എല്ലാവര്‍ക്കും വീട് @ 2022; 2.3 ലക്ഷം രൂപ വരെ കേന്ദ്ര സബ്‌സിഡി

Thursday 18 June 2015 1:20 am IST

ന്യൂദല്‍ഹി: രാജ്യത്ത് എല്ലാവര്‍ക്കും സ്വന്തമായി വീടെന്ന സ്വപ്‌ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. വിവിധ ഭവന പദ്ധതികളിലായി 2.3 ലക്ഷം രൂപ വരെ കേന്ദ്രസബ്‌സിഡി കിട്ടുന്നതാണ് സഹായപദ്ധതി. ഇന്നലെ കേന്ദ്രമന്ത്രിസഭായോഗം ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടു. ഭൂമിയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ചുകൊണ്ടുള്ള ചേരിനിര്‍മ്മാര്‍ജ്ജനം, വായ്പാ സബ്‌സിഡി നല്‍കി ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണ സഹായം, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ചെലവുകുറഞ്ഞ ഭവനനിര്‍മ്മാണം എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2022 ഓടെ എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ചേരിനിര്‍മ്മാര്‍ജ്ജന പദ്ധതി പ്രകാരം ഒരു വീടിന് ഒരുലക്ഷം രൂപ വരെ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. സംസ്ഥാനങ്ങള്‍ക്ക് പദ്ധതി വേണമെങ്കില്‍ സ്വകാര്യമേഖലയെക്കൂടി സഹകരിപ്പിച്ച് നടപ്പാക്കാം. ഭൂമി സ്വകാര്യമേഖലയ്ക്ക് നല്‍കി വീടുകളുടെ നിര്‍മ്മാണം നടപ്പാക്കുന്ന രീതിയാണിത്. സാമ്പത്തികമായി പിന്നാക്കം നല്‍ക്കുന്നവര്‍ക്കും ചെറിയ വരുമാനക്കാര്‍ക്കും ഭവനവായ്പയുടെ 6.5 ശതമാനം സബ്‌സിഡി നല്‍കുന്ന പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു വിഭാഗങ്ങളിലും പെടുന്നവര്‍ക്ക് ഏകദേശം 2.3 ലക്ഷം രൂപ സബ്‌സിഡി ഇനത്തില്‍ ലഭിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്കായി ചെലവുകുറഞ്ഞ വീടുകളുടെ നിര്‍മ്മാണത്തിന് 1.5ലക്ഷം രൂപ നല്‍കുന്ന പദ്ധതിയുമുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സംസ്ഥാനങ്ങളിലെ ഭവനബോര്‍ഡുകള്‍ക്കോ കേന്ദ്രഗ്രാന്റുകള്‍ സഹിതം പദ്ധതികള്‍ ഏറ്റെടുത്തു നടത്താമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഭവന വായ്പാ സബ്‌സിഡി പദ്ധതി നേരിട്ട് കേന്ദ്ര നഗരവികസന മന്ത്രാലയമാണ് നടത്തുന്നത്. മറ്റു പദ്ധതികള്‍ കേന്ദ്ര സ്‌പോണ്‍സേഡ് പദ്ധതികളുടെ വിഭാഗത്തിലാണ് പെടുന്നത്. രാജ്യത്തെ 500 ക്ലാസ് വണ്‍ നഗരങ്ങളിലെ 4041 ഉപനഗരങ്ങളില്‍ പദ്ധതി നടപ്പാക്കും. 2015 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള ആദ്യഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 100 നഗരങ്ങളില്‍ പദ്ധതി പ്രാവര്‍ത്തികമാകും. രണ്ടാം ഘട്ടം 2017 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയാണ്. ഇതില്‍ 200 നഗരങ്ങള്‍ ഉള്‍പ്പെടും. 2019 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള മൂന്നാംഘട്ടത്തില്‍ ബാക്കിയുള്ള മുഴുവന്‍ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും. കൂടുതല്‍ നഗരങ്ങളിലേക്ക് പദ്ധതി നടപ്പാക്കുന്ന കാര്യം നഗരവികസന മന്ത്രാലയത്തിന് തീരുമാനിക്കാം. ഭവന വായ്പാ പദ്ധതി രാജ്യത്തെ എല്ലാ നഗരങ്ങളിലും ആദ്യഘട്ടം മുതല്‍ തന്നെ ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.