മൂന്നാം സ്ഥാനം ഉറപ്പിച്ച് പിബി തമ്പുരാക്കള്‍

Friday 19 June 2015 11:33 pm IST

അരുവിക്കരയിലൂടെ.... തിരുവനന്തപുരം: നാലുവര്‍ഷത്തിനിടയില്‍ ഉണ്ടായ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ പിണറായി വിജയനായിരുന്നു സിപിഎം സെക്രട്ടറി. രണ്ടിടത്തും തോറ്റു. അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായതിനുശേഷം ആദ്യത്തേത്. രണ്ടുപേരും പാര്‍ട്ടിയുടെ പരമോന്നത സ്ഥാനീയര്‍. ഈ പിബി തമ്പുരാക്കന്മാര്‍ അരുവിക്കരയില്‍ സജീവമാണ്. പക്ഷെ തുടക്കത്തില്‍ ഉണ്ടായിരുന്ന ആവേശം ഇന്ന് കാണുന്നില്ല. യുഡിഎഫിനും കോണ്‍ഗ്രസ്സിനും നേരെ അതിശക്തമായ ആക്ഷേപവുമായി പ്രചാരണം തുടങ്ങിയതാണ്. എന്നാല്‍ ഈ തമ്പുരാക്കള്‍ കട്ടവനെ വിട്ട് കാഴ്ചക്കാരനെ വേട്ടയാടുന്നതെന്തിനെന്ന ചോദ്യമാണ് മണ്ഡലത്തില്‍ ഉയരുന്നത്. മൂന്നാഴ്ചയ്ക്കുള്ളില്‍ പിണറായി വിജയന്‍ എല്ലാ ബൂത്തിലും ചെന്നു എന്നാണ് സിപിഎം നേതാക്കള്‍ വിശദീകരിക്കുന്നത്. അത്  ശരിയായിരിക്കാം. ചെന്നപ്പോള്‍ കിട്ടിയ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ബോധ്യമായി. ചുണയുള്ള അണികളില്‍ ഏറെപ്പേര്‍ പാര്‍ട്ടിവിട്ട് ബിജെപിയിലെത്തി. ശേഷിക്കുന്നവര്‍ 'ഇതെത്ര കണ്ടതാ' എന്ന മട്ടിലുമായി. മൂന്നാം സ്ഥാനമെങ്കിലും ഉറപ്പിക്കണമെങ്കില്‍ കളം മാറ്റിച്ചവിട്ടണം. അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇരുവരും തലേന്നും പിറ്റേന്നുമായി പാര്‍ട്ടി പത്രത്തില്‍ നെടുനീളന്‍ ലേഖനമെഴുതി. ആദ്യത്തേത് പിണറായിയുടെ വക. ബിജെപി ഉള്‍പ്പെട്ട സംഘപരിവാര്‍ പള്ളികളെയും ക്രിസ്ത്യാനികളെയും ആക്രമിക്കുന്നേ എന്ന നിലവിളിയായിരുന്നു അതില്‍ നിറയെ. ക്രിസ്ത്യാനികള്‍ക്ക് രക്ഷ കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് മാത്രമെന്നാണ് സഖാവ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. പ്രലോഭിപ്പിച്ച് സ്ത്രീകളെ പ്രാര്‍ത്ഥനയ്ക്കായി കൂട്ടിക്കൊണ്ടുപോയി മതം മാറ്റാന്‍ നടത്തുന്ന നിരന്തര ശ്രമത്തിനെതിരെ തദ്ദേശവാസികള്‍ ആറ്റിങ്ങലില്‍ പ്രതികരിച്ചതാണ് പിണറായിയുടെ വിഷയം. ബിഷപ്പുമാരെ നികൃഷ്ടജീവികളായി വിശേഷിപ്പിക്കുന്ന സഖാക്കളുടെ രക്ഷകവേഷം അസ്സലായി. 'ഇത് ഞങ്ങളുടെ കാര്യം. ഞങ്ങള്‍ നോക്കിക്കൊള്ളാം' എന്ന മട്ടില്‍ 'ഇതെല്ലാം ക്രിസ്ത്യാനികളുടെ കാര്യം നിങ്ങള്‍ക്കിതില്‍ എന്താ' എന്ന് ചില മതനേതാക്കള്‍ ചോദിക്കുന്നുപോലും. അതിലാണ് വിജയന്‍ സഖാവിന് സങ്കടം. 