ഹൗസ് സര്‍ജന്‍മാര്‍ പണിമുടക്കി; മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താറുമാറായി

Saturday 20 June 2015 8:49 pm IST

തിരുവനന്തപുരം: സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൗസ് സര്‍ജന്‍മാരുടെ സൂചനാപണിമുടക്കിനെത്തര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താറുമാറായി. രാവിലെ എഴുമുതല്‍ 24 മണിക്കൂറായിരുന്നു പണിമുടക്ക്. സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ എണ്ണൂറിലേറെ ഹൗസ് സര്‍ജന്മാരാണ് സമരം ആരംഭിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗം, ലേബര്‍ റൂം എന്നിവയുള്‍പ്പെടെ ബഹിഷ്‌കരിച്ചാണ് ഇവര്‍ സമരരംഗത്ത് ഇറങ്ങിയിരിക്കുന്നത്. സമരം രോഗികളെയും ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി നല്‍കിവരുന്ന സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുക, ഡ്യൂട്ടി സമയം കുറയ്ക്കുക, ന്യായമായ അവധി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 24 മണിക്കൂര്‍ നീളുന്ന സൂചനാ സമരം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ സമരം അനാവശ്യമാണെന്ന് ആരോഗ്യ മന്ത്രി വി. എസ്. ശിവകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സമയത്ത് സമരം നടത്തുന്നത് ശരിയല്ലെന്നും ചര്‍ച്ച നടത്തി പരിഹാരം കാണാമെന്നും ഹൗസ് സര്‍ജന്മാരെ അറിയിച്ചിരുന്നതാണ്. അതിന് തയാറാകാതെയാണ് സമരം നടത്തുന്നത്. സമരം കര്‍ശനമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റൈപ്പന്റ് 15,000 രൂപയില്‍നിന്ന് 23,000 രൂപയായി വര്‍ധിപ്പിക്കണമെന്നതാണ് ഡോക്ടര്‍മാരുടെ ആവശ്യം. ഐഎംഎ, കെജിഎംസിടിഎ, മെഡിക്കല്‍ പി.ജി. അസോസിയേഷന്‍, കോളജ് യൂണിയനുകള്‍ എിവരുടെ പിന്തുണ ഹൗസ് സര്‍ജന്‍മാരുടെ സമരത്തിനുണ്ട്. പണിമുടക്കിന്റെ ഭാഗമായി ഹൗസ് സര്‍ജന്‍മാര്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. 8 മണിക്കൂര്‍ മുതല്‍ 92 മണിക്കൂര്‍ വരെ വിശ്രമമില്ലാതെ ഡ്യൂട്ടി നോക്കുന്ന തങ്ങള്‍ക്ക് വര്‍ഷത്തില്‍ 20 ലീവ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. നിലവിലെ ജീവിത സാഹചര്യത്തില്‍ മൂന്നു വര്‍ഷത്തിന് മുമ്പ് വര്‍ധിപ്പിച്ച സ്‌റ്റൈപ്പന്‍ഡ് അപര്യാപ്തമാണെന്നും ഹൗസ് സര്‍ജന്മാര്‍ പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം വന്നില്ലെങ്കില്‍ ഈ മാസം 25 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.