ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നരേന്ദ്ര മോദി നയിക്കുമെന്ന് ബിജെപി

Wednesday 17 June 2015 10:59 pm IST

ന്യൂദല്‍ഹി: വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രചാരണം നയിക്കുമെന്ന് ബിജെപി. മോദിയുടെ വികസനനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാകും ബീഹാറില്‍ വോട്ടഭ്യര്‍ത്ഥിക്കുകയെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ലെന്നും ബീഹാര്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രിസഭാംഗമായ അനന്ത്കുമാര്‍ അറിയിച്ചു. വോട്ടെടുപ്പിന് മുമ്പായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കിയ അനന്ത്കുമാര്‍ മികച്ച കഴിവുകളുള്ള നിരവധി നേതാക്കള്‍ ബിജെപിക്ക് സംസ്ഥാനത്തുണ്ടെന്നും പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലാകും നേരിടുക. മോദിയാണ് ബിജെപിയുടെ മുഖം, അദ്ദേഹം പറഞ്ഞു. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന് ആര്‍ജെഡി-ജെഡിയു സഖ്യം നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ബിജെപി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രാംവിലാസ് പാസ്വാനായിരിക്കില്ലെന്ന് ലോക്ജനശക്തിപാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയും താന്‍ എന്‍ഡിഎയുടെ ഭാഗമായി ചേരുകയാണെന്നും എന്നാല്‍ മുഖ്യമന്ത്രി പദവിയിലേക്ക് ആഗ്രഹമില്ലെന്നും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.