്തകളാണ് കേരളത്തിലെ വനവാസികളുടെ പോഷകാഹാരക്കുറവും ശിശുമരണവും രോഗാതുരതയും മറ്റും. മാധ്യമങ്ങള്‍ ഇത് യഥാവിധി റിപ്പോര്‍ട്ട് ചെയ്തിട്ടും കാലാകാലങ്ങളില്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ ചിന്തിച്ചത് എങ്ങനെ ഭരണം നിലനിര്‍ത്താമെന്നും ഭരണത്തിലിരിക്കെ എത്ര കോടികള്‍ അഴിമതിയിലൂടെ സമ്പാദിക്കാമെന്നുമാണ്. ഇപ്പോള്‍ ഭരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിടുന്ന വിവാദങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. വനവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി കേന്ദ്രസര്‍ക്കാരുകള്‍ കോടികളുടെ ഫണ്ട് നീക്കി വയ്ക്കുമ്പോഴും അത് ഇടനിലക്കാര്‍ തട്ടിയെടുക്കുകയും ''കോരന് കുമ്പിളില്‍തന്നെ കഞ്ഞി'' എന്ന സ്ഥിതിവിശേഷം നിലനില്‍ക്കുകയും ചെയ്യുന്നു. ഈ ആഴ്ചയിലും ഒരു വനവാസി കുഞ്ഞ് പോഷകാഹാരക്കുറവുമൂലം മരണമടഞ്ഞിരിക്കുന്നു. വയനാട് ജില്ലയിലെ വനവാസി കോളനികളില്‍ എത്തുന്ന 'നാട്ടുകാര്‍' അവരുടെ സ്ത്രീകളെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികചൂഷണം ചെയ്തശേഷം ഉപേക്ഷിക്കുന്നു. പിതൃത്വം നിഷേധിക്കപ്പെട്ട അനവധി കുട്ടികള്‍ വനവാസി മേഖലയിലുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ധനസഹായവുമായി എത്തുന്നവരും ലൈംഗിക ചൂഷണത്തിന് മുതിരുന്നു. അവിവാഹിതരായ അമ്മമാരുടെ എണ്ണം ഇവിടങ്ങളില്‍ വര്‍ധിച്ചുവരുന്നു. നാട്ടുകാരുടെ ഇടപെടല്‍മൂലമാണ് വനവാസികള്‍ മദ്യപാനികളായത്.വനവാസികളുടെ അജ്ഞതയും ദാരിദ്ര്യവും ചൂഷണം ചെയ്താണ് അവര്‍ക്ക് മദ്യംനല്‍കി ലൈംഗികചൂഷണം നടത്തുന്നത്. മറ്റൊരു വസ്തുത വനവാസി കോളനികള്‍ക്ക് സമീപം നടന്നുവരുന്ന വ്യാജവാറ്റാണ്.വനവാസികളെ സമീപിക്കുന്ന നാട്ടുകാര്‍ വനവാസികളുടെ അജ്ഞത മുതലെടുത്ത് വനവാസികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന  വളരെയധികം സ്ഥലം തട്ടിയെടുക്കുകയും ചെയ്തു. ഇന്ന് സ്ത്രീകളുള്‍പ്പെടെ വനവാസികളില്‍ ഒരുവിഭാഗം മദ്യത്തിനടിമകളാണ്. വനവാസികള്‍ മുന്‍കാലങ്ങളില്‍ ജീവിച്ചിരുന്നത് വനവിഭവങ്ങള്‍ ശേഖരിച്ചാണ്.എന്നാല്‍ ഇന്ന് സര്‍ക്കാര്‍ പാസ്സാക്കിയ വനസംരക്ഷണ നിയമം വനവാസികളെ വനവിഭവങ്ങള്‍  ശേഖരിക്കുന്നതില്‍നിന്നും മൃഗവേട്ട നടത്തുന്നതില്‍നിന്നും വിലക്കുകയാണ്. ആരോഗ്യവകുപ്പിന്റെ മദ്യമുക്തി പദ്ധതി മറ്റു പല വനവാസി പദ്ധതികളുംപോലെ കടലാസില്‍ ഒതുങ്ങുന്നു. ഇന്ന് മദ്യം വാങ്ങി വില്‍പ്പന നടത്തുന്നവര്‍ കോളനികളില്‍തന്നെയുണ്ട്. ഇവരുടെ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ്. വിജയലക്ഷ്മി അമ്പലവയല്‍ എന്ന യുവതി എഴുതുന്നത് വയനാട് അവിവാഹിത അമ്മമാരുടെ നാടായിമാറുന്നുവെന്നാണ്. യുവതികള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നുമുണ്ട്. ഇന്ന് മെട്രോസിറ്റികളില്‍ സ്ത്രീകളും മദ്യപിക്കുകയും ചില സ്ത്രീ അവതാരകര്‍ ബാറില്‍ കയറി മദ്യം കഴിക്കുകയും ചെയ്യുന്നു. ഇത് അനുകരിച്ച് ചില കോളേജ് വിദ്യാര്‍ത്ഥിനികളും ബാറില്‍ കയറുന്നുണ്ടത്രേ. വനവാസിസ്ത്രീകളും കുട്ടികളും മദ്യശാലകളില്‍ നേരിട്ടെത്തി മദ്യംവാങ്ങി കഴിക്കുന്നുണ്ട്. പോലീസ് സാന്നിധ്യം ഉണ്ടെങ്കിലും അത് മദ്യപാനത്തിനോ അവിഹിതവേഴ്ചകള്‍ക്കോ തടസ്സമാകുന്നില്ല. മദ്യപാനശീലംകൊണ്ടായിരിക്കണം വനവാസി കോളനികളില്‍ ഹൈപ്പറ്റൈറ്റിസും പടര്‍ന്നുപിടിക്കുന്നു. വനവാസികളില്‍നിന്ന് തട്ടിയെടുത്ത ഭൂമി തിരികെ ലഭ്യമാക്കാന്‍ ഡോ. നല്ലതമ്പി തേര ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാരിന്റെ നിസ്സംഗത ആദിവാസികളെ ദുരിതക്കയത്തില്‍നിന്നും കരകയറ്റിയില്ല. അതുപോലെ വനവാസികുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി കോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും കുട്ടികള്‍ വിദ്യാഭ്യാസം തുടരുന്നില്ല. പ്രാഥമിക വിദ്യാഭ്യാസംപോലും ഇവിടുത്തെ കുട്ടികള്‍ക്കില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി സ്ഥാപിച്ച ഏകാധ്യാപിക വിദ്യാഭ്യാസ സമ്പ്രദായം ഉപേക്ഷിച്ചത് ഫണ്ടില്ലെന്ന് പറഞ്ഞാണ്! സ്‌കൂള്‍ പ്രവേശനോത്‌സവത്തിന് കോടികള്‍ ധൂര്‍ത്തടിക്കാം.പക്ഷെ നിരാലബരായ വനവാസികുട്ടികളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. സര്‍ക്കാര്‍ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥയും അവര്‍ക്ക് ഉപയോഗപ്രദമായ വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാത്തതും വനവാസികുട്ടികളെ സ്‌കൂളില്‍നിന്നും പിന്തിരിപ്പിക്കുന്നു. വനവാസികുട്ടികള്‍ക്ക് ജോലികൊടുക്കാമെന്ന് വാഗ്ദാനംചെയ്ത് ഇവരെ നഗരങ്ങളിലെ വീടുകളില്‍ എത്തിക്കുന്നുണ്ട്. പലപ്പോഴും ഇവര്‍ പീഡനത്തിനും ലൈംഗികചൂഷണത്തിനും ഇരകളാകുന്നു. വനവാസി നേതാവ് സി.