യോഗ പരിശീലന പദ്ധതിയും: ദേശീയ പ്രസ്ഥാനങ്ങളെയും മോദി സര്‍ക്കാറിനെയും അനുകരിച്ച് സിപിഎം

Thursday 18 June 2015 7:59 pm IST

കണ്ണൂര്‍: യോഗയുടെ പേരില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുകയും യോഗ ചെയ്താല്‍ വിശപ്പടങ്ങില്ലെന്നു പറഞ്ഞ് കളിയാക്കുകയും ചെയ്ത സിപിഎമ്മും ഒടുവില്‍ മോദിയുടെ വഴിയേ. പാര്‍ട്ടിയും യോഗ പരിശീലന പദ്ധതി ആരംഭിക്കുകയാണ്. നരേന്ദ്രമോദി സര്‍ക്കാറിന്റെ  ഇടപെടലിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിക്കുകയും ഭാരതത്തിലുടനീളം  യോഗാദിനത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നതിനിടയിലാണ് സിപിഎം യോഗ പരിശീലന പദ്ധതിയുമായി രംഗത്തു വന്നിരിക്കുന്നത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് ആന്റ് യോഗ അക്കാദമിയുടെ നേതൃത്വത്തിലാണ് പാര്‍ട്ടി യോഗ പരിശീലന പദ്ധതി ആരംഭിക്കുന്നത്.  ഓരോ ജില്ലയിലും 200 ഓളം പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും. അടുത്ത ദിവസം തന്നെ പാര്‍ട്ടി തെരഞ്ഞെടുത്ത പരിശീലകരുടെ നേതൃത്വത്തില്‍ പരിപാടി ആരംഭിക്കും. ജനങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയില്‍ നിന്നകലുന്നു എന്ന് മനസ്സിലാക്കിയാണ് നേതൃത്വത്തിന്റെ പുതിയ ചുവടുമാറ്റം. കൊലപാതക രാഷ്ട്രീയവും അക്രമങ്ങളും നടത്തി ഒറ്റപ്പെട്ട പാര്‍ട്ടിയില്‍ നിന്നും നിരവധിപേരാണ്പുറത്തുപോയിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിവിടുന്നവര്‍ ബിജെപിയുള്‍പ്പെടെയുളള ദേശീയ പ്രസ്ഥാനങ്ങളിലേക്കാണ് ചേക്കേറുന്നത്. ഇതാണ്  ദേശീയ സംഘടനകളെ അനുകരിക്കാന്‍ സിപിഎം നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. വിവേകാനന്ദ സ്വാമികളുള്‍പ്പെടെയുളള ഭാരതത്തിന്റെ ദേശീയ ആത്മീയ നേതാക്കളെ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏറ്റെടുത്ത സിപിഎമ്മിന്റെ നേതൃത്വത്തില്‍  മാസങ്ങള്‍ക്കു  മുമ്പ് കണ്ണൂരില്‍ ഗണേശോത്സവം ആഘോഷിച്ചിരുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രങ്ങള്‍ ഡിവൈഎഫ്‌ഐയുടെ ബോര്‍ഡുകളില്‍ സ്ഥാപിച്ചതും കൃഷ്ണന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നുവെന്ന പ്രസ്താവനകള്‍ സിപിഎം നേതാക്കള്‍ നടത്തിയതും അടുത്ത കാലത്തായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ രാജ്യത്താകമാനം നടപ്പിലാക്കിയ സ്വച്ഛ് ഭാരത് പദ്ധതിയെ അനുകരിച്ച് സിപിഎം സംസ്ഥാനത്ത് മുഴുവന്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.