അത് സ്വാതന്ത്യ സമരമായിരുന്നു

Friday 26 June 2015 8:53 am IST

ബ്രിട്ടീഷ്‌രാജിന് ശേഷം ഭാരതം കണ്ട ഏറ്റവും കടുത്ത ജനാധിപത്യധ്വംസനം ഏതെന്നു ചോദിച്ചാല്‍ ഭാരത ചരിത്രം കൃത്യമായി മനസ്സിലാക്കുന്നവര്‍ക്ക് ഒരു നിമിഷം പോലും വേണ്ടി വരില്ല ഉത്തരം നല്‍കാന്‍. 1975 ജൂണ്‍ മുതല്‍ 1977 മാര്‍ച്ച് വരെയുള്ള ആഭ്യന്തര അടിയന്തരാവസ്ഥ! പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ സ്വേച്ഛാധിപത്യ വാഴ്ച. ഭാരതത്തില്‍ ഇരുള്‍ മൂടിയ കാലഘട്ടം. പൗരാവകാശം വെറും ഏട്ടിലെ പശു. പൗരസ്വാതന്ത്ര്യം വട്ടപ്പൂജ്യം. ആവിഷ്‌കാര സ്വാതന്ത്ര്യം സങ്കല്‍പം മാത്രം. മാധ്യമ സ്വാതന്ത്ര്യം ജയിലിലേക്കുള്ള അതിവേഗപ്പാത. പ്രതിപക്ഷം എന്നാല്‍ ജയിലില്‍ കിടക്കാന്‍ വിധിക്കപ്പെട്ട ഒരു വര്‍ഗം. ഭരണകക്ഷി എന്നാല്‍ 'അമ്മക്കും മക്കള്‍ക്കും' അവരുടെ കുടുംബവാഴ്ചക്കും ഓശാന പാടുന്ന ഒരു വിദൂഷക സംഘം... എന്നാല്‍ ഈ മനോവൈകല്യങ്ങള്‍ക്കെല്ലാം ഇന്ദിരാഗാന്ധി ചില മുരട്ടു ന്യായീകരണങ്ങള്‍ നിരത്തിയിരുന്നു. ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും അച്ചടക്കമില്ലായിരുന്നു പോലും. ജയപ്രകാശ് നാരായണ്‍ നടത്തിയിരുന്ന സമ്പൂര്‍ണ്ണ വിപ്ലവസമരത്തിനു പേശീബലം കൊടുക്കുന്നത് സിഐഎ ഏജന്റുമാരായ ആര്‍എസ്എസുകാര്‍. അങ്ങനെ ഭാരതത്തിന്റെ ഭരണം ഏറ്റെടുക്കാനുള്ള ആര്‍എസ്എസ് തന്ത്രം തകര്‍ക്കണമെങ്കില്‍ ഇങ്ങനെ ഒരു കടുത്ത നടപടി കൂടിയേ തീരൂ. എവിടെയും സിഐഎ-ആര്‍എസ്എസ് ഗൂഢാലോചന തന്നെ. ബീഹാറിലെ സമഷ്ടിപ്പൂരില്‍ 1975 ജനുവരി രണ്ടിനു നടന്ന ബോംബ് സ്‌ഫോടനത്തിന്റെ ഫലമായി പിറ്റേന്ന് (ജനുവരി മൂന്ന്) മരണപ്പെട്ട അന്നത്തെ റെയില്‍വേ മന്ത്രി എല്‍.എന്‍. മിശ്രയുടെ കൊലപാതകം, തന്നെ (പ്രധാനമന്ത്രിയെ) വധിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഒരു റിഹേഴ്‌സല്‍ മാത്രം. തന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കാന്‍ വേണ്ടി മാത്രം ഉണ്ടായ 1975 ജൂണ്‍ 12ലെ അലഹാബാദ് ഹൈക്കോടതി വിധി സിഐഎ-ആര്‍എസ്എസ് ഗൂഢാലോചനയുടെ ഫലം! എന്നിങ്ങനെയായിരുന്നു അവരുടെ ആരോപണങ്ങളുടെ, ന്യായീകരണങ്ങളുടെ നീണ്ടനിര. എന്നാല്‍, അടിയന്തരാവസ്ഥ എന്ന ചരിത്രത്തിലെ ആ ക്രൂരമായ വൈകല്യത്തിന് കാരണമെന്തായിരുന്നു? അത് അഴിമതിയുടെ പെരുന്നാള്‍ ദിനങ്ങളായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരണത്തില്‍ അഴിമതിയുടെ കൂത്തരങ്ങായി മാറി രാജ്യം. ബീഹാറിലെ മുഹമ്മദ് ഗഫൂര്‍ മന്ത്രിസഭയും പിന്നീട് ഗുജറാത്തിലെ ചിമന്‍ഭായ്പട്ടേല്‍ മന്ത്രിസഭയും അഴിമതി മാര്‍ച്ചില്‍ ഏറെ മുന്നിലായിരുന്നു. ഇരു സംസ്ഥാനങ്ങളിലും എബിവിപിയുടെ നേതൃത്വത്തില്‍ നവ നിര്‍മാണ്‍ സമിതി രൂപീകരിച്ചു, ആ സര്‍ക്കാരുകളുടെ രാജിക്കായി സമരം ആരംഭിച്ചു. ബീഹാറില്‍ സോഷ്യലിസ്റ്റ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍പ്പെട്ടവരും എബിവിപിയോടൊപ്പം സഹകരിച്ചു. ബീഹാറിലെ ഇന്നത്തെ പ്രതിപക്ഷ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോദി കണ്‍വീനറായിരുന്ന നവനിര്‍മാണ്‍ സമിതിയുടെ ഭാരവാഹികളായിരുന്നു ഇന്നത്തെ ബിജെപി വിരുദ്ധ ജനതപരിവാര്‍ നേതാക്കളായ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും മറ്റും. അതിന്റെയെല്ലാം കടിഞ്ഞാണ്‍ പിടിച്ചത് അന്ന് ബീഹാറില്‍ ആര്‍എസ്എസ് വിഭാഗ് പ്രചാരകനും പിന്നീട് എബിവിപി നേതാവും അതും കഴിഞ്ഞു ബിജെപി ദേശീയസംഘടന കാര്യദര്‍ശിയും സ്വദേശി പ്രസ്ഥാന വിദഗ്ധനുമായിതീര്‍ന്ന കെ.എന്‍. ഗോവിന്ദാചാര്യ. എല്ലാവര്‍ക്കും ആചാര്യനായി മുതിര്‍ന്ന ആര്‍എസ്എസ് നേതാവും അന്നത്തെ സര്‍സംഘചാലക് സ്വര്‍ഗീയ ബാലാസാഹെബ് ദേവറസിന്റെ ഇളയ സഹോദരനുമായിരുന്ന സ്വര്‍ഗീയ ബാവുറാവു ദേവറസ്. ഗുജറാത്തിലും അവിടത്തെ എബിവിപി നേതാക്കള്‍ തന്നെയായിരുന്നു നവനിര്‍മ്മാണ്‍ സമിതി നേതാക്കള്‍. 