യോഗാ ദിനത്തില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ ശക്തമാക്കി

Saturday 20 June 2015 12:26 pm IST

ന്യൂദല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് രാജ്‌പഥില്‍ നടക്കുന്ന ചടങ്ങിനിടെ പറക്കുന്ന വസ്തുക്കളില്‍ നിന്നും ഭീകരാക്രമണ സാധ്യതയുണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ആകാശമാര്‍ഗമുള്ള ഭീഷണി ഒഴിവാക്കാനായി പട്ടങ്ങള്‍, ബലൂണുകള്‍, ഗ്ലൈഡറുകര്‍, സൂക്ഷ്മമായ പറക്കും വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നത് ദല്‍ഹി പൊലീസ് നിരോധിച്ചു. ഇതോടൊപ്പം ചടങ്ങിന്റെ ആകാശദൃശ്യമെടുക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. സുരക്ഷാ സംഘങ്ങളോട് അതീവ ജാഗ്രത പുലര്‍ത്താന്‍ ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്പഥിലും സമീപസ്ഥലങ്ങളിലുമായി ദല്‍ഹി പൊലീസ് ഉള്‍പ്പടെ അയ്യായിരത്തോളം ആയുധധാരികളായ സുരക്ഷാ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. മുപ്പത്തിയേഴായിരത്തോളം ജനങ്ങള്‍ രാജ്‌പഥില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. അന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം വിദേശികളും ചടങ്ങില്‍ പങ്കെടുക്കും. ബാബാ രാംദേവ് ഉള്‍പ്പടെയുള്ള നാല് യോഗാവിദഗ്ധ‌ര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും. 28 വലിയ സ്ക്രീനുകളിലൂടെ ഇവരുടെ യോഗാപ്രകടനങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 6.40ന് എത്തിച്ചേരും. ആമുഖ പ്രസംഗത്തിന് ശേഷം ഏഴ് മണിക്ക് ആരംഭിക്കുന്ന 35 മിനിറ്റ് ദൈര്‍ഘ്യമുള്ള യോഗാ പ്രദര്‍ശനത്തിലും അദ്ദേഹം പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.