ആ രേഖകള്‍ അവര്‍ നശിപ്പിച്ചു

Friday 26 June 2015 9:05 am IST

മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് ദല്‍ഹിയിലെ ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ വിവരാവകാശ നിയമപ്രകാരം കേന്ദ്രസര്‍ക്കാരിന് ഒരു അപേക്ഷ നല്‍കുകയുണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നടത്തിയ കത്തിടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടായിരുന്നു ആ അപേക്ഷ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദും തമ്മില്‍ പരസ്പരം അടിയന്തരാവസ്ഥ സംബന്ധിച്ച് കൈമാറിയ രേഖകളും എഴുത്തുകളും ഇന്ദിരാഗാന്ധി വിദേശരാഷ്ട്രത്തലവന്മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും അയച്ച കത്തുകള്‍ എന്നിവയായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ 2012 ഫെബ്രുവരി 11 ന് നല്‍കിയ മറുപടിയില്‍ പറയുന്നത് അടിയന്തരാസ്ഥ സംബന്ധിച്ച ഫയലുകള്‍ ഒന്നും സര്‍ക്കാരിന്റെ ഔദ്യോഗിക ശേഖരത്തില്‍ ലഭ്യമല്ലെന്നാണ്. അതിനര്‍ത്ഥം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ജനാധിപത്യധ്വംസനമായ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള രേഖകള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നശിപ്പിച്ചുവെന്നാണ്. കാണാതായെന്ന് പറയുന്ന അടിയന്തരാവസ്ഥ രേഖകള്‍ ഉടന്‍ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണര്‍ സത്യാനന്ദ മിത്ര കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും യുപിഎ സര്‍ക്കാര്‍ അനങ്ങിയില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ട്രീയം സംബന്ധിച്ച് ഏറെ നിര്‍ണായകമായ രേഖകള്‍ എങ്ങനെ നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിലും ഒരന്വേഷണവും സര്‍ക്കാര്‍ നടത്തിയില്ല. രേഖകള്‍ നശിപ്പിക്കുന്നതിലും അതീവരഹസ്യമായി പല നടപടികളും സൂക്ഷിക്കുന്നതിനും അടിയന്തരാവസ്ഥക്കാലത്ത് തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും കോണ്‍ഗ്രസ് നേതൃത്വവുമായി രഹസ്യധാരണ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥക്കുശേഷം ജനതാസര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും ഗൂഢാലോചന, കിരാതനടപടികള്‍ തുടങ്ങിയവ സംബന്ധിച്ച വിലപ്പെട്ട രേഖകള്‍ കണ്ടെത്താന്‍ കഴിയാതെ പോയത് ഈ ധാരണമൂലമാണ്. 1975 നവംബര്‍ മാസത്തില്‍ കേരളത്തില്‍ നിന്നുള്ള ലോകസംഘര്‍ഷസമിതി രാഷ്ട്രപതിക്ക് ഒരു നിവേദനം നല്‍കുകയുണ്ടായി. അക്കാലത്ത് കേരളത്തില്‍ അടിയന്തരാവസ്ഥക്ക് എതിരായ പൊതുപ്രക്ഷോഭം സംഘടിപ്പിച്ചിരുന്നത് ലോക സംഘര്‍ഷസമിതിയുടെ പേരിലായിരുന്നു. എം.പി. മന്മഥന്‍ ചെയര്‍മാനും കെ. രാമന്‍പിള്ള അതിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. 1975 നവംബര്‍ മാസത്തില്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ 61 ഓളം സത്യഗ്രഹങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍ ഈ സത്യഗ്രഹങ്ങളില്‍ പങ്കെടുത്ത് നൂറുകണക്കിന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്‌ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ ഇത്രയും ക്രൂരമായ നടപടികള്‍ക്ക് എന്ത് കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്ന് ആ നിവേദനത്തില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ താല്‍പര്യത്തിന് അനുസരിച്ച്  മജിസ്‌ട്രേട്ടുമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, ഗവ. ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒരു കോക്കസായി പ്രവര്‍ത്തിക്കുകയാണെന്നും അതിക്രൂരമായി മര്‍ദ്ദനമേറ്റ സംഭവങ്ങള്‍പോലും ഇവര്‍ മറച്ചുവെക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു. പോലീസ് അറസ്റ്റ്‌ചെയ്ത പലരെക്കുറിച്ചും ഇപ്പോള്‍ യാതൊരു വിവരവുമില്ലെന്നും കോടതിയില്‍നിന്നും തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും നിവേദനത്തിലുണ്ട്. കണ്ണൂരില്‍ സത്യഗ്രഹത്തിന് നേതൃത്വം കൊടുത്ത കൃഷ്ണന്‍, കാസര്‍കോട് നിന്നുള്ള പ്രണോബ്കുമാര്‍ ഭട്ട്, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ ബാലഗോപാലന്‍, കെ. ഭാസ്‌കരന്‍, മാവൂരില്‍നിന്നുള്ള വാസു, വാസുദേവന്‍,  ഫറോക്കിലെ ചന്ദ്രന്‍, കുന്നമംഗലത്ത് നിന്നുള്ള പ്രഭാകരന്‍, നാരായണന്‍കുട്ടി, കാക്കൂരില്‍ സമരത്തിന് നേതൃത്വം നല്‍കിയ നാരായണന്‍, കൊയിലാണ്ടിയില്‍ സത്യഗ്രഹത്തിന്റെ നേതാക്കളായിരുന്ന ബാലകൃഷ്ണന്‍, കുഞ്ഞിക്കണാരന്‍, ബാലുശ്ശേരിയില്‍ സത്യഗ്രഹം നടത്തിയ ഗോവിന്ദന്‍ നായര്‍, സുകുമാരന്‍ എന്നിവര്‍ക്കെതിരെ പോലീസ് അതിക്രൂരമായ പീഡനങ്ങള്‍ അഴിച്ചുവിട്ടെന്നും ഇവരോടൊപ്പം സത്യഗ്രഹമനുഷ്ഠിച്ച നൂറുകണക്കിനുപേര്‍ വിവിധ ജയിലുകളിലാണെന്നും നിവേദനത്തിലുണ്ട്. ഇതിനുപുറമെ നടന്ന സത്യഗ്രഹങ്ങളുടെയും അവര്‍ക്ക് നേതൃത്വം നല്‍കിയവരുടെയും വിവരങ്ങളും ലോകസംഘര്‍ഷസമിതി രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുകയുണ്ടായി. ഈ സമരക്കാര്‍ക്ക് നേരെ അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥന്മാരുടെ പേരുവിവരങ്ങളും ഈ രേഖയിലുണ്ട്. ഇതനുസരിച്ച് 1975 നവംബറില്‍ നടന്ന സത്യഗ്രഹങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ ഇവരാണ്. സുല്‍ത്താന്‍ബത്തേരിയില്‍ ശ്രീവത്‌സന്‍, അമ്പലവയലില്‍ ബാലകൃഷ്ണന്‍, ഇരിക്കൂറില്‍ രാജന്‍, ചാലക്കുടിയില്‍ പരമേശ്വരന്‍, മാളയില്‍ ദിവാകരന്‍, ചാവക്കാട് രണ്ട് സത്യഗ്രഹങ്ങള്‍ക്കായി പി. രാമചന്ദ്രന്‍, ഡോ. മുകുന്ദന്‍, ഗുരുവായൂരില്‍ ടി.