അടിത്തറ പാകുന്നു

Sunday 19 July 2015 8:23 am IST

അങ്ങനെ അവിടെ ഒരത്ഭുതം നടന്നു. ദക്ഷിണേന്ത്യയിലെ യഥാസ്ഥിതിക ബ്രാഹ്മണരുടെ കോട്ടയായ മദിരാശി നഗരത്തില്‍ ഹിന്ദുമതത്തെക്കുറിച്ചു സംസാരിക്കുവാന്‍ ഒരു ഹിന്ദുസന്യാസിക്ക് അവസരം ലഭിച്ചു. പൂനയില്‍ സംഭവിച്ചതുപോലെത്തന്നെ യജ്ഞത്തിന്റെ ആദ്യദിവസങ്ങളില്‍ ശ്രോതാക്കള്‍ നന്നേകുറവായിരുന്നു. എന്നാല്‍ നാള്‍ചൊല്ലുന്തോറും വാമൊഴിയായി സ്വാമിജിയുടെ പ്രശസ്തി പരന്നു. ശ്രോതാക്കളുടെ എണ്ണവും വേഗത്തില്‍ വര്‍ദ്ധിക്കുവാന്‍ തുടങ്ങി. ആ വലിയ ബംഗ്ലാവിന്റെ പൂമുഖത്തളത്തില്‍ തുടങ്ങിയ പ്രഭാഷണപരമ്പര പിന്നീടു പുറത്ത് മുറ്റത്തേക്കു മാറ്റേണ്ടിവന്നു. അദ്ദേഹത്തിന്റെ വിശദീകരണങ്ങളുടെ വ്യക്തത, വാക്കുകളിലെ ഊര്‍ജ്ജസ്വലത, പെരുമാറ്റത്തിലെ പ്രസന്നത. സ്വാമിജിയുടെ പ്രസംഗങ്ങളില്‍ ആയിരങ്ങള്‍  ആകൃഷ്ടരായി. അടുത്ത ഏതാനും വര്‍ഷങ്ങള്‍ നാടെങ്ങും സ്വാമിജി സഞ്ചരിച്ചു. പ്രധാനപ്പെട്ട എല്ലാ പട്ടണങ്ങളിലും നഗരങ്ങളിലും ജ്ഞാനയജ്ഞങ്ങള്‍ നടത്തി. ആയിരമായിരം ജനഹൃദയങ്ങളില്‍ ആദ്ധ്യാത്മികജ്ഞാനത്തിന്റെ നറുംതിരികള്‍ കൊളുത്തി. 1956-ല്‍ ദല്‍ഹിയില്‍ വച്ചുനടത്തിയ ജ്ഞാനയജ്ഞം ഉദ്ഘാടനം ചെയ്തത് അന്നത്തെ നമ്മുടെ രാഷ്ട്രപതിയായിരുന്ന ഡോക്ടര്‍ രാജേന്ദ്രപ്രസാദായിരുന്നു. സ്വാമിജിയുടെ അത്യപൂര്‍വ്വമായ അതീവശ്രേഷ്ഠമായ ഈ സംരംഭം. രാഷ്ട്രപതി സ്വയം മറന്നു യജ്ഞാചാര്യനെ പ്രശംസിച്ചു. സ്വാമിജിയുടെ വാക്കുകളും ആശയങ്ങളും അത്യന്തം യുക്തിസഹമായിരുന്നു; സാര്‍വ്വലൗകികവുമായിരുന്നു. വലിയൊരു സംഘം യുവാക്കളും ഉദേ്യാഗസ്ഥന്മാരും സ്വാമിജിയില്‍ തങ്ങളുടെ ആദര്‍ശപുരുഷനെ കണ്ടെത്തി. വ്യവസായ പ്രമുഖരും രാഷ്ട്രീയനേതാക്കന്‍മാരും ശാസ്ത്രജ്ഞന്മാരും, വീട്ടമ്മമാരുമൊക്കെ സ്വാമിജിയെ പിന്‍തുടരാന്‍ തയ്യാറായി മുമ്പോട്ടുവന്നു.  നഗരവാസികളായ സാധാരണക്കാര്‍ മാണ്ഡുകേ്യാപനിഷത്തുപോലുള്ള വേദാന്ത ഗ്രന്ഥങ്ങളിലെ സൂക്ഷ്മതത്വങ്ങള്‍ അവര്‍ക്കു ബോദ്ധ്യപ്പെടുത്തിക്കൊടുക്കാനുള്ള തന്റേടവും ആത്മവിശ്വാസവും സ്വാമിജിക്കുണ്ടായിരുന്നു. വേദാന്തത്തിന്റെ ഉന്നത ശ്രേണിയിലെത്തിയിരിക്കുന്ന ആചാര്യന്‍മാരും വിദ്യാര്‍ത്ഥികളും മാത്രം കൈകാര്യംചെയ്യുന്ന വിഷയങ്ങളായിരുന്നു അവ. ഹിന്ദുക്കളെ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുക. അതായിരുന്നു സ്വാമിജിയുടെ ജ്ഞാനയജ്ഞങ്ങളുടെ ലക്ഷ്യം. ഭാരതം കണ്ണിമ പൂട്ടാതെ നോക്കിയിരുന്നു. തന്റെ ആയിരമായിരം സന്താനങ്ങള്‍ സ്വാമിജിയുടെ ആ മഹനീയ സംരംഭത്തില്‍ കൈയ്യാളുകളായി മാറുന്ന ഏറ്റവും ചാരിതാര്‍ത്ഥ്യജനകമായ അപൂര്‍വ്വചിത്രം. ഹിന്ദുക്കളല്ലാത്ത ഒരുപിടി ചിന്തകരേയും തന്റെ അനുപമമായ വാഗ് വിലാസത്താല്‍ സ്വാമിജി ആകര്‍ഷിച്ചു. വേദാന്തം ഒരു മതത്തിനോ രാജ്യത്തിനോ അവകാശപ്പെട്ടതല്ല. ലോകത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണ്. എല്ലാവര്‍ക്കും എല്ലാ കാലത്തേക്കും വേണ്ടിയുള്ളതാണ്. സ്വാമിജി ആവര്‍ത്തിച്ചു പറഞ്ഞു. ഓരോ മനുഷ്യനും കുറച്ചുകൂടി നല്ലൊരു മനുഷ്യനാവുക. ആ ഒരു ലക്ഷ്യത്തോടുകൂടിയാണ് നമ്മുടെ മഹര്‍ഷീശ്വരന്‍മാര്‍ ഉപനിഷത്തുകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. ജാതിയോ മതമോ ലിംഗമോ വര്‍ണമോ തൊഴിലോ നിലയോ അതിന്റെ വഴി തടസ്സപ്പെടുത്തുന്നില്ല. അവനവന്റെ മതത്തിന്റെ പരിധികള്‍ക്കകത്തു നിന്നുകൊണ്ടുതന്നെ പ്രായഭേദമന്യേ ആര്‍ക്കും വേദാന്തത്തില്‍ നിന്നുമുള്ള അറിവ് പ്രയോജനപ്പെടുത്താവുന്നതാണ്; കുറെക്കൂടി നല്ല ഒരു മനുഷ്യനായിത്തീരുവാന്‍. തുടരും  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.