സിഎസ്ഡിഎസ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

Wednesday 17 June 2015 10:29 pm IST

ചങ്ങനാശ്ശേരി: ചേരമര്‍-സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് സി.എസ്.ഡി.എസ്് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ പെരുന്നയില്‍നിന്നും പോലീസ് സ്‌റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപം പോലീസ് തടഞ്ഞു. ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി കെ ശ്രീകുമാര്‍,സി.ഐ വി എ നിഷാദ്‌മോന്‍,വാകത്താനം സി.ഐ അനീഷ് വി കോര എന്നിവരുടെ നേതൃത്വത്തില്‍ കറുകച്ചാല്‍, വാകത്താനം, ചങ്ങനാശ്ശേരി,ചിങ്ങവനം, തൃക്കൊടിത്താനം പോലീസ് എസ്.എ മാര്‍, ഇരുന്നൂറോളം സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് മാര്‍ച്ച് തടഞ്ഞത്. ടിയര്‍ഗ്യാസ് ഉല്‍പ്പെടെയുള്ള എല്ലാ സന്നാഹങ്ങളും പോലീസ് ഒരുക്കിയിരുന്നു.തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തര്‍ പോലീസിനെതിരെ മുദ്രാവാക്യം മുഴക്കി . തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ഷാജിമോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജോസ് പനച്ചിക്കാട്, താലൂക്ക് സെക്രട്ടറി ജോളി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചതിന്് കണ്ടാലറിയാവുന്ന 150ഓളം പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസ്സെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ മുമ്പ് നടക്കാപ്പാടം ഇല്ലിമൂട് വര്‍ഗീസ്(91) സ്വന്തം പുരയിടത്തില്‍ മരിച്ചുകിടന്ന സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളായ ചിലരെ വിവരശേഖരണത്തിനും ചോദ്യം ചെയ്യലിനുമായി തൃക്കൊടിത്താനം പോലീസ് കസ്റ്റഡിയിലെടുക്കുകയും അക്കൂട്ടത്തില്‍ സി.എസ്.ഡി.എസ് പ്രവര്‍ത്തകനായ ജോസഫ് യോഹന്നാനും ഉള്‍പ്പെട്ടിരുന്നു.എന്നാല്‍ യോഹന്നാന്‍ ഒഴികെയുള്ളവരെ പോലീസ് അന്നുതന്നെ വിട്ടയക്കുകയും കൂടുതല്‍ ചോദ്യം ചെയ്യലിനായി ചങ്ങനാശ്ശേരി സി.ഐയുടെ മുമ്പില്‍ യോഹന്നാനെ ഹാജരാക്കി.സി.ഐ വിവരങ്ങള്‍ ചോദിച്ചതിനുശേഷം മടങ്ങുകയും തുടര്‍ന്ന് മദ്യപിച്ചെത്തിയ ഒരു സിവില്‍ പോലീസ് ഓഫീസര്‍് യോഹന്നാനെ മര്‍ദ്ദിച്ചുവെന്നാണ് സി.എസ്.ഡി.എസ് നേതാക്കള്‍ ആരോപിക്കുന്നത്. മര്‍ദ്ദിച്ച പോലീസുകാരനെ സസ്‌പെന്റ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.