ആലപ്പുഴ: വീടു കുത്തിത്തുറന്ന് 45,000 രൂപയും ഒന്നര പവനും കവര്‍ന്നതായി പരാതി. സനാതനം വാര്‍ഡ് പഴയ ലേബര്‍ ഓഫീസിന് സമീപം ശ്രീവത്സത്തില്‍ ശ്രീകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന 45,000 രൂപയും ഒന്നര പവന് മാലയുമാണ് കവര്‍ന്നത്.
ഇന്നലെ പുലര്‍ച്ചെയോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. വീടിന്റെ മുന്‍ വാതിലിന്റെ ടവര്‍ ബോള്‍ട്ട് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. പ്രഭാത സവാരിക്കായി ശ്രീകുമാര്‍ പുലര്‍ച്ചെ അഞ്ചരയോടെ ഉണര്‍ന്നപ്പോഴാണ് മോഷണ വിവരമറിയുന്നത്.
നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസം മുമ്പ് സൗത്ത് സ്റ്റേഷന് പരിധിയില്‍ അരൂര്‍ എംഎല്‍എ എ.എം. ആരിഫിന്റെ വീട്ടിലും ഇതേരീതിയില്‍ വീടു കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. ഈ കേസിലും പ്രതികളെ പിടികൂടാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: