സ്വാമി ചിന്മയാനന്ദന്റെ ജീവിത വഴിയില്‍ -23; അടിത്തറ പാകുന്നു

Sunday 19 July 2015 8:11 am IST

ആദ്യത്തെ ജ്ഞാനയജ്ഞം കഴിഞ്ഞു. സ്വാമി ചിന്മയാനന്ദന്‍ ഋഷികേശിലേക്കു തിരിച്ചുപോയി. അതിന്റെ വിവരങ്ങളത്രയും ശിവാനന്ദസ്വാമികളെ ധരിപ്പിക്കാന്‍. അദ്ദേഹത്തിന് ശിഷ്യനെ കുറിച്ചു വലിയ അഭിമാനം. പ്രയത്‌നം തുടരൂ. നിന്നെപ്പോലെ ഒരാളെയാണ് ഇന്ത്യ ഇന്ന് കാത്തിരിക്കുന്നത് അദ്ദേഹം സ്വാമിജിയെ ഹൃദയപൂര്‍വ്വം പ്രോത്സാഹിപ്പിച്ചു. ജ്ഞാനയജ്ഞങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. എങ്കിലേ അതുപ്രായോഗികമാകൂ. പൊതുജനങ്ങള്‍ക്കും അതായിരിക്കും സൗകര്യം. സ്വാമിജി അവിടെ നിന്നുപോയതിനുശേഷം അദ്ദേഹം മറ്റു ശിഷ്യന്മാരോടായി പറഞ്ഞു. ഇവിടെ ശിഷ്യന്മാരായി ധാരാളം പേരുണ്ട്. എന്നാല്‍ ചിന്മയനോളം ധൈര്യവും തന്റേടവുമുള്ളവരായി ഒരാള്‍പോലുമില്ല. അവിടെനിന്നും സ്വാമിജി പോയത് ഉത്തരകാശിയിലേക്കാണ്, തപോവന്‍ മഹാരാജാവിനെ സന്ദര്‍ശിക്കാന്‍, ഭാവിപരിപാടികള്‍ ചര്‍ച്ചചെയ്യാന്‍. മഹാരാജ് വളരെ കൗതുകത്തോടെ തന്റെ പ്രിയശിഷ്യന്റെ നേട്ടങ്ങളെക്കുറിച്ച് സവിസ്തരം ചോദിച്ചറിഞ്ഞു. പിതൃസഹജമായ ആനന്ദാഭിമാനങ്ങളും അനുഭവിച്ചു. അതില്‍ പിന്നീടെപ്പോഴും മഹാരാജ് ചിന്മയനെ കണ്ടത് കേവലം ശിഷ്യനായിട്ടല്ല. എല്ലാവിധത്തിലും യോഗ്യനായ ഒരു സുഹൃത്തായിട്ടായിരുന്നു. ഉത്തരകാശിയില്‍നിന്ന് സ്വാമിജി അച്ഛനെ കാണാനായി സ്വദേശത്തേക്കു തിരിച്ചു. ചെന്നിടത്തെല്ലാം അദ്ദേഹം യജ്ഞങ്ങള്‍ സംഘടിപ്പിക്കേണ്ടതിനെക്കുറിച്ചു സംസാരിച്ചു. ജനങ്ങളുടെ പലവിധ സംശയങ്ങള്‍ക്കു കൃത്യമായ മറുപടി പറഞ്ഞു. കേരളത്തില്‍നിന്നും സ്വാമിജി ചെന്നൈയിലെത്തി. അന്നത്തെ മദിരാശിനഗരം.ദക്ഷിണേന്ത്യയിലെ സംസ്‌കാരിക കേന്ദ്രം മാത്രമല്ല, യാഥാസ്ഥിതികരുടെ കേന്ദ്രം എന്ന സ്ഥിതിയിലും ചെന്നൈ പ്രസിദ്ധി നേടിയിരുന്നു. തന്റെ യജ്ഞവേദികളാക്കാന്‍ പറ്റിയ ക്ഷേത്രാങ്കണങ്ങള്‍ അദ്ദേഹം തെരഞ്ഞുപിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഏറെ ശ്രമിച്ചിട്ടും അത് സാധിച്ചില്ല. യാഥാസ്ഥിതികരായ ബ്രാഹ്മണ പുരോഹിതന്‍മാര്‍ സ്വാമിജിയുടെ ഈ സംരംഭത്തിന് എതിരായിരുന്നു. നിഗൂഢമായ വൈദികവിജ്ഞാനം, ഒരു സന്യാസി പരസ്യമായി ചര്‍ച്ചചെയ്യുക.......... അതും മ്ലേഛമായ ഇംഗ്ലീഷുഭാഷയില്‍. മദിരാശിയില്‍ യജ്ഞം നടത്താനുള്ള സ്വാമിജിയുടെ മോഹം തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കേണ്ടിവരുമെന്നുതന്നെ തോന്നി. പക്ഷേ ദൈവഹിതം......... ആര്‍ക്കാണത് മുന്‍കൂട്ടി നിര്‍ണയിക്കാനാവുക! ഒരു മുസല്‍മാനാണ് ആ അവസരത്തില്‍ സ്വാമിജിയുടെ രക്ഷക്കായി എത്തിയത്. തന്റെ വിശാലമായ പറമ്പും വീടും സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ക്കായി അദ്ദേഹം വിട്ടുകൊടുത്തു. കൂടെ ഒരു മുന്നറിയിപ്പും സൂക്ഷിക്കണം, പ്രേതബാധയുള്ള സ്ഥലമാണ്. അതിനെന്താ? നന്നായി സ്വാമിജി തുറന്നു ചിരിച്ചു. സന്തോഷമായി, ഇതുവരെ കാണാത്ത ഒന്നിനെ കാണാന്‍ അവസരം കിട്ടുമല്ലോ. .... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.