'ക്രിസ്ത്യാനികളെ ഒറ്റതിരിച്ച് ആക്രമിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ സ്വയം ഒറ്റതിരിഞ്ഞ് ശത്രുവിന്റെ ഉദ്ദേശ്യം സാധിച്ചുകൊടുക്കുകയാണോ വേണ്ടത്? അതോ ഒരുമിച്ച് നിന്ന് അക്രമത്തെ ചെറുക്കുകയാണോ? ഏതാണ് ബുദ്ധി?. ഏതാണ് ഫലപ്രദം.? മതനേതാക്കള്‍ അക്കാര്യം ആലോചിക്കട്ടെ.' 'ഇത്തരം ഘട്ടങ്ങളിലും കമ്മ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്താനാണ് ആഗ്രഹ'മെന്ന കുണ്ഠിതവും പിണറായി പ്രകടിപ്പിക്കുന്നു. കര്‍മ്മഫലമാണതെന്ന് തിരിച്ചറിയാന്‍ ഇനിയും സഖാവിന്  കഴിഞ്ഞിട്ടില്ലേ? കമ്മ്യൂണിസ്റ്റാധിപത്യം വന്നാല്‍ അവിടെ പള്ളിയുണ്ടോ? പാതിരിമാരുണ്ടോ? കമ്മ്യൂണിസം കൊടികുത്തിവാണപ്പോള്‍ മോസ്‌കോയില്‍ എത്ര പള്ളിയുണ്ടായിരുന്നു എന്നൊന്നും ചോദിക്കരുത്? ഉണ്ടായിരുന്ന പള്ളികള്‍ക്ക് എന്തുപറ്റി എന്നു പറയേണ്ടിവരുമല്ലോ? രണ്ടാമത്തെ തമ്പുരാന്റെ ലേഖനമാണ് അതിവിശേഷം. രാജഗോപാലാണ് കോടിയേരിക്കും പ്രശ്‌നം. രാജഗോപാല്‍ എന്തിനാ മത്സരിക്കുന്നതെന്നാണ് അദ്ദേഹത്തിനറിയേണ്ടത്. വര്‍ഗീയ വിദ്വേഷം വളര്‍ത്താന്‍ ഉപകരിക്കുന്ന ചേരുവകളെല്ലാം വേണ്ടുംവണ്ണം ചേര്‍ത്തുകൊണ്ടൊരുക്കിയ ലേഖനത്തില്‍ 'മരം മറഞ്ഞ് വനം കാണുന്നില്ല' എന്നപോലെയാണ്. മറ്റൊന്നും അദ്ദേഹത്തിന്റെ മനസ്സില്‍ തെളിയുന്നില്ല. കോണ്‍ഗ്രസ്സിനെക്കുറിച്ച് എതിരഭിപ്രായമൊന്നും രേഖപ്പെടുത്താത്തതാണ് ലേഖനം. മോദി സര്‍ക്കാരിന് സാധാരണക്കാരനു വേണ്ടി ഒന്നും ചെയ്യാനായില്ലെന്നും വിശദീകരിച്ചിരിക്കുന്നു. അതേസമയം എസ്എന്‍ഡിപിയെ വിഴുങ്ങാന്‍ ആര്‍എസ്എസ് ശ്രമമെന്ന വിചിത്രവാദമുഖം മറ്റൊരു പേജില്‍ വലിയ വാര്‍ത്തയുമാക്കിയിരിക്കുന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി സംഘടനകളെ മാത്രമല്ല ശ്രീനാരായണ ഗുരുവിനെപ്പോലും അധിക്ഷേപിച്ച ചരിത്രമാണ് സിപിഎമ്മിന് എന്നത് സൗകര്യപൂര്‍വ്വം പാര്‍ട്ടി സെക്രട്ടറി മറന്നിരിക്കുന്നു. എസ്എന്‍ഡിപി വേദികളില്‍ ആര്‍എസ്എസുകാരെ കയറ്റുന്നതില്‍ ശ്രീനാരായണ ഭക്തരില്‍ ആശങ്കയുണ്ടത്രെ. ശ്രീനാരായണഗുരുവിനെ ശൂലത്തില്‍ കുത്തിയെടുക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നും എസ്എന്‍ഡിപിയെ മതവര്‍ഗീയ സംഘടനയുടെ ഭാഗമാക്കരുതെന്നും കോടിയേരി ഉപദേശിച്ചിരിക്കുകയാണ്. ഇതൊന്നും അരുവിക്കരയിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പറ്റിയ മരുന്നല്ലെന്ന് കോടിയേരി തിരിച്ചറിയണം. ഗുരുമന്ദിരങ്ങള്‍ ഒന്നൊന്നായി തച്ചുടച്ച പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. ജീവിച്ചകാലത്ത് ശ്രീനാരായണഗുരുവിനെ ഒരു ക്ഷേത്രത്തിലും