1974 ആയപ്പോഴേക്കും അഴിമതി വിരുദ്ധ സമരത്തിന്റെ നേതൃത്വത്തിലേക്ക് ജയപ്രകാശ് നാരായണ്‍ (ജെപി) വന്നെത്തിയപ്പോള്‍ ഇന്ദിരയും അവരുടെ കോണ്‍ഗ്രസ് പാര്‍ട്ടിയും വിറളി പിടിച്ചു തുടങ്ങി. പാട്‌നയില്‍ നടന്ന പ്രതിഷേധറാലിയില്‍ കിരാത മര്‍ദ്ദനമുറകള്‍ അഴിച്ചുവിട്ട മുഖ്യമന്ത്രി ഗഫൂറിന്റെ പോലീസ് ജെപിയെ പോലും ആക്രമിച്ചു. അദ്ദേഹത്തിന്റെ തലയ്ക്കു നേരെ നീങ്ങിയ ലാത്തി, ജനസംഘം നേതാവും സംഘപ്രചാരകനുമായിരുന്ന നാനാജി ദേശ്മുഖ് തടഞ്ഞില്ലായിരുന്നെങ്കില്‍ ആ തല ചിന്നിച്ചിതറി പോകുമായിരുന്നുവെന്നതിന് തെളിവായിരുന്നു എല്ലുപൊട്ടിയ നാനാജിയുടെ വലതു കൈ. തുടര്‍മാസങ്ങളില്‍ എബിവിപിയും ജനസംഘവുമായുള്ള ജെപിയുടെ ബന്ധം കൂടുതല്‍ ദൃഢമായി. ആ ബന്ധം ജെപിയെ സംഘത്തിന്റെ ശിക്ഷാ വര്‍ഗുകളിലെ (ഓടിസി എന്ന് അറിയപ്പെടുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശീലന ശിബിരം) സന്ദര്‍ശകനാക്കി. അത്തരം ശിബിരങ്ങളില്‍ നിന്നാണ് സംഘം ഫാസിസ്റ്റ് ആണെങ്കില്‍ ഞാനും ഫാസിസ്റ്റ് ആണെന്ന സുപ്രസിദ്ധവും സുധീരവുമായ ജെപി വചനം ജനങ്ങള്‍ കേട്ടത്. അതോടെ ഗാന്ധിയന്മാരും സംഘവുമായി അടുത്തു. അത് ഇന്ദിരാഗാന്ധിയേയും അവരുടെ കോക്കസിനെയും വിഭ്രാന്തിയിലാക്കി. അതിന്റെ ഫലമായിരുന്നു കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടയില്‍ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ നേതൃത്വത്തില്‍ ജെപിയുടെ നേരെ നടന്ന ഗുണ്ടാക്രമണം. അതില്‍ ജെപിയുടെ കുര്‍ത്ത വലിച്ചുകീറപ്പെട്ടു. ദാസ് മുന്‍ഷി, ജെപിയുടെ വാഹനത്തിനു മുകളില്‍ നിന്ന് നൃത്തം ചെയ്തു. ഇന്ദിരയുടെ ഫാസിസ്റ്റ് മനസ്ഥിതി രൂപപ്പെട്ടതിന്റെ രീതിയും പശ്ചാത്തലവും വിവരിക്കാനാണ് ഇത്രയും പറഞ്ഞത്. അതിനിടെയാണ് 1975 ജൂണ്‍ 12ലെ അലഹാബാദ് ഹൈക്കോടതി വിധി. ഇന്ദിരയുടെ 1971ലെ പൊതുതെഞ്ഞെടുപ്പിലെ വിജയത്തിനെതിരെ പരാജയപ്പെട്ട സ്ഥാനാര്‍ഥി രാജ് നാരായണ്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് ജഗ്‌മോഹന്‍ ലാല്‍ സിന്‍ഹയുടെ ചരിത്രപ്രസിദ്ധമായ വിധി. വിധി ഇന്ദിരയുടെ 1971ലെ തെരെഞ്ഞെടുപ്പ് അസാധുവാക്കി; തെരഞ്ഞെടുക്കപ്പെട്ട പദവികള്‍ ആറ് വര്‍ഷത്തേക്ക് സ്വീകരിക്കുന്നത് തടഞ്ഞു. സര്‍ക്കാര്‍ സംവിധാനം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചതിന് ജനപ്രാതിനിധ്യ നിയമത്തിന്റെ 123 (7) വകുപ്പ് പ്രകാരം ഇന്ദിരാഗാന്ധി കുറ്റം ചെയ്തു എന്ന് ജസ്റ്റിസ് കണ്ടെത്തുകയായിരുന്നു. ജെപിയും പ്രതിപക്ഷ കക്ഷികളും ഇന്ദിര രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ മൊറാര്‍ജിയുടെ അനിശ്ചിതകാല നിരാഹാരത്തിന്റെ ഫലമായി ഗുജറാത്തിലെ ചിമന്‍ഭായ് മന്ത്രിസഭ അതേ വര്‍ഷം മാര്‍ച്ച് 16-നു രാജിവെച്ചിരുന്നു. തുടര്‍ന്നുണ്ടായ നിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലവും യാദൃച്ഛികമെന്നോണം അലഹാബാദ് ഹൈക്കോടതി വിധി വന്ന ജൂണ്‍ 12നു തന്നെയായിരുന്നു. അവിടെ ഭരണത്തില്‍ വന്നതു സംഘടനാകോണ്‍ഗ്രസ്, ജനസംഘം, ബിഎല്‍ഡി, എസ്പി എന്നീ പാര്‍ട്ടികളുടെ കൂട്ടായ്മയായ ജനത ഫ്രണ്ട്! ഈ രണ്ടു സംഭവങ്ങളും വരാനിരിക്കുന്ന വന്‍പ്രഹരങ്ങളുടെ സൂചനയാണെന്ന് ഇന്ദിരയും കോക്കസും മനസ്സിലാക്കി. ഉടന്‍തന്നെ രാജ്യമെമ്പാടും കോണ്‍ഗ്രസ് പ്രകടനങ്ങള്‍ തുടങ്ങി. ഇന്ദിര രാജി വെയ്ക്കരുത്, അലഹാബാദ് ഹൈക്കോടതി വിധി ഫാസിസ്റ്റ് ഗൂഢാലോചന, ആര്‍എസ്എസ് അധികാരം പിടിച്ചെടുക്കാന്‍ വരുന്നു എന്നൊക്കെയായിരുന്നു നുണപ്രചാരണങ്ങളുടെ ശൃംഖല. കോടതി വിധി വന്ന ദിവസം തന്നെ കോരിച്ചൊരിയുന്ന ഇടവപ്പാതിയില്‍ കൊച്ചിയിലും നടന്നു പ്രകടനം. പങ്കെടുത്തത് പതിനെട്ടുപേര്‍. നയിച്ചത് അന്നത്തെ കെപിസിസി അധ്യക്ഷനും യുവ കോണ്‍ഗ്രസ് നേതാവും ഇന്ദിരയുടെ കണ്ണിലുണ്ണിയുമായിരുന്ന നമ്മുടെ 'ആദര്‍ശധീരന്‍' എ.കെ. ആന്റണിയും അന്നത്തെ പ്രമുഖ വനിതാ കോണ്‍ഗ്രസ് നേതാവായിരുന്ന പരേതയായ ലീലാ ദാമോദരമേനോനും. അവരുടെ മുദ്രാവാക്യവും മേല്‍പ്പറഞ്ഞ അഖില ഭാരത പാറ്റേണില്‍ തന്നെ. യുപി, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് ദിവസവും നിരക്ഷരായ ജനങ്ങളെ പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പില്‍ ലോറികളില്‍ ഇറക്കി. അവരും മുമ്പ് പറഞ്ഞ മുദ്രാവാക്യം വിളിച്ചു ദിവസക്കൂലിയും വാങ്ങി തിരിച്ചു പോയി. ഇതിനിടെ ഇന്ദിരാഗാന്ധിക്ക് കിട്ടിയ ഒരു ഇടക്കാലാശ്വാസമായിരുന്നു അലഹാബാദ് വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന അപ്പീലില്‍ അവധിക്കാല ചുമതല വഹിച്ചിരുന്ന ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യരുടെ വിധി. കൃഷ്ണയ്യര്‍ 1975 ജൂണ്‍ 24നു ഇന്ദിരക്ക് നല്‍കിയത് ഒരു 'സോപാധിക സ്‌റ്റേ' ആയിരുന്നു. അതായത്, ഇന്ദിര പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ പങ്കെടുക്കുകയോ വോട്ട് ചെയ്യുകയോ അരുത്. കേസ് കുറച്ചു കൂടി വിശാലമായ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആ വിധി പ്രകാരം ഇന്ദിരക്ക് പ്രധാനമന്ത്രിയായി തുടരാം എന്നു തന്നെ ! ആ വിധിയുടെ ബലത്തില്‍ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ നിയമത്തിന്റെ വയ്‌ക്കോല്‍ത്തുമ്പ് ലഭിച്ചതിനാലാണ് ഇന്ദിരക്ക് പിറ്റേന്ന് അര്‍ദ്ധരാത്രി, ജൂണ്‍ 25ലെ അന്തിമയാമങ്ങളില്‍ ഭാരതത്തിലെ ജനാധിപത്യ വ്യവസ്ഥക്ക് തിരശ്ശീല വീഴ്ത്തിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അവസരം കിട്ടിയത്. ജ. കൃഷ്ണയ്യര്‍ തന്റെ അന്തിമ നിമിഷം വരെ അതില്‍ ദുഃഖിച്ചിരുന്നു എന്നത് സത്യം. ചില മാധ്യമങ്ങളോട്, ഇങ്ങനെ ഒരു പ്രതികരണം ഇന്ദിരയില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്; ഈ ലേഖകനോട് വ്യക്തിപരമായും. 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ഇന്ദിരക്ക് പ്രധാനമായും രണ്ടു ലക്ഷ്യങ്ങളാണുണ്ടായിരുന്നത്: ഒന്ന് അധികാരം നിലനിര്‍ത്തുക. രണ്ട്, ആര്‍എസ്എസ്സിനെയും ജനസംഘത്തെയും വകവരുത്തുക. ഇത് മനസ്സിലാക്കിയ അന്നത്തെ ആര്‍എസ്എസ് സര്‍ സംഘചാലക് ബാലാസാഹെബ് ദേവറസ് ജൂണ്‍ 30ന് നാഗ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ എഴുതി: 'അലഹാബാദ് വിധി ഇന്ദിരാഗാന്ധിയുടെ സമനില തെറ്റിച്ചതുപോലെ. അവര്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നു. ഇതിനെ സര്‍വ്വശക്തിയും ഉപയോഗിച്ചെതിര്‍ക്കണം. ജനാധിപത്യം പുനഃസ്ഥാപിക്കുന്നത് വരെ സംഘപ്രവര്‍ത്തകര്‍ക്ക് വിശ്രമമില്ല.' അന്ന് സംഘത്തെ നിരോധിച്ചിട്ടില്ലായിരുന്നെങ്കിലും നിരോധനം ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നും, നിരോധനം ഉണ്ടായാല്‍, അത് പിന്‍വലിപ്പിക്കുന്നതിലും പ്രധാനം ജനാധിപത്യം പുനഃസ്ഥാപിക്കുന്ന കര്‍മ്മത്തിലാണെന്നും അദ്ദേഹം പറയാതെ പറയുകയായിരുന്നു. അടിയന്തരാവസ്ഥ നിലവില്‍ വന്ന ജൂണ്‍ 25 രാത്രി തന്നെ ജെപി ഉള്‍പ്പെടെ ഭാരതത്തിലെ പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ എല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. അടല്‍ജി, അദ്വാനിജി, മധു ദന്തവതെ, മധു ലിമായെ, മൊറാര്‍ജി, അശോക് മേത്ത, രവീന്ദ്ര വര്‍മ്മ എന്നിങ്ങനെ പ്രമുഖരുടെ ഒരു നീണ്ടനിര തന്നെ. നാനാജി ദേശ്മുഖ്, സുന്ദര്‍ സിംഗ് ഭണ്ഡാരി തുടങ്ങിയ മുതിര്‍ന്ന ജനസംഘം നേതാക്കളും സുബ്രഹ്മണ്യം സ്വാമിയേപ്പോലുള്ള യുവ നേതാക്കളും ഒളിവില്‍ പോയി പ്രവര്‍ത്തനം തുടങ്ങി. ഏതായാലും അവര്‍ സംഘത്തെ നിരോധിക്കുക തന്നെ ചെയ്തു, ജൂലൈ നാലിനു സന്ധ്യക്ക്. അന്ന് രാത്രി തന്നെ പോലീസ് സംസ്ഥാനത്തെ എല്ലാ സംഘകാര്യാലയങ്ങളും റെയ്ഡ് ചെയ്യാന്‍ തുടങ്ങി. കിട്ടിയവരെയെല്ലാം അറസ്റ്റ് ചെയ്തു. എല്ലാവര്‍ക്കും കള്ളകേസുകള്‍. എല്ലാം മിസയും (മെയ്ന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട്), ഡിഐആറും (ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍) പ്രകാരം! ജാമ്യം നോക്കേണ്ടതില്ല ! 'കമ്മിറ്റഡ് ജുഡീഷ്യറി'യുടെ, സര്‍ക്കാരിന്റെ എറാന്‍മൂളികളായ കോടതികളുടെ, വിധി വരുമ്പോള്‍ മാസങ്ങള്‍ക്ക് ശേഷം ജയില്‍ മോചനം! മുതിര്‍ന്നവര്‍ക്കെല്ലാം മിസ. അറസ്റ്റിന് വാറന്റ് വേണ്ട, കോടതി വേണ്ട, വിചാരണ വേണ്ട, എത്ര വര്‍ഷം വേണമെങ്കിലും ഇരകളെ സര്‍ക്കാരിന് ജയിലിലടയ്ക്കാം ! കേരളത്തില്‍ സംഭവിച്ചത് കേരളത്തില്‍ എന്തുണ്ടായി? സംഘത്തിന്റെ കേരള പ്രാന്തകാര്യാലയമായ മാധവനിവാസിന്റെ സ്വന്തം കെട്ടിടം എളമക്കരയില്‍ പണിതീര്‍ന്ന്, ഗൃഹപ്രവേശം 1975 ജൂണ്‍ 26നായിരുന്നു. കേരളത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകരെല്ലാം ഹാജരാണെങ്കിലും ക്ഷേത്രീയ പ്രചാരക് സ്വര്‍ഗീയ യാദവറാവു ജോഷിയുടെ നേതൃത്വത്തിലുള്ള ചടങ്ങിന്റെ ശോഭ, ഭാരതത്തിലെ ഇരുള്‍ നിറയുന്ന പുതിയ അന്തരീക്ഷം, അല്‍പമെങ്കിലും കുറച്ചിരുന്നു എന്ന് തന്നെയാണ് 'ആഘോഷ കമ്മിറ്റി'യിലെ ഒരംഗം (സംഘ ഭാഷയില്‍ പ്രബന്ധകന്‍) ആയി അന്നവിടെ പ്രവര്‍ത്തിച്ചിരുന്ന ഈ ലേഖകന്റെ ഓര്‍മ്മ. പ്രഭാത ദിനപത്രങ്ങളിലെ വാര്‍ത്തകള്‍ക്ക് പുറമേ എന്തെങ്കിലും വിവരം കിട്ടിയിരുന്നത് യോഗങ്ങളുടെ ഇടവേളകളില്‍ പി. നാരായണന്‍ജിയുടെ പോക്കറ്റ് റേഡിയോയില്‍നിന്ന് മാത്രം. അറസ്റ്റ് ചെയ്യപ്പെട്ടവരുടെയെല്ലാം എണ്ണം ബിബിസി