കാറിനുള്ളില്‍ ചിട്ടിക്കമ്പനി ഉടമ കത്തിക്കരിഞ്ഞ നിലയില്‍

Thursday 18 June 2015 12:46 pm IST

തിരുവനന്തപുരം: പാറശാലക്കു സമീപം നെടിയാംകോടില്‍ ചിട്ടിക്കമ്പനിയുടമയെ കാറിനുള്ളില്‍ തീകത്തി മരിച്ച നിലയില്‍ കണ്ടെത്തി. നെടിയാംകോട് ജംഗ്ഷനില്‍ സല്‍മുന്ന ഗോള്‍ഡ് കുറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുന്ന അമരവിള നടൂര്‍ക്കൊല്ല പുതവല്‍ വിളാകത്ത് പുത്തന്‍വീട്ടില്‍ കെ. ഷാജി (39)യെയാണു കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 11.30 ഓടെയാണു സംഭവം. കാര്‍ അകത്തു നിന്നു സെന്‍ട്രല്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു. ഭയാനകമായ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു നാട്ടുകാര്‍ ഇറങ്ങി നോക്കിയപ്പോള്‍ കാര്‍ കത്തുന്നതാണു കണ്ടത്. തുടര്‍ന്നു നാട്ടുകാര്‍ പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരമറിയിച്ച ശേഷം തീ അണയ്ക്കുകയായിരുന്നു. തീയണച്ച ശേഷമാണു കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. സല്‍മുന്ന ഗോള്‍ഡ് കുറീസ് എന്ന പേരില്‍ 2010ല്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനം 2012 ലാണ് ഇപ്പോഴത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. വീടുകളില്‍ പോയി ചിട്ടിപ്പിരിവ് നടത്താന്‍ ഏജന്റുമാരെയും നിയമിച്ചിരുന്നു. ചിട്ടി കൈപ്പറ്റിയവരില്‍ ചിലര്‍ യഥാസമയം തിരിച്ചടയ്ക്കാത്തതും മറ്റു ബാധ്യതകളും മൂലം ഷാജി വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടിരുന്നുവെന്നു പോലീസ് പറഞ്ഞു. തുടര്‍ന്ന് അമരവിളയിലെ വലിയ വീട് വിറ്റു കുറേ ബാധ്യത തീര്‍ത്തു ബാലരാമപുരത്തേക്കു താമസം മാറ്റുകയായിരുന്നു. ബാലരാമപുരം-വിഴിഞ്ഞം റോഡിലെ ഹൗസിംഗ് ബോര്‍ഡിന്റെ ഫ്‌ളാറ്റില്‍ താമസിച്ചുവരവെ ബുധനാഴ്ച രാത്രിയാണ് അവിടെ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന സ്വന്തം സ്ഥാപനത്തിനു മുന്നില്‍ കാറിനുള്ളില്‍ തീകത്തി മരിച്ച നിലയില്‍ ഷാജിയെ കണെ്ടത്തിയത്. കാറിന്റെ അകത്തിരുന്നു സെന്‍ട്രല്‍ ലോക്ക് ചെയ്ത ശേഷം പെട്രോള്‍ ഒഴിച്ചു തീ കത്തിച്ചതാകാം എന്നു പോലീസ് പറഞ്ഞു. മരണത്തിനു പിന്നിലെ മറ്റു സാധ്യതകളെക്കുറിച്ചും അന്വേഷണം നടത്തുമെന്നും പാറശാല എസ്‌ഐ ബിജുകുമാര്‍ പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ഭാര്യ: അമല. ഏകമകന്‍: സല്‍മുന്ന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.