കെ. ജാനു വനവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരംചെയ്തത് ചരിത്രമാണല്ലോ. നിയമസഭക്കുമുമ്പില്‍ അവര്‍ നിരാഹാരസത്യഗ്രഹംവരെ ഇരുന്നു. അയ്യങ്കാളിപട കളക്ടറേറ്റ് ആക്രമിച്ച് കളക്ടറെ ബന്ദിയാക്കുകയും ചെയ്തിരുന്നു. ജാനു അറസ്റ്റിലായപ്പോള്‍ ഞാന്‍ അവരെ സന്ദര്‍ശിക്കുകയുണ്ടായി. ഇന്ന് വനവാസിസമൂഹത്തില്‍ പട്ടിണിമരണങ്ങള്‍ വര്‍ധിക്കുകയാണ്. അവരില്‍നിന്നും തട്ടിയെടുത്ത ഭൂമിയില്‍ രണ്ട് ഹെക്ടര്‍ വീതം തിരിച്ചുനല്‍കുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ പാസാക്കിയ നിയമവും കടലാസിലൊതുങ്ങി; മൂലമ്പിള്ളിയുടെ പുനരാവര്‍ത്തനം. ചെങ്ങറയിലെ വനവാസി സമരവും ചരിത്രത്തിന്റെ ഭാഗമാണ്. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ സന്ധിസംഭാഷണങ്ങളില്‍ ഭൂമിനല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും കൊടുത്ത ഭൂമി പാറയും വന്യമൃഗസങ്കേതവും മറ്റുമായതിനാല്‍ ഉപകാരപ്രദമാകാതെ അവര്‍ തിരിച്ചുവന്നു. വനവാസികളില്‍ പലതരം ഗോത്രങ്ങളുണ്ട്. ചോള നായ്ക്കര്‍, ആളര്‍, അടിയാര്‍, പണിയര്‍ മുതലായവ. പണിയരുടെ ജീവിതം ഞാന്‍ ഗൂഡല്ലൂരില്‍ നേരില്‍കണ്ടിട്ടുണ്ട്. അവരെ കഠിനാധ്വാനം ചെയ്യിപ്പിച്ച് ഭൂസ്വാമിമാര്‍ പണംകൊയ്യുമ്പോഴും അവര്‍ പ്രാഥമികസൗകര്യങ്ങളില്ലാതെ,ചോളവുംമറ്റും തിന്ന്,ചോലയിലെ വെള്ളംകുടിച്ച് ജീവിക്കുന്നു.വനവാസികളും മനുഷ്യരാണെന്നുള്ള അവബോധം മാറിമാറിവരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കില്ല.വനവാസികള്‍ വടക്കേയിന്ത്യയിലും ധാരാളമുണ്ട്-ഇതേ ശോചനീയാവസ്ഥയില്‍ കഴിയുന്നവര്‍. നാട്ടില്‍നിന്നും കൃഷിചെയ്യാനെത്തുന്ന ഭൂസ്വാമിമാരാണ്  ചെറിയ തുകനല്‍കി പ്രലോഭിപ്പിച്ച് വിവാഹവാഗ്ദാനം നല്‍കിയും മറ്റും വനവാസിസ്ത്രീകളുമായി ലൈംഗികബന്ധം സ്ഥാപിക്കുന്നത്. വിവാഹ വാഗ്ദാനം പാലിക്കപ്പെടാത്തതാണ് അവിവാഹിതരായ അമ്മമാര്‍ വര്‍ധിക്കാന്‍ കാരണം. കൊക്കകോള ഫാക്ടറി പാലക്കാട് സ്ഥാപിച്ചപ്പോള്‍ അവര്‍ വന്‍തോതില്‍ ജലചൂഷണം നടത്തുകയും പരിസരമലിനീകരണം സൃഷ്ടിക്കുകയും ചെയ്തല്ലോ. കൊക്കകോളക്കെതിരെ ഉയര്‍ന്ന പ്രക്ഷോഭം ഫാക്ടറി അടച്ചുപൂട്ടലില്‍ അവസാനിച്ചു. വനവാസികളുടെ ഇടയില്‍ അരിവാള്‍ രോഗം (സിക്കിള്‍സെല്‍ അനീമിയ) വ്യാപകമായി പടര്‍ന്നിരുന്നു. ഇപ്പോള്‍ കുരങ്ങുപനിയാണ്. കുരങ്ങിന്റെ ദേഹത്തെ ചെള്ളാണ് പനി പടര്‍ത്തുന്നതത്രെ. ഇതിനെയും കേരളത്തിലെ ആരോഗ്യവകുപ്പ് നിസ്സംഗതയോടെ  കാണുകയാണ്. കുരങ്ങുപനിമൂലം നിരവധിപേര്‍  മരണമടഞ്ഞു. അതിലേറെപ്പേര്‍ ഭയാനകമായ സാഹചര്യത്തില്‍ കഴിയുകയാണ്. എന്നിട്ടും സര്‍ക്കാര്‍ പൂര്‍ണ നിസ്സംഗതയാണ് പാലിക്കുന്നത്. മണിപ്പാലിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് ലാബിലാണ് കുരങ്ങുപനിയുമായി ബന്ധപ്പെട്ട രക്തപരിശോധന നടത്തുന്നത്. പക്ഷെ വനവാസികള്‍ ജീവിക്കാന്‍ അര്‍ഹരല്ലല്ലോ.