കൃത്യമായി അറിയിച്ചു. ആകാശവാണി പതിവുപോലെ ഇന്ദിരാ വാണിയായി. പ്രവര്‍ത്തനവര്‍ഷാരംഭത്തില്‍ പതിവുപോലെ നടക്കുന്ന പ്രചാരക യോഗവും ജൂണ്‍ 25 മുതല്‍ പുതിയ മന്ദിരത്തില്‍ നടക്കുന്നു, പക്ഷെ, ഇന്ദിരയുടെ ദുഷ്ടലാക്കിനെക്കുറിച്ച് ധാരണ കിട്ടിയ യാദവ റാവുജി, ഭാസ്‌ക്കര്‍ റാവുജി എന്നിവര്‍ ഗഹനമായ ചിന്തകള്‍ക്ക്‌ശേഷം രണ്ടാം ദിവസം ക്യാമ്പ് പിരിച്ചുവിട്ടു. പ്രചാരകന്മാരോടെല്ലാം സ്വന്തം കര്‍മ്മ ക്ഷേത്രങ്ങളില്‍ ചെന്ന് ഒളിവില്‍ (അണ്ടര്‍ഗ്രൗണ്ട് അഥവാ യുജി) പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദ്ദേശം. രണ്ടു ദിവസത്തിനകം കാര്യാലയ റെയ്ഡുകള്‍. പുതിയ മാധവ നിവാസില്‍ നടന്ന റെയ്ഡില്‍ കാര്യാലയ പ്രമുഖ് എം. മോഹനകുക്കിലിയ (ഈയിടെ അന്തരിച്ചു), കൊച്ചി മഹാനഗര്‍ പ്രചാരക് സി.കെ. ശ്രീനിവാസന്‍, എബിവിപി സംസ്ഥാന സംഘടന കാര്യദര്‍ശി കെ.ജി. വേണുഗോപാല്‍ എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എല്ലാവരും ഡിഐആര്‍ പ്രകാരം രണ്ടു മൂന്നു മാസം ജയിലില്‍; കള്ളക്കേസ് തന്നെ. കൊച്ചിയിലെ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഓഫീസില്‍ നിന്നു അറസ്റ്റ് ചെയ്യപ്പെട്ട സംസ്ഥാന സംഘടന കാര്യദര്‍ശി വി.പി. ജനാര്‍ദ്ദനന്‍, മുന്‍ഗാമിയായ ഇരവി രവി നമ്പൂതിരിപ്പാട്, ഓഫീസ് സെക്രട്ടറി സുഗുണന്‍ എന്നിവര്‍ക്കും തന്റെ ജോലി സ്ഥലത്ത് നിന്നു അറസ്റ്റ് ചെയ്യപ്പെട്ട എം. ശിവദാസിനും സ്വന്തം അരിക്കടയില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട കൊച്ചി മഹാനഗര്‍ കാര്യവാഹ് ഡി. അനന്തപ്രഭുവിന്നും ഒരേ കേസ് - കലൂരുകാരനായ ബാബുവിനെ നിര്‍ബന്ധിച്ച് സംഘത്തില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു! ജോലി കഴിഞ്ഞ് രാത്രി വൈകി വീട്ടില്‍ പോകുമ്പോള്‍ പോലിസ് വിരട്ടലിന് ഇരയായ (അന്നത്തെ കാലത്തെ സ്ഥിരം പോലീസ് നടപടിയായിരുന്നു അത്) ബാബുവിനെ വിലാസം നോക്കി കണ്ടുപിടിച്ചു കൊടുത്തതായിരുന്നു ആ കേസ്. ഈ ലേഖകന്റെ അമ്മാവന്‍ കൂടിയായ ബാബു പോലീസിന്റെ നുണക്കഥ ന്യായാധിപന്റെ മുന്നില്‍വെച്ച് പറയാനുള്ള ധാര്‍മികമായ ബുദ്ധിമുട്ട് കോടതിയില്‍ വെച്ച് കരഞ്ഞു കൊണ്ട് രഹസ്യമായി പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. പ്രതിഭാഗം വക്കീലിന് 'ചുമ്മാ' വാദിക്കാം. വിധി എങ്ങനെ വേണമെന്ന് 'കമ്മിറ്റഡ് ജുഡീഷ്യറി'ക്ക് മുകളില്‍ നിന്ന് 'വേണ്ട സമയത്ത്' 'വേണ്ട പോലെ നിര്‍ദ്ദേശം' കിട്ടിക്കൊണ്ടിരുന്നു. സംസ്ഥാനം മുഴുവന്‍ എല്ലാ ജില്ലകളിലെയും പ്രമുഖ പ്രവര്‍ത്തകര്‍ അറസ്റ്റിലായപ്പോള്‍ ആദര്‍ശനിഷ്ഠയുള്ള പുതുരക്തം ആ സ്ഥാനം ഏറ്റെടുത്തു. കേരളത്തിലെ ജനസംഘം ഒഴിച്ചുള്ള പ്രതിപക്ഷ കക്ഷികള്‍ പുതിയ സാഹചര്യത്തില്‍ പകച്ചു പോയെന്നതാണ് സത്യം. ശക്തമായ സംഘടനാ സംവിധാനമുള്ള സിപിഎം നേതാക്കളെ ആദ്യദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും സംഘടനയുടെ നയം അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടമല്ല എന്നു മനസിലാക്കി സര്‍ക്കാര്‍ പലരേയും ജയില്‍മുക്തരാക്കി. ആഗസ്ത് മാസത്തില്‍ പ്രതിപക്ഷനേതാക്കള്‍ അറസ്റ്റ് വരിക്കാന്‍ തീരുമാനിച്ചപ്രകാരം ജനസംഘം നേതാവ് ഓ. രാജഗോപാലും മറ്റും അറസ്റ്റ് വരിച്ചപ്പോള്‍ എറണാകുളത്ത് സഖാവ് എകെജിയും സഹപ്രവര്‍ത്തകരും അറസ്റ്റ് വരിച്ചു എന്നത് സത്യം തന്നെ. പക്ഷെ, തുടര്‍പ്രവര്‍ത്തനത്തിനവരാരും ഉണ്ടായിരുന്നില്ല. കോടിയേരി ബാലകൃഷ്ണനെപ്പോലുള്ള യുവാക്കളെയും സമര സന്നദ്ധരായ ചിലരെയും മാത്രം മിസയില്‍ തടവിലാക്കി. അവരില്‍ ഒട്ടുമിക്കവരും ഒരു വര്‍ഷത്തിനകം സ്വതന്ത്രരുമായി. മുതിര്‍ന്ന സിപിഎം നേതാവായ എ.പി. വര്‍ക്കി പോലും 1976 പകുതിയായപ്പോഴേക്കും സ്വതന്ത്രനായിരുന്നു. അദ്ദേഹവുമായി സ്ഥിരം സമ്പര്‍ക്കം ചെയ്യേണ്ട ചുമതല കഷ്ടിച്ചു കൗമാരം കടന്നിരുന്ന ഈ ലേഖകനായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ നേരിട്ട് പോരാട്ടം നടത്തിയില്ലെങ്കിലും അതിനെ അംഗീകരിക്കാത്ത എല്ലാ കക്ഷികളുടെയും എറണാകുളം ജില്ലയിലെ പ്രമുഖ നേതാക്കളെ സമ്പര്‍ക്കം ചെയ്യേണ്ട ചുമതലയും. സര്‍ക്കാരിനെതിരെ നേരിട്ട് പോരാടാതെ, രാഷ്ട്രീയ കാര്യങ്ങള്‍ പറയാതെ, സാമ്പത്തിക നയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന പുതിയ അടവ് നയം സിപിഎം സ്വീകരിച്ചു. തന്ത്രം ഫലിച്ചു. ഇഎംഎസ്സിനും മറ്റും ടൗണ്‍ ഹാളുകളിലും ഓഡിറ്റോറിയങ്ങളിലും പരസ്യമായി പ്രസംഗിക്കാനായി. ആ കാലത്ത് എറണാകുളം ടൗണ്‍ഹാളില്‍ അടിയന്തരാവസ്ഥയെ രാഷ്ട്രീയമായി ആക്രമിക്കാതെ ഇഎംഎസ് നടത്തിയ പ്രസംഗം കേട്ടതോര്‍ക്കുന്നു. 