പി. വിനോദിനിയമ്മ, തൃശൂരില്‍ കൃഷ്ണന്‍, വേലായുധന്‍, വേണുഗോപാലന്‍, കൃഷ്ണന്‍, ശേഷാദ്രി, അങ്കമാലിയില്‍ രണ്ട് സത്യഗ്രഹങ്ങള്‍ക്കായി ശിവശങ്കരന്‍, വിജയരാഘവന്‍, എറണാകുളം ഏലൂരില്‍ ലീലാവതി, പറവൂരില്‍ മൂന്ന് സത്യഗ്രഹങ്ങള്‍ക്കായി രാജേന്ദ്രന്‍, മുരളീധരന്‍, മോഹനന്‍, പെരുമ്പാവൂരില്‍ മൂന്ന് സത്യഗ്രഹങ്ങള്‍ക്കായി മുരളി, ശശി, രവീന്ദ്രന്‍, പട്ടിമറ്റത്ത് മുരളീധരന്‍, ആലുവയില്‍ നാല് സത്യഗ്രഹങ്ങള്‍ക്ക് ആര്‍. കര്‍ത്ത, വേലായുധന്‍, ശശിധരന്‍, ശിവരാമന്‍, ഗോപാലകൃഷ്ണന്‍, കുറുപ്പംപടിയില്‍ നാരായണന്‍നായര്‍, മൂവാറ്റുപുഴയില്‍ മുരളീധരന്‍, കളമശ്ശേരിയില്‍ അരവിന്ദാക്ഷന്‍, എറണാകുളം സെന്‍ട്രലില്‍ നാല് സത്യഗ്രഹങ്ങള്‍ക്ക് പ്രകാശന്‍, പുരുഷോത്തമന്‍, പ്രകാശന്‍, ശിവരാമന്‍ എന്നിവരും നേതൃത്വം നല്‍കി. പള്ളുരുത്തിയില്‍ രാജശേഖരന്‍, മട്ടാഞ്ചേരിയില്‍ വേണുഗോപാലന്‍, പാലായില്‍ സുകുമാരന്‍, കോട്ടയത്ത് പ്രഭാകരന്‍, തൊടുപുഴയില്‍ രാധാകൃഷ്ണന്‍, ചേര്‍ത്തലയില്‍ നന്ദകുമാര്‍, ആലപ്പുഴ സൗത്തില്‍ ശിവദാസന്‍, ആലപ്പുഴ നോര്‍ത്തില്‍ രാമചന്ദ്രന്‍, അമ്പലപ്പുഴ ടൗണില്‍ ശിവന്‍, ഗോപാലകൃഷ്ണന്‍ എന്നിവരുമായിരുന്നു സത്യഗ്രഹത്തിന്റെ സ്‌ക്വാഡ് ലീഡര്‍മാര്‍. നിരവധി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും എസ്‌ഐമാരും പോലീസുകാരും ഈ റിപ്പോര്‍ട്ടില്‍ ഇവരെ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഓരോ സ്ഥലത്തും നടന്ന പോലീസ് അതിക്രമങ്ങള്‍ അക്കമിട്ട് നിരത്തിയും അതിന് നേതൃത്വം നല്‍കിയ പോലീസുകാരുടെ പേരുകള്‍ ചൂണ്ടിക്കാണിച്ചുമാണ് ലോകസംഘര്‍ഷസമിതി രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിട്ടുള്ളത്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ അടിയന്തരാവസ്ഥ അവസാനിക്കുന്നതുവരെയും രാഷ്ട്രപതിഭവനില്‍നിന്ന് ഒരു മറുപടിപോലും ലഭിക്കുകയുണ്ടായില്ല. ഈ റിപ്പോര്‍ട്ടിനും നിവേദനത്തിനുംഒപ്പം ലോകസംഘര്‍ഷസമിതി ഒരു ഏഴിന അവകാശപത്രികയും രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയുണ്ടായി. അതില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഇവയായിരുന്നു. ഒന്ന്. അടിയന്തരാവസ്ഥ പിന്‍വലിക്കുക. രണ്ട്. ജയപ്രകാശ് നാരായണനെയും മറ്റ് ദേശീയ നേതാക്കളെയും മോചിപ്പിക്കുക, മൂന്ന.് വാര്‍ത്താ സെന്‍സന്‍ഷിപ്പ് പിന്‍വലിക്കുക, നാല്. ആര്‍എസ്എസ്, മറ്റ് സംഘടനകള്‍ എന്നിവയുടെ മേലുള്ള നിരോധനം പിന്‍വലിക്കുക, അഞ്ച്. ചിന്തിക്കാനും പ്രചരിപ്പിക്കാനും സംഘടിക്കാനുമുള്ള സ്വാതന്ത്ര്യം തിരിച്ചുനല്‍കുക. ആറ.് ഭരണഘടനയുടെയും നീതിന്യായസ്ഥാപനങ്ങളുടെയും പരിപാവനത്വം പുനഃസ്ഥാപിക്കുക, ഏഴ്. പോലീസ് അധികാര ദുഷ്പ്രഭുത്വം നിര്‍ത്തലാക്കുക എന്നിവയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.