കുരങ്ങുപനിയുമായി ബന്ധപ്പെട്ട രക്തപരിശോധനാഫലം ലഭിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുന്നു. ജില്ലയില്‍ കുരങ്ങുപനി നിര്‍ണയ ലാബ് തുടങ്ങണമെന്ന ആവശ്യംപോലും സര്‍ക്കാര്‍ തിരസ്‌ക്കരിച്ചിരിക്കുകയാണ്. വനവാസികള്‍ മനുഷ്യരാണെന്നും അവര്‍ക്കും മറ്റുള്ളവരെപ്പോലെ മാന്യമായ ജീവിതത്തിന് അര്‍ഹതയുണ്ടെന്നും ഭരണകൂടങ്ങള്‍ പലപ്പോഴും കരുതുന്നില്ല. സ്വരക്ഷക്ക് എന്തുചെയ്യണമെന്നറിയാത്തവരാണ് ഇവര്‍ എന്നുപോലും മനുഷ്യത്വം നഷ്ടപ്പെട്ട യുഡിഎഫ് സര്‍ക്കാര്‍ തിരിച്ചറിയുന്നില്ല. നാടുനീളെ നടന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളുടെ പരാതികള്‍ സ്വീകരിച്ചെങ്കിലും ഒന്നിനും നടപടിയുണ്ടായില്ല എന്നത് പൊതുഅറിവാണ്. ഈ കേരളയാത്രയിലൊന്നും ഉമ്മന്‍ചാണ്ടി വനവാസി സമൂഹത്തിന്റെ കുടിലുകള്‍ സന്ദര്‍ശിച്ചതായി വാര്‍ത്ത കണ്ടില്ല. വനവാസികള്‍ക്കും അവരുടേതായ മന്ത്രിയുണ്ട്. ഏക വനിതാ കാബിനറ്റ് മന്ത്രി.വനവാസി ഊരുകള്‍ മന്ത്രിമാര്‍ കണ്ടത് ജയലക്ഷ്മിയുടെ വിവാഹത്തിന് പോയപ്പോഴായിരിക്കണം. വനവാസി വിഭാഗത്തിന്റെ മന്ത്രിയാണെങ്കിലും വനവാസികളുടെ പ്രശ്‌നങ്ങളില്‍ മന്ത്രിയുടെ കാര്യമായ ഇടപെടലൊന്നും കാണുന്നില്ല. വനവാസികള്‍ എല്ലാവരോടും എല്ലാതലത്തിലും പരാജയപ്പെട്ടവരാണ്. വനവാസികളുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവിഷ്‌കരിക്കപ്പെടുന്ന അനേകകോടികളുടെ പദ്ധതികള്‍ ഗുണഭോക്താക്കളിലെത്തുന്നില്ല. വീടുകളും ഭക്ഷണപദാര്‍ത്ഥങ്ങളും തൊഴില്‍പദ്ധതിയും രൂപീകരിച്ചതുകൊണ്ടുമാത്രം വനവാസി ഉന്നമനം സാധ്യമാവില്ല. വനവാസിമന്ത്രിണി ഫലപ്രദമായി ഈ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതാണ്. ആദ്യം സര്‍ക്കാര്‍ തിരിച്ചറിയേണ്ടത് വനവാസികളും മനുഷ്യരാണെന്നും മനുഷ്യസഹജമായ വിശപ്പും ദാഹവും അവര്‍ക്കുമുണ്ടെന്നും ജീവിതസൗകര്യങ്ങള്‍ വേണമെന്നുമാണ്. സമ്പന്നസമൂഹത്തിന്റെ ക്ഷേമംമാത്രം പരിഗണിച്ചിട്ട് കാര്യമില്ല. അധഃകൃതവര്‍ഗത്തിന്റെ ജീവിതശൈലി മെച്ചപ്പെടുമ്പോള്‍ മാത്രമേ ഒരു സര്‍ക്കാര്‍ ജനസേവകരായി അറിയപ്പെടുകയുള്ളൂ. പക്ഷെ അതുകൊണ്ട് മന്ത്രിമാര്‍ക്ക് സാമ്പത്തിക മുതല്‍ക്കൂട്ട് ഉണ്ടാകുകയില്ല എന്നത് പരമാര്‍ത്ഥം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.