ഇലക്ട്രിക്ക് പോസ്റ്റ് തലയില്‍ പതിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു

Thursday 18 June 2015 9:32 pm IST

തൃശൂര്‍: കോടന്നൂര്‍ ജംക്ഷനില്‍ മരക്കൊമ്പ് വീണ് ഒടിഞ്ഞ ഇലക്ട്രിക്ക് പോസ്റ്റ് തലയില്‍ പതിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. അമ്മാടം കോടന്നൂര്‍ ആലപ്പാടന്‍ ലോനപ്പന്റെ മകന്‍ ചുമ്മാരു (40), കുണ്ടില്‍ വീട്ടില്‍ പരേതനായ കുട്ടപ്പന്റെ മകന്‍ സലീഷ് (30) എന്നിവരാണ് മരിച്ചത്. ചുമ്മാരു സംഭവസ്ഥലത്തും, സലീഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആല്‍മരത്തിന്റെ കൊമ്പാണ് രണ്ടരയോടെ ഒടിഞ്ഞ് വീണത്. ആല്‍മരത്തിന്റെ കൊമ്പ് തൊട്ടപ്പുറത്തെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് വീഴുകയും തുടര്‍ന്ന് സമീപത്തെ ഇലക്ര്ടിക് പോസ്റ്റിലേക്ക് മറിയുകയുമായിരുന്നു. പോസ്റ്റ് കടപുഴകി വീണ് ബൈക്കില്‍ വരികയായിരുന്ന ചുമ്മാരുവിന്റെ തലയില്‍ വന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ചുമ്മാരു സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടമറിഞ്ഞ് ബൈക്ക് വളയ്ക്കുന്നതിനിടെയാണ് ആല്‍മരവും പോസ്റ്റും സലീഷിന്റെ ദേഹത്തേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടു ബൈക്കുകളും പോസ്റ്റിന്റെ അടിയിലായിരുന്നു. ട്രാന്‍സ്‌ഫോര്‍മറും തകര്‍ന്നു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കോടന്നൂര്‍ സെന്ററിലെ ഒരു ഫര്‍ണീച്ചര്‍ കടയുടെ ഷീറ്റും ബാങ്കിന്റെ ബോര്‍ഡും തകര്‍ന്നു. ഡിവൈഎസ്പി പി.എ. വര്‍ഗീസിന്റെ നേതൃത്വത്തില്‍ ചേര്‍പ്പ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. തൃശൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് അധികൃതരാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. അമ്മാടം കോടന്നൂര്‍ സെന്ററിലുളള ആല്‍മരക്കൂട്ടങ്ങളില്‍നിന്ന് വേറിട്ട് നിന്നിരുന്ന ആല്‍മരമാണ് അപകടത്തിനിടയാക്കിയത്. ആല്‍മരം ഉണക്കുന്നതിന് നാളുകളായി രാസപദാര്‍ത്ഥം ഒഴിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. ആല്‍മരം ഉണക്കാനുള്ള നീക്കത്തിനെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചിരുന്നു. തൊട്ടടുത്തുള്ള മരക്കമ്പനി ഉടമയാണ് ഇതിന്റെ പിന്നില്ലെന്ന് പറയുന്നു. ഫര്‍ണീച്ചര്‍ നിര്‍മ്മാണ തൊഴിലാളിയായ ചുമ്മാരു കേടായ തന്റെ പണിയുപകരണം നന്നാക്കാന്‍ വേണ്ടി കോടന്നൂരിലേക്ക് പോവുകയായിരുന്നു. സൗമ്യയാണ് ചുമ്മാരുവിന്റെ ഭാര്യ. മൂത്തമകള്‍ ചിന്റു പ്ലസ്ടുവിനും, ചിന്നു പത്തിലും, അനു ഒമ്പതാം ക്ലാസിലും പഠിക്കുന്നു. അമ്മ: തങ്കമ്മ. പ്രഭിതയാണ് സലീഷിന്റെ ഭാര്യ. ആറ് മാസം പ്രായമുള്ള യാദവ് കൃഷ്ണയാണ് മകന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.