1975 ആഗസ്ത് ആയപ്പോഴേക്കും കേരളത്തിലെ അടിയന്തരാവസ്ഥ വിരുദ്ധ സമരം ആര്‍എസ്എസ്സിനെയും ഭാരതീയ ജനസംഘം ഉള്‍പെട്ട അനുബന്ധ പ്രസ്ഥാനങ്ങളുടെയും മാത്രം ചുമതലയായി മാറി. ജൂണ്‍ 26,27 തീയതികളില്‍ നടത്തിയ അടിയന്തരാവസ്ഥ വിരുദ്ധ ചുമരെഴുത്തുകളും 'ഇന്ദിരയുടെ അടിയന്തിരം' എന്ന ലഖുലേഖയും എം.എ. ജോണ്‍ നയിച്ച കോണ്‍ഗ്രസ് പരിവര്‍ത്തനവാദികളുടെ ശ്രദ്ധേയമായ ചെറുത്തുനില്‍പ്പുകളായിരുന്നു. അതോടെ ജോണും പത്രപ്രവര്‍ത്തകന്‍ പി. രാജനും ദേവസ്സിക്കുട്ടിയും മറ്റും ജയിലിലായി. ലോക സംഘര്‍ഷ സമിതിയുടെ പേരില്‍ ആര്‍എസ്എസ് മാസത്തില്‍ രണ്ടു പ്രാവശ്യം പ്രചരിപ്പിച്ചിരുന്ന 'കുരുക്ഷേത്രം' എന്ന അണ്ടര്‍ഗ്രൗണ്ട് (യു ജി) പത്രത്തിന്റെ എറണാകുളം മേഖല പതിപ്പിന്റെ പ്രിന്റിങ് നടത്താന്‍ വേണ്ട സഹകരണങ്ങള്‍ ദേവസ്സിക്കുട്ടിയും ജോര്‍ജും ആത്മാര്‍ത്ഥമായി നിര്‍വഹിച്ചു. പിടിക്കപ്പെട്ടാല്‍ പ്രസ്സുടമകള്‍ക്ക് പോലീസ് പീഡനത്തില്‍ മരണം പോലും ഉണ്ടാകാം. തൃശ്ശൂരിലെ പ്രമുഖ സംഘപ്രവര്‍ത്തകന്‍ എ.പി. ഭരത്കുമാര്‍ ഇങ്ങനെ മര്‍ദ്ദനമേറ്റ് നിത്യരോഗിയായിത്തീര്‍ന്ന ആളാണ്. ആര്‍എസ്എസ്സിന്റെ അഖില ഭാരതീയ സംഘടനായന്ത്രം മുഴുവന്‍ അടിയന്തരാവസ്ഥ വിരുദ്ധ പ്രവര്‍ത്തന സംവിധാനമായി മാറി. കേരളത്തിലും അതുതന്നെ ഉണ്ടായി. അടിയന്തരാവസ്ഥയുടെ ആദ്യ ദിനങ്ങളില്‍ തന്നെ പ്രമുഖ സംഘനേതാക്കളായ അഡ്വ.ടി.വി. അനന്തനും രാധാകൃഷ്ണ ഭട്ജിയുമെല്ലാം മിസ തടവുകാരായി. പിന്നീട് പലപ്പോഴായി പി.പി. മുകുന്ദനും വി.പി. ദാസനും വൈക്കം ഗോപകുമാറുമെല്ലാം മിസയിലായി. ഗോപകുമാറിന് നേരിടേണ്ടി വന്ന മര്‍ദ്ദനം സ്വതന്ത്ര ഭാരതത്തില്‍ കേട്ടുകേള്‍വിയില്ലാത്തതായിരുന്നു. എങ്കിലും സംഘടനാ യന്ത്രം യാതൊരു കോട്ടവും കൂടാതെ നിലനിന്നു, പ്രവര്‍ത്തിച്ചു. പി. നാരായണ്‍ജി, ഇക്കഴിഞ്ഞ ജൂണ്‍ നാലിന് അന്തരിച്ച മോഹന്‍ജി, കെ.ജി. വേണുഗോപാല്‍, സി.കെ. ശ്രീനിവാസന്‍, എം. ശിവദാസ് എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റ് ചെയ്യപ്പെടെങ്കിലും ഡിഐആര്‍ പ്രകാരം ശിക്ഷിക്കപ്പെട്ടു പുറത്തിറങ്ങി പിന്നീടും യു ജി പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. ആദ്യദിനങ്ങളില്‍ത്തന്നെ പോലീസ് കോഴിക്കാടുള്ള 'കേസരി' വാരിക അടച്ചു സീല്‍ ചെയ്തു. കോഴിക്കോട്ടുനിന്ന് ജന്മഭൂമി സായാഹ്നപത്രമായി തുടങ്ങിയിട്ട് രണ്ടു മാസമേ ആയിരുന്നുള്ളു. അടിയന്തരാവസ്ഥയ്‌ക്കെതിരേ ശക്തമായ ഭാഷയിലാണ് ജന്മഭൂമി വാര്‍ത്തയും മുഖപ്രസംഗങ്ങളും എഴുതിയത്. ജന്മഭൂമി പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയെ, വാര്‍ദ്ധക്യവും രോഗവും പരിഗണിക്കാതെ മാന്യമായ വസ്ത്രം ധരിക്കാന്‍ അനുവദിക്കാതെ, കണ്ണടപോലും എടുക്കാന്‍ അനുവദിക്കാതെ ഓഫീസില്‍നിന്ന് അസമയത്ത് പോലീസ് കൈയാമംവെച്ച് അറസ്റ്റുചെയ്തുകൊണ്ടുപോവുകയായിരുന്നു. ഭാരതത്തില്‍ ഒരു പത്രത്തിനും പത്രാധിപര്‍ക്കും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സ്ഥിതിവിശേഷമായിരുന്നു അത്. ജൂണ്‍ 30ന് സര്‍സംഘചാലക് ബാലസാഹെബ് ദേവറസിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ കൊച്ചിയിലെ 'രാഷ്ട്രവാര്‍ത്ത' സായാഹ്നപത്രവും പോലിസ് അടച്ചുപൂട്ടി. ജൂലൈ നാലിന് ആര്‍എസ്എസ്സിന് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. സംഘം കൂടാതെ സിപിഐ (എംഎല്‍) എന്ന നക്‌സലൈറ്റ് പ്രസ്ഥാനം, ആനന്ദമാര്‍ഗ്ഗം, ജമാഅത്തെ ഇസ്ലാമി തുടങ്ങി 27 സംഘടനകളാണ് നിരോധിക്കപ്പെട്ടത്. പക്ഷേ, ഇന്ദിരയുടെ യഥാര്‍ത്ഥ ടാര്‍ജറ്റ് ആര്‍എസ്എസ് തന്നെയായിരുന്നു.