രാമപാദങ്ങളില്‍- 70

Wednesday 17 June 2015 12:05 am IST

ആ രാത്രി അവിടെ തങ്ങിയ തങ്ങള്‍ പിറ്റേന്ന് കാലത്ത് വിശ്വാമിത്രസമക്ഷം ചെന്ന് അങ്ങയുടെ സേവകരായ ഞങ്ങള്‍ അടുത്തതായി എന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ചു. ഞങ്ങളുടെ ചോദ്യത്തിന്നുത്തരമായി വിശ്വാമിത്രന്‍ പറഞ്ഞു. നിങ്ങള്‍ മിഥിലാധീശനായ ജനകനെപ്പറ്റി കേട്ടിട്ടില്ലേ? ആ ജനക മഹാരാജാവ് ഒരു മഹായജ്ഞം നടത്തുന്നുണ്ട്. അവിടെ വിശേഷപ്പെട്ട ഒരു വില്ലുണ്ട്. അത് കാണേണ്ടതാണ്. വിശ്വാമിത്രനോടൊപ്പം തങ്ങളും മറ്റ് അനേകം ഋഷിമാരും കൂടി അവിടേനിന്നും മിഥിലയിലേക്ക് പുറപ്പെട്ടു. അനേകം കാടുകളും മേടുകളും കടന്നായിരുന്നു യാത്ര. വിജ്ഞാന വര്‍ദ്ധനവിനും. മാര്‍ഗ്ഗ വിനോദത്തിനും പുരാതന ചരിത്ര കഥകള്‍ പ്രയോജനപ്പെടുമെന്നുകരുതി പൂര്‍വ ചരിതവേദിയായ വിശ്വാമിത്രന്‍ മഹിമയേറിയ ഓരോകഥകള്‍ പറയാന്‍ തുടങ്ങി നടന്ന് നടന്ന് അവര്‍ ഒരു പുഷ്പവനത്തിലെത്തി വിശ്വാമിത്രന്‍ കഥയും ആരംഭിച്ചു. പണ്ടൊരിക്കല്‍ ഒരു വിദ്യാധരനാരി വൈകുണ്ഡത്തില്‍ ചെന്ന് വീണാവാദനത്തോടെ മധുരമായി ഒരു വിഷ്ണുസ്തുതി പാടുകയും; പ്രസന്നനായ ഭഗവാന്‍ തന്റെ ശിരസ്സില്‍ ധരിച്ചിരുന്ന സുഗന്ധപുഷ്പമാല അവള്‍ക്ക് സമ്മാനിക്കുകയും ചെയ്തു. ആ മാലയും കൊണ്ട് വൈകുണ്ഠത്തില്‍ നിന്നും യാത്രതിരിച്ച് അവള്‍ വഴിക്കുകണ്ട ദുര്‍വ്വാസ്സാവിന് ആ മാല സമ്മാനിച്ചു. മാല ലഭിച്ച ദുര്‍വ്വാസ്സാവ് ഇത് ഇനി ആര്‍ക്കു കൈമാണമെന്നാലോചിച്ചു. ഒടുവില്‍ ഇന്ദ്രനെ സ്മരിക്കുകയും തന്റെ അരികില്‍ വന്നു ചേര്‍ന്ന ഇന്ദ്രന് മാല സമ്മാനിക്കുകയും ചെയ്തു. ദേവേന്ദ്രന്‍ മാല വാങ്ങി ഐരാവതം എന്ന തന്റെ ആനയുടെ മസ്തകതത്തില്‍ വച്ച് മുടി ഒതുക്കി കെട്ടുവാന്‍ തുടങ്ങി. പരിമള ബഹുളതനിമിത്തം വണ്ടുകള്‍ വന്നു ആനയുടെ മസ്തകത്തെ പൊതിഞ്ഞു അസഹ്യത സഹിക്കവയ്യാതെ ആന തുമ്പികൈകൊണ്ട് മാല വലിച്ചെടുത്തു കാല്‍കീഴിലിട്ടു ചവിട്ടിയരച്ചു. ഇതുകണ്ട ക്ഷിപ്രകോപിയായ ദുര്‍വ്വാസാവ് ദേവലോകത്തെ സമ്പത്ത് മുഴുവന്‍ പാലാഴിയില്‍ വീണ് താണുപോവട്ടെ എന്നും ദേവഗണത്തിന് ജരാനരകള്‍ ബാധിക്കട്ടെയെന്നും ശപിച്ചു. ഇതറിഞ്ഞ് ഭയചകിതനായ ഇന്ദ്രന്റെ വിനീതമായ അഭ്യര്‍ത്ഥന മാനിച്ച് പാലാഴി കടഞ്ഞാല്‍ വിശിഷ്ടവസ്തുക്കള്‍ വീണ്ടുകിട്ടുമെന്നും പാലമൃത് കഴിച്ചാല്‍ ജരാനരകള്‍ മാറുമെന്നും അനുഗ്രഹിച്ചു. ഇതനുസരിച്ച് ത്രിമൂര്‍ത്തികളും, ദേവന്മാരും, അസുരന്മാരും ചേര്‍ന്ന് പാലാഴി മഥനം നടത്തി. മഥനാരംഭത്തില്‍ അതിന് മന്ഥമായുപയോഗിച്ച മന്ദര മഹാഗിരി താണുപോവുകയും വിഷ്ണു കൂര്‍മ്മവതാരമെടുത്ത് അതിനെ ഉയര്‍ത്തുകയും ചെയ്തു. മഥനത്തിന്റെ ഫലമായി പഴയതും പുതിയതുമായ പലതും പ്രത്യക്ഷപ്പെട്ടു. അവയെ ദേവന്മാരും, അസുരന്മാരും, ത്രിമൂര്‍ത്തികളും യഥായോഗ്യം അവരവരുടേതാക്കി തീര്‍ത്തു. മദ്യം അസുരന്മാര്‍ കൈവശപ്പെടുത്തി അവസാനം അമൃതും അസുരന്മാര്‍ കൈക്കലാക്കി കടന്നുകളഞ്ഞു. ചതി മനസ്സിലാക്കിയ മഹാവിഷ്ണു മോഹിനീ രൂപം ധരിച്ച് അസുരന്മാരില്‍ നിന്നും അമൃത് തട്ടികൊണ്ട് വന്ന് ദേവന്മാര്‍ക്കുകൊടുത്തു. അസുരന്മാര്‍ ആക്രമണോത്സുകരായി എത്തിയെങ്കിലും ബാലിയുടെ സഹായത്തോടെ ദൈത്യസംഘത്തെ തോല്പിക്കുകയും അവരില്‍ പലരേയും വധിക്കുകയും ചെയ്തു. ഹരിയുടെ മോഹിനീരൂപം കണ്ട് മയങ്ങിയ ഹരനില്‍ നിന്നും ശൈവ വെഷ്ണവശക്തികള്‍ ഒരുപോലെ സമ്മേളിച്ച് ഭൂതാധിപനായ ശാസ്താവ് ഈ പുഷ്പവനത്തിലാണവതരിച്ചത്. വംശവിച്ഛേദത്താല്‍ ദുഃഖിതയായ ദിതി തപസ്സുചെയ്തതും വീണാധാരിയായ വിദ്യാധരരമണി ഒടുവില്‍ വന്ന് സ്ഥിരതാമസമാക്കിയതും ഇവിടെയാണ്. ഇതിനടുത്ത് ശരവണം എന്ന ഒരു പുണ്യസ്ഥലമുണ്ട് വായുദേവനും ഗംഗാദേവിക്കും താങ്ങാന്‍ കഴിവില്ലായിരുന്ന ശിവരേതസ്സ് തങ്ങിനിന്ന് സുബ്രഹ്മണ്യന്‍ ജനിച്ചത് അവിടെയാണ് ഇങ്ങിനെ നടന്നും കഥകള്‍കേട്ടും ഒരു ദിവസം കൂടി കഴിഞ്ഞു. അടുത്ത ദിവസം വീണ്ടും നടന്ന് നടന്ന് ഗംഗാതീരത്തെത്തി. പരിപാവനയും ദേവിയുമായ ഗംഗാനദിയെകണ്ട് അത്ഭുതസ്തബ്ധരായ ഞങ്ങളോട് വിശാലവീക്ഷണനായ വിശ്വമിത്രന്‍ ഗംഗാവതാരകഥ വിവരിച്ചു. കുമാരന്മാരെ, നിങ്ങളുടെ വംശത്തിലെത്തന്നെ ഒരു രാജാവായിരുന്നു സഗരന്‍. അദ്ദേഹത്തിന് കേശിനി എന്ന പ്രഥമഭാര്യയില്‍ അസമജ്ഞന്‍ എന്ന ഒരു പുത്രനും മറ്റുഭാര്യമാരില്‍ വേറെ വേറെ പുത്രന്‍മാരും ജനിച്ചു. അസമജ്ഞന്റെ പുത്രനായിരുന്നു അംശുമാന്‍. സഗരന്‍ പത്‌നിമാരോടും പുത്രപൗത്രാദികളോടും കൂടി പ്രജാപാലനം നടത്തി വന്നു. അദ്ദേഹം പല അശ്വമേധയാഗങ്ങള്‍ നിര്‍വിഘ്‌നം നടത്തി. വീണ്ടും ഒരു യാഗം നടത്താന്‍ ആഗ്രഹിച്ചു. തന്റെ പ്രിയ പൗത്രനായ അംശുമാന്റെ നേതൃത്വത്തില്‍ മഹാസൈന്യസേമേതം യാഗാശ്വത്തെ അലങ്കരിച്ചുവിട്ടു. വിവരമറിഞ്ഞ് ഇന്ദ്രന്‍ യാഗാശ്വത്തെ മോഷ്ടിച്ച് പാതാളത്തില്‍ കൊണ്ടുപോയി അവിടെ തപസ്സുചെയ്തിരുന്ന കപിലമുനിയുടെ പിന്‍ഭാഗത്ത് കെട്ടിയിട്ടു. കുതിരയെകാണാതായവിവരമറിഞ്ഞ് സഗരന്‍ തന്റെ പുത്രന്മാരെ അഷ്ടദിക്കുകളിലും തിരയാനായി പറഞ്ഞുവിട്ടു. എങ്ങുംകാണാതെ അവസാനം ഭൂമികുഴിച്ച് പാതാളത്തിലെത്തി. അവിടെ സഗരപുത്രന്മാര്‍ യാഗാശ്വത്തെയും, അടുത്തുതന്നെ മൗനം പൂണ്ടിരിക്കുന്ന ഒരു താപസനേയും കണ്ടു. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്ന ഋഷിയെ സാഗരന്മാര്‍ പിടികൂടി. കോപിഷ്ഠനായ കപിലമഹര്‍ഷി കണ്ണുതുറന്നപ്പോള്‍ അവരെല്ലാം ഭസ്മമായിത്തീര്‍ന്നു. ആപത്തിനെക്കുറിച്ചറിഞ്ഞ സഗരന്‍ അംശുമാനെ പാതാളത്തിലേക്കയച്ചു. പിതാക്കന്മാരുടെ അവശിഷ്ടഭസ്മം കണ്ട് സന്തപ്തനായ രാജകുമാരന്റെ ക്ഷമാപണത്തില്‍ പ്രീതനായ കപിലന്‍ കുതിരയെ അഴിച്ചുകൊണ്ടു പൊയ്‌ക്കൊള്ളാന്‍ അനുവദിച്ചു. ഭസ്മമായിത്തീര്‍ന്ന പിതാക്കന്മാര്‍ക്ക് മുക്തി കിട്ടണമെങ്കില്‍ ഗംഗയെ കൊണ്ടുവന്ന് അവരുടെ ചിതാഭസ്മത്തില്‍കൂടി ഒഴുക്കണമെന്നും അറിയിച്ചു. അങ്ങിനെ കുതിരയെ കിട്ടിയനിമിത്തം, പുത്രനഷ്ടത്താല്‍ ദുഃഖിതനാണെങ്കിലും സഗരന്റെ യാഗം നിര്‍വിഘ്‌നം സമാപിച്ചു. സാഗരപുത്രന്മാര്‍ കുഴിച്ച ഭൂവിഭാഗങ്ങള്‍ ഭൂജലം നിറയുകയും അവ പിന്നീട് സാഗരം എന്ന പേരില്‍ അറിയപ്പെട്ടു. ... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.