അഗ്യൂറോ ഗോളില്‍ അര്‍ജന്റീന

Thursday 18 June 2015 12:30 am IST

സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീന കഷ്ടിച്ച് കടന്നുകൂടി. ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വെയെ 1-0നാണ് മെസ്സിയും കൂട്ടരും പരാജയപ്പെടുത്തിയത്. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലെ റണ്ണേഴ്‌സപ്പുകളായ അര്‍ജന്റീന അനായാസ വിജയം ലക്ഷ്യമിട്ടാണ് ഇന്നലെ കളത്തിലിറങ്ങിയത്. ഉറുഗ്വെ സൂപ്പര്‍താരം ലൂയി സുവാരസിന്റെ അഭാവത്തില്‍ മികച്ച വിജയം സ്വന്തമാക്കാമെന്നായിരുന്നു മെസ്സിപ്പടയുടെ പ്രതീക്ഷ. എന്നാല്‍ ഡി മരിയയും മെസ്സിയും അഗ്യൂറോയും ഉള്‍പ്പെട്ട അര്‍ജന്റീനയുടെ മുന്നേറ്റനിരയുടെ കൊമ്പൊടിക്കുന്നതില്‍ ഉറുഗ്വെ പ്രതിരോധനിരയും ഗോളി മുസ്‌ലേരയും വിജയിച്ചതോടെ അര്‍ജന്റീനയുടെ ആക്രമണങ്ങളെല്ലാം വിഫലമാവുകയായിരുന്നു. സുവാരസിന്റെ അഭാവവും എഡിസണ്‍ കവാനിയുടെ ഫോമില്ലായ്മയും ഉറുഗ്വെ ആക്രമണത്തില്‍ നിഴലിച്ചുനിന്നു. കവാനി പലപ്പോഴും കാഴ്ചക്കാരനായി മാറുകയായിരുന്നു. പന്ത് കൂടുതല്‍ സമയവും കൈവശം വച്ച അര്‍ജന്റീന താരങ്ങള്‍ കളിയിലുടനീളം പായിച്ച 12 ഷോട്ടുകളില്‍ ഏഴെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങി. എന്നാല്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം മുസ്‌ലേരയുടെയും പ്രതിരോധനിരയുടെയും മിന്നുന്ന പ്രകടനത്തിന് മുന്നില്‍ വിഫലമായി. അതേസമയം ഉറുഗ്വെക്ക് മൂന്ന് തവണമാത്രമാണ് അര്‍ജന്റീനന്‍ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്. കളിയുടെ അഞ്ചാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഷോട്ട് ഉറുഗ്വെ പ്രതിരോധനിരതാരം രക്ഷപ്പെടുത്തി. ഒമ്പതാം മിനിറ്റില്‍ ബോക്‌സിന്റെ വലതുഭാഗത്തുനിന്ന് പ്ലേമേക്കര്‍ ഡി മരിയ പായിച്ച ഇടംകാലന്‍ ഷോട്ടിന് ഉറുഗ്വെ ഗോളിയെ മറികടക്കാനുള്ള കരുത്തുണ്ടായില്ല.  നാല് മിനിറ്റിനുശേഷം ഡി മരിയയുടെ മറ്റൊരു ഷോട്ടും ലക്ഷ്യം തെറ്റി പറന്നു. 20-ാം മിനിറ്റില്‍ ജാവിയര്‍ പാസ്‌ട്രോയുടെ ഷോട്ടും 25-ാം മിനിറ്റില്‍ അഗ്യൂറോയുടെ ഷോട്ടും മുസ്‌ലേര രക്ഷപ്പെടുത്തി.  ഇതിനിടെ 22-ാം മിനിറ്റിലാണ് ആദ്യമായി ഉറുഗ്വെയുടെ ഒരു ആക്രമണം നടന്നത്. അവര്‍ക്ക് ലഭിച്ച കോര്‍ണറിനൊടുവില്‍ ഡീഗോ ഗോഡിന്‍ ഹെഡ്ഡര്‍ പായിച്ചെങ്കിലും പന്ത് പോസ്റ്റിനെ ഉരുമ്മി പുറത്തേക്ക് പോയി. 