കയറ്റിയില്ല. അക്കാലത്ത് ആര്‍എസ്എസ് എവിടെ പോയി എന്നാണ് കോടിയേരിയുടെ ചോദ്യം. സിപിഎം അന്നെവിടെയായിരുന്നു എന്ന ചോദ്യത്തിന് തമ്പുരാന് ഉത്തരമുണ്ടോ? അരുവിക്കരയ്ക്ക് ഏറെ അകലെയല്ലല്ലോ അരുവിപ്പുറം. അവിടെയാണ് കോടിയേരി ഉള്‍പ്പെട്ട സവര്‍ണമേധാവികളുടെ എതിര്‍പ്പിനെ അവസരമായെടുത്ത് ഗുരുദേവന്‍ ഈഴവ ശിവനെ പ്രതിഷ്ഠിച്ചത്. അതിന്റെ നൂറാം വാര്‍ഷികമായിരുന്നു 1988 ഫിബ്രുവരിയില്‍ നടത്തിയത്. അതില്‍ പങ്കെടുക്കാന്‍ ശിവഗിരി മഠത്തിന്റെയും ഒ.രാജഗോപാലിന്റെയും ശ്രമഫലമായി എല്‍.കെ. അദ്വാനി എത്തി. ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിനെയും ക്ഷണിച്ചിരുന്നു. നമ്പൂതിരിപ്പാടിന്റെ സവര്‍ണ്ണമനസ്സ് ക്ഷണം സ്വീകരിക്കാന്‍ സമ്മതിച്ചില്ല. പക്ഷെ ഒരു കാര്യം ചെയ്തു. അരുവിപ്പുറം പ്രതിഷ്ഠയെ അനുസ്മരിച്ച് ലേഖനമെഴുതി. അതില്‍ പറഞ്ഞത് 'ശ്രീനാരായണന്റെ(ഗുരു എന്നു പറഞ്ഞില്ല) ആശയങ്ങള്‍ക്ക് പിന്തിരിപ്പന്‍ സ്വഭാവമാണുള്ളത്' എന്നാണ്. അതേ ലേഖനത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയും ഗുരുവിന്റെ ഉത്തമ ശിഷ്യനുമായ കുമാരനാശാനെ അധിക്ഷേപിക്കാനും നമ്പൂതിരിപ്പാട് മറന്നില്ല. 'മഹാരാജാവില്‍ നിന്നു പട്ടുംവളയും സ്വീകരിച്ച വിദ്വാനാണത്' എന്നാണ് മഹാകവിയെ വിശേഷിപ്പിച്ചത്. ഗുരുദേവനെ ആരാധിക്കുകയും അംഗീകരിക്കുകയും ചെയ്ത പാരമ്പര്യമാണ് ആര്‍എസ്എസിനുള്ളത്. ആര്‍എസ്എസിന്റെ നിത്യശാഖയിലെ പ്രാതഃസ്മരണയിലെ ഗുരുപരമ്പരയില്‍ ശ്രീനാരായണഗുരുദേവന് ഉത്തമസ്ഥാനമാണ് നല്‍കിയിട്ടുള്ളത്. ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം 1967ല്‍ കോഴിക്കോട് നടന്നപ്പോള്‍ സമ്മേളനനഗരി ഗുരുദേവന്റെ പേരിലായിരുന്നു. ഗുരുദേവനെ അഖിലേന്ത്യാതലത്തില്‍ പരിചയപ്പെടുത്തിയ സമ്മേളനമായിരുന്നു അത്. എസ്എന്‍ഡിപിക്ക് ഉപദേശം നല്‍കുന്ന കോടിയേരി തലശേരിക്കാരനാണല്ലോ.! മലബാറില്‍ വെള്ളാപ്പള്ളി മുന്‍കൈയെടുത്ത് എസ്എന്‍ഡിപി യോഗ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമം നടത്തി. കുറുവടിയും കൊടുവാളും  കൈബോംബുമായിട്ടല്ലേ പിണറായിയുടെയും കോടിയേരിയുടെയും സഖാക്കള്‍ നേരിട്ടത്. എവിടെയെങ്കിലും എസ്എന്‍ഡിപി പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ അങ്ങിനെയൊരു സംഭവമുണ്ടായിട്ടുണ്ടോ? കൊടുത്തവന്‍ മറന്നാലും കൊണ്ടവന്‍ മറക്കില്ല. തമ്പുരാക്കന്മാര്‍ പ്രകടിപ്പിക്കുന്ന കാപട്യം രാജഗോപാലിന്റെ തലയ്ക്കല്ല, സഖാക്കള്‍ക്കാണ് നന്നേ ചേരുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.