നിക്ഷേപതട്ടിപ്പ് കേസ്: സുബ്രതോ റോയിക്ക് ജാമ്യം അനുവദിച്ചു: ജയില്‍ മോചിതനാകില്ല

Friday 19 June 2015 2:17 pm IST

ന്യൂദല്‍ഹി: നിക്ഷേപതട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയിക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.അതേസമയം ജാമ്യ തുക മുഴുവനും കെട്ടിവെയ്ക്കാതെ ജയില്‍ മോചിതനാകാന്‍ സാധിക്കില്ല. സഹാറ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ബ്യൂറോ ഓഫ് ഇന്ത്യ(സെബി)യിലേക്ക് 10,000 കോടി രൂപയാണ് കെട്ടിവെയ്‌ക്കേണ്ടത്. തുകയുടെ പകുതി പണമായും പകുതി ബാങ്ക് ഗ്യാരന്റിയായും നല്‍കണം. ഉപാധി അംഗീകരിച്ച് അവ നടപ്പിലാക്കുന്ന ദിവസം റോയിയെ ജയിലില്‍ നിന്നും വിട്ടയക്കും. പിന്നീട് 18 മാസത്തിനുള്ളില്‍ ബാക്കി തുകയായ 20,000 കോടി രൂപയും നല്‍കണം. ഇവ തുല്യമായ ഒമ്പത് തവണവ്യവസ്ഥയില്‍ അടയ്ക്കണം. തുടര്‍ച്ചയായി മൂന്ന് തവണകള്‍ ലംഘിച്ചാല്‍ റോയിയെ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ജയിലില്‍ നിന്നും മോചിപ്പിക്കുന്‌പോള്‍ റോയി തന്റെ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിട്ട് പോകാന്‍ പാടില്ലെന്നും വ്യക്തമാക്കിയ കോടതി പതിനാല് ദിവസത്തില്‍ ഒരിക്കല്‍ ന്യൂഡല്‍ഹിയിലെ തിലക് മാര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ റോയി റിപ്പോര്‍ട്ട് ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്. സഹാറ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷനും സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനും ചേര്‍ന്ന് മാനദണ്ഡങ്ങള്‍ മറികടന്ന് 24,000 കോടി രൂപ നിക്ഷേപകരില്‍നിന്നു പിരിച്ചെന്ന കേസില്‍ സുബ്രതോ റോയിയെ 2014 മാര്‍ച്ചിലാണ് കസ്റ്റഡിയിലെടുത്തത്. സെബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയായിരുന്നു സഹാറയുടെ ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി അനധികൃതമായി പിരിച്ചെടുത്ത പണം നിക്ഷേപകര്‍ക്കു തിരിച്ചു നല്‍കണമെന്നു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സഹാറ ഇതു പാലിച്ചിരുന്നില്ല. തുടര്‍ന്ന് 20,000 രൂപ വിലമതിക്കുന്ന സഹാറയുടെ സ്വത്തുക്കള്‍ വിറ്റു നിക്ഷേപകര്‍ക്കു പണം നല്‍കാന്‍ കോടതി സെബിക്ക് അനുമതി നല്‍കിയിരുന്നു. 2014 മാര്‍ച്ച് മുതല്‍ റോയി തീഹാര്‍ ജയിലില്‍ കഴിയുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.