റംസാന്‍ വ്രതാരംഭം: 88 പാക് മത്സ്യത്തൊഴിലാളികളെ ഭാരതം വിട്ടയക്കും

Friday 19 June 2015 10:43 pm IST

ന്യൂദല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കുറ്റത്തിന് ഭാരതം അറസ്റ്റു ചെയ്ത 88 പാക് മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കും. റംസാന്‍ നോമ്പ് കണക്കിലെടുത്ത്,  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഇവരെ വിട്ടയക്കുന്നത്. ഗുജറാത്ത് ജയിലില്‍ നിന്നും ഇതിനോടകം തന്നെ മോചിപ്പിച്ചിട്ടുള്ള ഇവരെ നാളെ  അട്ടാരി അതിര്‍ത്തിയില്‍ വെച്ച് പാക് അധികൃതര്‍ക്ക് കൈമാറും. അതിര്‍ത്തി ലംഘിച്ചെന്ന കുറ്റത്തില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള 115 മത്സ്യത്തൊഴിലാളികളാണ് ഗുജറാത്തിലെ ജയിലില്‍ കഴിഞ്ഞിരുന്നത്. ഇവരില്‍ പൗരനാണെന്ന് പാക്കിസ്ഥാന്‍ അംഗീകരിച്ച 88 പേരെയാണ് കേന്ദ്രം വിട്ടയയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പാക് അധികൃതരുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു. റംസാന്‍ വ്രതാനുഷ്ഠാനങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ മോചിപ്പിക്കുന്നതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം 27 പാക് മത്സ്യത്തൊഴിലാളില്‍ ഒമ്പതു പേരുടെ പൗരത്വം പാക് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇതുതെളിയിക്കുന്ന രേഖകള്‍ ഭാരതത്തിനു കൈമാറിയിട്ടില്ല. പാക് ഹൈക്കമ്മീഷണര്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ കൈമാറിയാല്‍ ഇവരേയും അടുത്തു തന്നെ വിട്ടയക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.