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ബിഎംഎസ് സ്ഥാപകനുമായ ദത്തോപാന്ത് ഠേംഗ്ഡി ദേശീയ നേതൃത്വത്തിന്റെ പ്രതിനിധിയായി കേരളത്തിലെത്തി. മറ്റു കക്ഷികളുടെ നേതാക്കളെ കണ്ട് അടിയന്തരാവസ്ഥക്കെതിരെ പൊതുവേദി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സിപിഎം നേതാവ് വി. വിശ്വനാഥ മേനോനെ മാത്രമാണ് അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞത്. പ്രതിപക്ഷത്തെ പ്രമുഖരെയൊന്നും കാണാനാവാതെ അദ്ദേഹം മടങ്ങി. കേരളത്തില്‍ അടിയന്തരാവസ്ഥക്കെതിരെ ശക്തമായ പ്രചാരണങ്ങള്‍ തുടങ്ങിയത് 1975 ഒക്‌ടോബര്‍ രണ്ടിന് സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം പ്രത്യക്ഷപ്പെട്ട ഗാന്ധിജയന്തി പോസ്റ്ററുകളിലൂടെയായിരുന്നു. പിന്നാലെ കൂട്ടിലിട്ട തത്തയുടെ ചിത്രത്തിനു താഴെ 'ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍' എന്നെഴുതിയ പോസ്റ്ററും ഒരു പരീക്ഷണമായി കേരളം മുഴുവന്‍ പ്രചരിപ്പിച്ചു. ഈ പരീക്ഷണങ്ങള്‍ വിജയകരമായി. എത്ര പോലിസ് ബന്തവസ് ഉണ്ടായാലും ഈ പ്രവര്‍ത്തനം സാധിക്കുമെന്നു സംഘപ്രവര്‍ത്തകര്‍ തെളിയിച്ചു. അതോടൊപ്പം തന്നെ രാജ്യവ്യാപകമായി പ്രാദേശിക ഭാഷകളില്‍ മാസത്തില്‍ രണ്ടു തവണ ഇറങ്ങുന്ന 'യു ജി' പത്രമായി കേരളത്തില്‍ 'കുരുക്ഷേത്രം' എന്ന മലയാളപത്രം ഇറങ്ങി. സെന്‍സര്‍ഷിപ്പിന്റെ 'ക്രൂരമായ കത്രിക' മൂലം സത്യവാര്‍ത്തകള്‍ അറിയാതെ ശ്വാസം മുട്ടിയിരുന്ന ജനങ്ങള്‍ക്കും പോലീസിനും ബ്യൂറോക്രാറ്റുകള്‍ക്കും 'കുരുക്ഷേത്രം' ഒരുപോലെ പ്രിയങ്കരമായി. 'കുരുക്ഷേത്രം' പ്രിന്റ് ചെയ്യുന്നതുപോലെ മരണം മണക്കുന്ന ജോലിയായിരുന്നു അതിന്റെ വിതരണവും. അര്‍ദ്ധരാത്രിയില്‍ ജീവന്‍ പണയംവെച്ചാണ് സംഘപ്രവര്‍ത്തകര്‍ അത് വീടുകളുടെ മുറ്റത്തു നിക്ഷേപിച്ചിരുന്നത്. ഉന്നതര്‍ക്ക് പോസ്റ്റലായും. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ശേഷം ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ സഖാവ്: എകെജി ചെയ്ത പ്രസംഗം അടങ്ങിയ കുരുക്ഷേത്രം കോപ്പി അന്ന് എബിവിപി സംസ്ഥാന സംഘടനാസെക്രട്ടറി കെ.ജി. വേണുഗോപാല്‍ കൊടുത്തപ്പോള്‍ അന്നത്തെ എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എം.എ. ബേബിയുടെ കണ്ണില്‍ക്കണ്ട അദ്ഭുതത്തിളക്കവും മുഖത്തെ വികാരവും ഇന്നും മനസ്സില്‍. സ്വന്തം നേതാവിന്റെ പ്രസംഗം വായിക്കാന്‍ ആര്‍എസ്എസുകാരനെ ആശ്രയിക്കേണ്ടിവന്ന അവസ്ഥ; അതായിരുന്നു സിപിഎമ്മിന്റെ അന്നത്തെസംഘടനാ സംവിധാനം ! പിന്നീട് അഖില ഭാരതീയ തലത്തില്‍ രണ്ടു മാസം നീണ്ടു നിന്ന അഹിംസാത്മക സത്യഗ്രഹം പ്രഖ്യാപിക്കാന്‍ 1975 ഒക്‌ടോബര്‍ രണ്ടിന് ആര്‍എസ്എസ് ദക്ഷിണ ഭാരത ക്ഷേത്രീയ പ്രചാരക് യാദവ് റാവു ജോഷി മട്ടാഞ്ചേരിയില്‍ വന്നു. അന്നത്തെ പ്രമുഖ പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. പ്രസ്തുത സമരത്തിന് സംഘടനാ കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റ് പാര്‍ട്ടിയും സഹകരണം വാഗ്ദാനം ചെയ്തു. 'വര്‍ഗ ശത്രുവിനോട് സഹകരിക്കുന്നതിലും ഭേദം അടിയന്തരാവസ്ഥ സഹിക്കുന്നതാണ്' എന്നുപറഞ്ഞ ചില സിപിഎം നേതാക്കളും അന്നുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് നേതാക്കള്‍ കുറച്ചുമാസം ജയില്‍വാസം കഴിഞ്ഞ് മാപ്പെഴുതി കൊടുത്ത് വിമോചിതരായി കോണ്‍ഗ്രസ് മുന്നണിയില്‍ ചേര്‍ന്നു. തന്റെ ജയില്‍ മേറ്റ് ആയിരുന്ന ബാലകൃഷ്ണ പിള്ള, ജയില്‍ മന്ത്രിയായി ജയില്‍ സന്ദര്‍ശിച്ച വിശേഷങ്ങള്‍ എല്ലാം ഓ. രാജഗോപാല്‍ ആത്മകഥയായ ജീവിതാമൃതത്തില്‍ വിശദീകരിച്ചിട്ടുണ്ടല്ലോ. ഠേംഗ്ഡിയുമായി കൂടിക്കാഴ്ചക്കായി അന്നത്തെ സംഘടനാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ കെ. ശങ്കരനാരായണനെ (പിന്നീട് മന്ത്രി, യുഡിഎഫ് കണ്‍വീനര്‍, ഗവര്‍ണര്‍) കൂട്ടിക്കൊണ്ടു വരാന്‍ ഇന്നത്തെ ബിജെപി നേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണനും ഞാനും ചേര്‍ന്ന് എറണാകുളം ബിടിഎച്ചില്‍ പോയി. താന്‍ ജയില്‍ മോചിതനായിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളെന്നും തന്റെ പിന്നില്‍ പോലീസിന്റെ ചാരക്കണ്ണുകള്‍ ഉണ്ടെന്നും, അതിനാല്‍ തന്റെ സന്ദര്‍ശനം ഠേംഗ്ഡിക്ക് അപകടമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി ശങ്കരനാരായണന്‍ ഒഴിഞ്ഞു. പകരം അവരുടെ പിസിസി സെക്രട്ടറി കെ. ഗോപാലന്‍ വന്നു. തന്റെ പാര്‍ട്ടിയുടെ 1000 പേര്‍ എങ്കിലും സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് ഗോപാലന്‍ ഠേംഗ്ഡിക്ക് വാക്ക് കൊടുത്തു. (പക്ഷെ, വന്നത് കഷ്ടിച്ച്പത്തോളം പേര്‍ !) ഒരാഴ്ച കഴിഞ്ഞപ്പോള്‍ ശങ്കരനാരായണന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് പത്രവാര്‍ത്ത വായിച്ചു ! പിന്നീട് അദ്ദേഹം എന്നും അധികാരത്തിന്റെ ഇടനാഴികളില്‍ത്തന്നെ. 