അഖിലേന്ത്യാ മെഡി. പ്രവേശനം: ആഗസ്റ്റ് 17നകം ഫലം പ്രസിദ്ധീകരിക്കണം

Friday 19 June 2015 11:55 am IST

ന്യൂദല്‍ഹി: ചോദ്യപേപ്പറുകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തി ആഗസ്റ്റ് 17നകം ഫലം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി പരീക്ഷയുടെ ചുമതലയുള്ള സിബിഎസ്ഇയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പരീക്ഷ നടത്തുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. പുതിയ പരീക്ഷ നാലാഴ്ചയ്ക്കകം നടത്തണമെന്നാണ് നേരത്തെ സി‌ബി‌എസ്‌ഇയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, പരീക്ഷ നല്ല രീതിയില്‍ നടത്തുന്നതിന് ഏഴു മാസമെങ്കിലും വേണമെന്നാണ് സിബിഎസ്ഇയുടെ നിലപാട് .ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും സമയം അനുവദിക്കണമെന്നും സിബിഎസ്ഇ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സുപ്രീംകോടതി തള്ളുകയായിരുന്നു. മെയ് 3ന് നടന്ന പ്രവേശന പരീക്ഷയില്‍ പത്തു സംസ്ഥാനങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ഹരിയാന പോലീസ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് സുപ്രീംകോടതി പരീക്ഷ റദ്ദാക്കിയത്. പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നും പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ പ്രയോജനം ഒരാള്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടെങ്കില്‍ പ്രവേശന പരീക്ഷയുടെ പ്രാധാന്യം നഷ്ടപ്പെടുമെന്ന് ജസ്റ്റിസുമാരായ ആര്‍.കെ അഗര്‍വാള്‍, അമിതാവ് റോയ് എന്നിവര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഒരുമാസത്തിനകം 700ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപ്പേപ്പര്‍ ചോര്‍ന്നുകിട്ടിയെന്ന് ചോര്‍ച്ചയെപ്പറ്റി ലഭിച്ച പരാതിയിന്മേല്‍ അന്വേഷണം നടത്തിയ ഹരിയാന പോലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ 44 പേരെ തിരിച്ചറിയുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.