എസ്എഫ്‌ഐ തകരുകയാണെന്ന് സംഘടനാ റിപ്പോര്‍ട്ട്

Friday 19 June 2015 11:50 pm IST

തൃശൂര്‍: പല രീതിയിലും എസ്എഫ്‌ഐ ശോഷിച്ചുവരികയാണെന്നും സംഘടനയില്‍ കടുത്ത വിഭാഗീയതയാണെന്നും സംഘടനാ റിപ്പോര്‍ട്ട്. ജില്ലാ കമ്മിറ്റികളില്‍ പലതും വെറും മൊബൈല്‍ ഫോണ്‍ കമ്മിറ്റികളായി മാറിയെന്നും  തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍  അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ പോയാല്‍ എസ്എഫ്‌ഐ നാമാവശേഷമാകുമെന്നും റിപ്പോര്‍ട്ടില്‍ വിലപിക്കുന്നു. ജില്ലാ സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടുകളും സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടുമാണ് പ്രതിനിധികള്‍ക്ക് നല്‍കിയത്. പല ജില്ലകളിലും സര്‍ക്കുലര്‍ കമ്മിറ്റികളാണ്. സമരങ്ങള്‍ ഏറ്റെടുക്കാനോ ഏറ്റെടുത്തവ വിജയിപ്പിക്കാനോ സാധിച്ചില്ല. അംഗങ്ങളുടെ പങ്കാളിത്തക്കുറവ് സമരങ്ങളെ പിന്നോട്ടടിച്ചു. എസ്എഫ്‌ഐ മുഖമാസികയായ സ്റ്റുഡന്റിന്റെ വരിക്കാരുടെ എണ്ണവും വന്‍തോതില്‍ കുറഞ്ഞു. വിദ്യാര്‍ത്ഥിനി വിഭാഗത്തിലും അംഗസംഖ്യ താണു. 2012-ലെ സംസ്ഥാന സമ്മേളനത്തിനുശേഷം സംഘടനയ്ക്ക് വളര്‍ച്ചയുണ്ടായിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലാ കമ്മിറ്റികളില്‍ കടുത്ത വിഭാഗീയതയാണ്. എറണാകുളം ജില്ലയില്‍ വിഭാഗീയത പരിഹരിക്കുംതോറും രൂക്ഷമാവുന്നു. മഹാരാജാസ് പോലുള്ള കോളേജുകളില്‍  വര്‍ഷം തോറും  സീറ്റുകള്‍ കുറഞ്ഞുവരുന്നുണ്ട്.  അംഗത്വവിതരണമുള്‍പ്പെടെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ജില്ലാകമ്മിറ്റികള്‍ വീഴ്ച വരുത്തുകയും ചെയ്യുന്നു. സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന തൃശൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സര്‍വ്വകലാശാല തെരഞ്ഞെടുപ്പുകളില്‍  ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന വോട്ടുകള്‍ പോലും കിട്ടിയില്ല. കോഴിക്കോട് സര്‍വ്വകലാശാല യൂണിയന്‍ ജില്ലാ എക്‌സിക്യൂട്ടീവ് നഷ്ടമായതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ജില്ലാ നേതൃത്വത്തിനാണെന്നും പുതിയ കുട്ടികളെ ആകര്‍ഷിക്കാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.