30-ാം മിനിറ്റില്‍ ഉറുഗ്വെയുടെ ഡീഗോ റോളന്‍ മറ്റൊരു അവസരം പുറത്തേക്കടിച്ചുകളഞ്ഞു. തുടര്‍ന്നും മികച്ച ചില മുന്നേറ്റങ്ങള്‍ ഉറുഗ്വെയ്ന്‍ ബോക്‌സിലേക്ക് മെസ്സിയും സംഘവും നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതിരുന്നതോടെ ആദ്യപകുതി ഗോള്‍രഹിതമായി. രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ ഉറുഗ്വെ ഗോളിനടുത്തെത്തിയെങ്കിലും മാക്‌സി പെരേരയുടെ ഷോട്ട് അര്‍ജന്റീന ഗോളി റൊമേരോ രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ എഡിസണ്‍ കവാനിയും ഒരു അവസരം നഷ്ടമാക്കി. എന്നാല്‍ 56-ാം മിനിറ്റില്‍ കാത്തിരുന്ന ഗോള്‍ പിറന്നു. പാബ്ലോ സബലേറ്റ നല്‍കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് സെര്‍ജിയോ അഗ്യൂറോയാണ് ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ ഉറുഗ്വെയുടെ കവാനിക്ക് ഒരു അവസരം ലഭിച്ചെങ്കിലും പാഴായി. ലീഡ് നേടിയതോടെ അര്‍ജന്റീന താരങ്ങള്‍ കളത്തില്‍ കൂടുതല്‍ കരുത്തരായി. 61-ാം മിനിറ്റില്‍ ജാവിയര്‍ മഷ്‌റാനോയുടെ പാസ് സ്വീകരിച്ച് അഗ്യൂറോ ബോക്‌സിന് പുറത്തുനിന്ന് പറത്തിയ തകര്‍പ്പന്‍ ഷോട്ട് ഉറുഗ്വെ ഗോളി മുസ്‌ലേര രക്ഷപ്പെടുത്തി. 75-ാം മിനിറ്റില്‍ ഉറുഗ്വെയുടെ മാക്‌സി പെരേരയുടെ ഷോട്ട് അര്‍ജന്റീന ഗോളി കുത്തിയകറ്റിയെങ്കിലും പന്ത് കിട്ടിയത് ഡീഗോ റോളന്. എന്നാല്‍ താരത്തിന്റെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 78-ാം മിനിറ്റില്‍ ഡി മരിയയുടെ പാസില്‍ നിന്ന് മെസ്സി ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ടും ഉറുഗ്വെ ഗോളി രക്ഷപ്പെടുത്തി. പിന്നീട് 82-ാം മിനിറ്റിലും മെസ്സിയുടെ ഷോട്ട് ഏറെ പണിപ്പെട്ടാണ് മുസ്‌ലേര രക്ഷപ്പെടുത്തിയത്. അവസാന മിനിറ്റുകളില്‍ സമനിലക്കായി ഉറുഗ്വെ താരങ്ങള്‍ തുടര്‍ച്ചയായി അര്‍ജന്റീന ഗോള്‍ മുഖം ആക്രമിച്ചെങ്കിലും സമനില ഗോള്‍ മാത്രം അവരെ വിട്ടുനിന്നു. അര്‍ജന്റീന ആദ്യ കളിയില്‍ പരാഗ്വെയോട് 2-2ന് സമനില വഴങ്ങിയിരുന്നു. ഇന്നലെ ഉറുഗ്വെയെ കീഴടക്കിയതോടെ അവര്‍ക്ക് രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റായി. ആദ്യ കളിയില്‍ പാരഗ്വെക്കെതിരെ സമനില വഴങ്ങേണ്ടി വന്ന അര്‍ജന്റീനയ്ക്കിത് ആശ്വാസം നല്‍കുന്ന വിജയമാണ്. ഈ ജയത്തോടെ നാലു പോയിന്റുമായി അര്‍ജന്റീന ഗ്രൂപ്പില്‍ ഒന്നാമതെത്തി. ആദ്യ കളിയില്‍ ജമൈക്കയെ കഷ്ടിച്ച് മറികടന്ന ഉറുഗ്വെ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. നാല് പോയന്റുള്ള പരാഗ്വെയാണ് രണ്ടാമത്. ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അര്‍ജന്റീന ജമൈക്കയെയും ഉറുഗ്വെ പരാഗ്വെയെയും നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.