1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി 14 വരെ നീണ്ട സത്യഗ്രഹത്തില്‍ കേരളത്തില്‍ നിന്ന് ആയിരക്കണക്കിന് സംഘപ്രവര്‍ത്തകര്‍ പങ്കെടുത്തു. അവരുടെയെല്ലാം പേരുവിവരങ്ങളും സത്യഗ്രഹ സ്ഥലങ്ങളും തീയതിയുമെല്ലാം ആര്‍. ഹരിയേട്ടന്‍ രചിച്ച 'ഒളിവിലെ തെളിനാളങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. സത്യഗ്രഹികളെ തയ്യാറാക്കാന്‍ നടത്തിയ രഹസ്യ യോഗങ്ങളില്‍ ആവര്‍ത്തിച്ചു ബോധിപ്പിച്ചിരുന്നത് അവര്‍ മരണത്തെ പോലും വരിക്കാന്‍ തയ്യാറാകണമെന്നായിരുന്നു. ജോലിയും, കുടുംബവും വിദ്യാഭ്യാസവും ജീവനുമെല്ലാം നഷ്ടപ്പെടാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ സത്യഗ്രഹത്തില്‍ പങ്കാളിത്തം നല്‍കിയിരുന്നുള്ളൂ. അതിനു തയ്യാറാക്കാനായിരുന്നു മൂന്നു റൗണ്ട് പഠന ക്ലാസ്സുകള്‍. കൂടാതെ രണ്ടു രൂപ സമരസമിതി ഫണ്ടിലേക്ക് സംഭാവനയും. മരണത്തിനുള്ള പ്രവേശന ഫീസ് എന്നായിരുന്നു അതിനെ നര്‍മ്മത്തോടെ വിശേഷിപ്പിച്ചിരുന്നത്. അതിനാല്‍ അതികഠിനമായ മര്‍ദ്ദനമുറകള്‍ സഹിക്കേണ്ടി വന്നപ്പോഴും ആരുടെ നാവില്‍ നിന്നും സംഘടനാ രഹസ്യങ്ങള്‍ പുറത്തു വന്നില്ല. ഉരുട്ടല്‍, ഗരുഡന്‍ തൂക്കം, ഷോക്കടിപ്പിക്കല്‍ തുടങ്ങിയ പല 'നൂതന' മര്‍ദ്ദന മുറകളും കരുണാകാരന്റെ, കിരാത പോലീസ് കേരളത്തില്‍ നടപ്പിലാക്കി. ഭാസ്‌കര്‍ റാവു, മാധവ്ജി, ഹരിയേട്ടന്‍, സേതുവേട്ടന്‍ തുടങ്ങിയ പ്രമുഖ സംഘ നേതാക്കളെ കുറിച്ചുള്ള വിവരം കിട്ടാന്‍ കേരളം മുഴുവന്‍ ഭീകരമായ മര്‍ദ്ദനങ്ങള്‍ നടന്നു. എന്നിട്ടും രണ്ടു തവണ സത്യഗ്രഹത്തില്‍ പങ്കെടുത്തവര്‍ കുറവല്ലായിരുന്നു. കാസര്‍കോട് ജില്ലയിലെ പൈവേളിവേ എന്ന ഗ്രാമത്തില്‍ പോലിസ് നിരവധി വീടുകള്‍ തകര്‍ത്തു. ആ ഗ്രാമം ഉള്‍പ്പെട്ട കാസര്‍കോട് താലൂക്കായിരുന്നു ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ സത്യഗ്രഹികളെ സംഭാവന ചെയ്തത് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. അതിന് മുഖ്യമന്ത്രി അച്യുത മേനോന്‍ ജില്ലയിലെ എഎസ്പിയായിരുന്ന എം.ജി.എ. രാമനെ ശകാരിച്ചെന്നും അതിനെത്തുടര്‍ന്നായിരുന്നു പോലീസ് തേര്‍വാഴ്ചയെന്നും അതിനടുത്ത ദിവസങ്ങളില്‍ സ്ഥലം സന്ദര്‍ശിച്ച പി. നാരായണ്‍ജി ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. അക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട നക്‌സലെറ്റുകള്‍ക്കും കടുത്ത മര്‍ദനം തന്നെ കിട്ടി. പി. രാജന്റെ മരണം ചരിത്രത്തിന്റെ ഭാഗമാണല്ലോ. ദേശവ്യാപകമായ സത്യഗ്രഹത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാനുള്ള ശ്രമം എബിവിപി നടത്തി. അന്നത്തെ സംസ്ഥാന സംഘടന സെക്രട്ടറി കെ.ജി. വേണുഗോപാല്‍ നടത്തിയ ആ നീക്കത്തിന് സഹായിയായി ഞാനുമുണ്ടായിരുന്നു. എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്നും ടി.എം. തോമസ് ഐസക്കും എം.എ. ബേബിയും, പരിവര്‍ത്തനവാദി കെഎസ്‌യു അധ്യക്ഷന്‍ ടി.ഡി. ജോര്‍ജ്, കെഎസ്‌യു (ഒ) നേതാക്കളായ കെ. സുധാകരന്‍ (ഇന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ്), ഗംഗാധരന്‍, ഞങ്ങള്‍ രണ്ടുപേര്‍ എന്നിവരുള്‍പ്പെട്ട ഒരു സംസ്ഥാന സമിതിയും നിലവില്‍ വന്നു. 'അടിയന്തരാവസ്ഥ വിരുദ്ധ വിദ്യാര്‍ത്ഥി മുന്നണി' എന്നായിരുന്നു പേര്. കേരളത്തിലെ മുഴുവന്‍ കാമ്പസ്സുകളിലും ഒറ്റദിവസം സത്യഗ്രഹം ആയിരുന്നു പരിപാടി. തീയതിയും തീരുമാനിച്ചു. എറണാകുളത്തെ കോണ്‍ഗ്രസ് പരിവര്‍ത്തനവാദികളുടെ ഓഫീസില്‍ ഞങ്ങള്‍ പല തവണ യോഗം കൂടി. തോമസ് ഐസക്കും ഈ ലേഖകനും ജോര്‍ജും ചേര്‍ന്ന സബ് കമ്മിറ്റി ലഘുലേഖയും ഡ്രാഫ്റ്റ് ചെയ്തു. പണം പിന്നീടു തരാമെന്നു മറ്റു സംഘടനകള്‍ വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സംഘത്തില്‍ നിന്ന് വാങ്ങിയ 650 രൂപ ഞങ്ങള്‍ പ്രിന്റിങ്ങിനായി നല്‍കി. അപ്പോഴേക്കും എസ്എഫ്‌ഐ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയി. സിപിഎം നേതൃത്വം സത്യഗ്രത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചുവെന്ന് എം.എ. ബേബി പറഞ്ഞു. ആര്‍എസ്എസുകാരുമായി ചങ്ങാത്തം വേണ്ടെന്നതായിരുന്നു അതിലെ സന്ദേശം! അങ്ങനെ കാമ്പസ് സത്യഗ്രഹമെന്ന സ്വപ്‌നം തകര്‍ന്നു, അല്ല തകര്‍ത്തു. എങ്കിലും എസ്എഫ്‌ഐക്കാര്‍ക്ക് എബിവിപി പ്രവര്‍ത്തകര്‍ മുഖേന 'കുരുക്ഷേത്രം' കൊടുക്കുന്ന പതിവ് ഞങ്ങള്‍ തുടര്‍ന്നു. അങ്ങനെയുള്ള ഒരു കൈമാറ്റത്തിനിടയിലാണ് എറണാകുളം മഹാരാജാസ് കോളേജ് കാമ്പസ്സില്‍ വെച്ച് ടി.