ജില്ലാ വിജിലന്‍സ് കമ്മറ്റിയില്‍ പരാതി പ്രവാഹം

Thursday 18 June 2015 10:01 pm IST

കോട്ടയം: 5 മാസത്തെ ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങളിലൂടെ പ്രചരണം നടത്തി വിളിച്ചുചേര്‍ത്ത ജില്ലാ വിജിലന്‍സ് കമ്മറ്റി യോഗത്തില്‍ വിജിലന്‍സിനെതിരെ പരാതി പ്രവാഹം. യോഗം പ്രഹസനമായിരുന്നെന്ന് ആക്ഷേപം. അരുന്ധതിയാര്‍, ചക്ലിയാര്‍ സമുദായത്തിന്റെ ഭവനനിര്‍മ്മാണ പദ്ധതിയുടെ പേരില്‍ 6 വര്‍ഷമായി കോടികളുടെ തട്ടിപ്പ് നടത്തിയിട്ടും വിജിലന്‍സ് നടപടി സ്വീകരിച്ചില്ലെന്ന് ജനറല്‍ സെക്രട്ടറി സി. മുരുകയ്യ, പള്ളിക്കത്തോട് മുക്കാലി സ്വദേശി വി.ജി. ബാലചന്ദ്രാജി എന്നിവര്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. അഴിമതിക്കെതിരെ പരാതിപ്പെടേണ്ട സമതിയില്‍ സമതിയുടെ പ്രവര്‍ത്തനത്തിനത്തിനെതിരെ തന്നെ പരാതി ഉയര്‍ന്നത് അധികൃതരെ അമ്പരപ്പിച്ചു. 2009 ആരംഭിച്ച അരുന്ധതിയാര്‍, ചക്ലിയാര്‍ സമുദായത്തിന്റെ ഭവനനിര്‍മ്മാണ പദ്ധതി അട്ടിമറി സംബന്ധിച്ച അന്വേഷണം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിച്ചതായാണ് പരാതി. 10 മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച യോഗം 11.30നാണ് ആരംഭിച്ചത്. യോഗം കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതിനു പകരം കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നത് പരാതിക്കാരുടെ പ്രതിഷേധത്തിനിടയാക്കി. മുഴുവന്‍ പരാതിക്കാര്‍ക്കും കോണ്‍ഫറന്‍സ് ഹാളില്‍ ഇരുന്ന് പരാതി കേള്‍ക്കുന്നതിനും പരാതി നല്‍കുന്നതിനും ഉദ്യോഗസ്ഥരെ കാണുന്നതിനും സൗകര്യം ഉണ്ടെന്നിരിക്കെയാണ് കളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രം ഇരിക്കാന്‍ സൗകര്യമുള്ള ചേമ്പറില്‍ യോഗം കൂടിയത്. എന്നാല്‍ പ്രതിഷേധം വകവയ്ക്കാതെ ചേമ്പറില്‍ തന്നെ യോഗം തുടര്‍ന്നു. കളക്ടര്‍ ചെയര്‍മാനും വിജിലന്‍സ് ഡിവൈഎസ്പി കണ്‍വീനറുമായുള്ള യോഗം പൊതു സ്വഭാവത്തില്‍ ചേരുന്നതിനു പകരം രഹസ്യ സ്വഭാവത്തില്‍ ചേര്‍ന്നത് വിമര്‍ശനത്തിന് ഇടയാക്കി. ഉദ്യോഗസ്ഥരുടെ മുമ്പിലേക്ക് സംഘമായി വന്നവര്‍ ഒറ്റയ്ക്ക് ചെന്ന് പരാതി നല്‍കേണ്ടി വന്നു. പൊതു സ്വഭാവമുളള പരാതികള്‍ മറ്റു പരാതിക്കാര്‍ക്ക് കേള്‍ക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതുമൂലം സാധിച്ചില്ല. പരാതികള്‍ ഏറെയും ഉദ്യോഗസ്ഥര്‍ക്കെതിരെ ആയതിനാല്‍ സംഘടിതമായി പരാതിക്കാര്‍ ആക്ഷേപം ഉന്നയിക്കുന്നത് ഒഴിവാക്കാന്‍ ഒരുപറ്റം ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കത്തിന്റെ ഫലമായാണ് യോഗം രഹസ്യ സ്വഭാവത്തില്‍ നടത്തിയതെന്നും ആക്ഷേപം ഉയര്‍ന്നു. കളക്ടറുടെ ഓഫീസിനു പുറത്ത് രാവിലെ 9 മണി മുതല്‍ ഒരേ നില്‍പ്പ് നിന്നതിനാല്‍ പരാതിക്കാരില്‍ പലരും അവശരായി. എല്ലാവര്‍ക്കും ഇരിക്കുന്നതിനും വിശ്രമിക്കുന്നതിനും ഓഫീസിനു പുറത്ത് മതിയായ സൗകര്യവും ഉണ്ടായിരുന്നില്ല. കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. കളക്ടറുടെ ചേമ്പറില്‍ ആകെയുള്ള സ്ഥലത്ത് ഉദ്യോഗസ്ഥ വൃന്ദം ഇടംപിടിച്ചു. കോണ്‍ഫറന്‍സ് ഹാള്‍ ഒഴിഞ്ഞു കിടന്നു. എന്തിനാണ് ഈ യോഗം രഹസ്യ സ്വഭാവത്തില്‍ ചേര്‍ന്നത് എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയില്ല. മണിക്കൂറുകള്‍ കാത്തുനിന്ന് പലരും പരാതി നല്‍കാതെ പ്രതിഷേധവുമായി മടങ്ങി. ഇതിനിടെ ആര്‍പ്പൂക്കര സ്വദേശി ഇ.കെ. സുകുമാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോളോബ്രിക്‌സ് ഫാക്ടറിയുടെ അനധികൃത നിര്‍മ്മാണത്തിന് ഒത്താശ ചെയ്ത രണ്ട് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും 3 പൊല്യൂഷന്‍ കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി വേണമെന്ന് വിജിലന്‍സ് കോട്ടയം യൂണിറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഇവരെ കുറ്റവിമുക്തരാക്കിയതായും ഇവര്‍ക്കെതിരെ വീണ്ടും നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ പരാതിപ്പെട്ടു. ഇങ്ങനെയുള്ള അഴിമതിയുടെ നൂറുകണക്കിന് പരാതികളാണ് വിജിലന്‍സ് കമ്മറ്റിയുടെ മുമ്പാകെ എത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.