എം. തോമസ് ഐസക്കിനെയും കെ.ആര്‍. ഉമാകാന്തനെയും (ഇന്നത്തെ ബിജെപി സംസ്ഥാന സംഘടനാസെക്രട്ടറി) കെഎസ്‌യുക്കാര്‍ ബലപ്രയോഗത്തിലൂടെ പിടികൂടി പോലീസിനു കൈമാറിയത്. പത്രത്തിന്റെ 'സോഴ്‌സ്' അറിയാന്‍ ഇരുവരെയും കഠിനമായി മര്‍ദ്ദിച്ചു. അവരെ ആദ്യമായി കോടതിയില്‍ കൊണ്ടുവന്ന ദിവസം രഹസ്യമായി അവരെ കാണാന്‍ ചെന്ന ഈ ലേഖകന് മര്‍ദ്ദനം അവരുടെ ശരീരത്തില്‍ ഏല്‍പ്പിച്ച പാടുകള്‍ കാണാനായി. ആര്‍എസ്എസുകാരന്‍ എന്ന നിലയില്‍ സ്വാഭാവികമായും കൂടുതല്‍ മര്‍ദ്ദനം ഉമാകാന്തനുതന്നെയായിരുന്നു. 1976 ജനുവരി 14ന് സത്യഗ്രഹം അനുഷ്ഠിച്ച് അറസ്റ്റിലായി ക്രൂരമര്‍ദ്ദനത്തിനു വിധേയനാകുമ്പോള്‍, എറണാകുളത്തെ അയ്യപ്പങ്കാവ് ക്ഷേത്രപരിസരത്ത് സത്യഗ്രഹം ചെയ്ത, എം.എ. വിജയന്‍ നയിച്ച അവസാന ബാച്ചിലെ ഉപനേതാവായിരുന്നു ഈ ലേഖകന്‍. ഞങ്ങളുടെ ബാച്ചിലെ 'ബേബി' സത്യഗ്രഹിയായിരുന്നു അന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന ഇന്നത്തെ ബിജെപി ജനറല്‍ സെക്രെട്ടറി എ. എന്‍. രാധാകൃഷ്ണന്‍. ഇന്ന് 'കുരുക്ഷേത്ര പ്രകാശന്‍' ജനറല്‍ മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്ന ഇ.എന്‍. നന്ദകുമാറും ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന മുന്‍ ഡിഎഫ്ഒ: ഡോ. ഇന്ദുചൂഡനും ആ ബാച്ചിലുണ്ടായിരുന്നു. സമരത്തോടുള്ള സിപിഎമ്മിന്റെ നിര്‍വ്വികാര സമീപനത്തെത്തുടര്‍ന്ന് ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്നും അടിയന്തരാവസ്ഥയ്ക്കു ശേഷവും ആര്‍എസ്എസ്സില്‍ ചേര്‍ന്നു. സിപിഎം കോട്ടകളായിരുന്ന കണ്ണൂര്‍,ആലപ്പുഴ ജില്ലകളിലായിരുന്നു ഇത് ഏറ്റവും കൂടുതല്‍ ഉണ്ടായത്. അതുകൊണ്ടാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷം സംഘപ്രവര്‍ത്തകരുടെ മേല്‍ ഏറ്റവും കൂടുതല്‍ സിപിഎം ആക്രമണം ഈ രണ്ടു ജില്ലകളില്‍ ഉണ്ടായത്. അവിടങ്ങളില്‍ സിപിഎംകാര്‍ കൊല ചെയ്ത സംഘപ്രവര്‍ത്തകളില്‍ ഭൂരിഭാഗവും മുന്‍ സിപിഎംകാരാണ് എന്നത് ഒരു വസ്തുതയാണ്. അടിയന്തരവസ്ഥയ്‌ക്കെതിരേ പോരാടിയ ആയിരങ്ങളുണ്ട്. അവരുടെ പ്രവൃത്തിചരിതങ്ങള്‍ എഴുതിയാല്‍ത്തീരില്ല. അവരില്‍ പോലീസിന്റെ കിരാത മര്‍ദ്ദനങ്ങള്‍ക്ക് ഇരയായവര്‍ പലരും ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു. വൈക്കം ഗോപകുമാര്‍, ആലപ്പുഴയില്‍ പ്രചാരകനായിരുന്ന കോഴിക്കോട് ശിവദാസ്, മട്ടാഞ്ചേരിയിലെ പുരുഷോത്തമന്‍, വള്ളിക്കുന്ന് സുബ്രഹ്മണ്യന്‍, ഇന്നത്തെ ബിജെപി നേതാവ് ധര്‍മ്മരാജന്‍, തായിക്കാടുകര ശശി, പച്ചാളം ശിവരാമന്‍, ലോക സംഘര്‍ഷ സമിതി ആഹ്വാനം ചെയ്ത ദേശീയ ഉപവാസത്തിന്റെ ഭാഗമായി കണ്ണൂര്‍ ജയിലില്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിന് വസ്ത്രം പോലും നിഷേധിക്കപ്പെട്ട് ക്രൂരമര്‍ദ്ദനത്തിനു വിധേയനായ കലാദര്‍പ്പണം രവീന്ദ്രന്‍, മലയാറ്റൂര്‍ ഭരതന്‍, കാസര്‍കോട് ജില്ലയിലെ ചെമ്മനാട് കൃഷ്ണന്‍ (ആ സത്യഗ്രഹ ബാച്ചിനെ മര്‍ദ്ദിച്ച പുലിക്കോടന്‍ നാരായണന്‍ നയിച്ച പോലിസ് ടീമിന്റെ മൂന്ന് ലാത്തികള്‍ ഒടിഞ്ഞു) എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. രണ്ടു വര്‍ഷം മുമ്പ് അന്തരിച്ച തൃപ്പൂണിത്തുറ ശരവണനും ആ ഗണത്തില്‍ത്തന്നെ. ഇതുപോലെ എത്രയോ പ്രവര്‍ത്തകര്‍ ! കുറെ പേര്‍ ഇതിനകം ഈ ലോകം വിട്ടുപോയി. യു ജി പ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും താമസവും ഒരുക്കിയ കുടുംബങ്ങള്‍ ആയിരങ്ങള്‍വരും! ഒളിവിലെ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നല്‍കി, സ്വയം പട്ടിണി കിടന്ന എത്രയോ അമ്മമാര്‍! അവരും ആ ഐതിഹാസിക സമരത്തിലെ ഉജ്ജ്വല പോരാളികളാണ്. കേരളത്തിലാകട്ടെ, അടിയന്തരാവസ്ഥക്കെതിരെ പൊരുതിയതിന്റെ ക്രെഡിറ്റുമായി ഇന്ന് രംഗത്ത് വരുന്നത് സിപിഎംകാര്‍. ഓരോ ജൂണ്‍ 25നും ടിവി ചാനലുകള്‍ പഴയ എസ്എഫ്‌ഐ നേതാക്കള്‍ക്ക് പിന്നാലെപ്പായുന്നു. അടിയന്തരാവസ്ഥയുടെ ആദ്യ നാളുകളില്‍ കുറച്ചു ദിവസം മാത്രം ജയിലില്‍ കഴിഞ്ഞവര്‍ പോലും അനുഭവങ്ങളുമായി ടിവി സ്‌ക്രീനില്‍ അഭിനയിക്കുന്നു. അടിയന്തരാവസ്ഥയില്‍ പീഡനത്തിന്നിരയായവരെ രണ്ടാം സ്വാതന്ത്ര്യ സമരസേനാനികളായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ അത് മറന്നതിന്റെ 'ഗുട്ടന്‍സും' ചിന്തിക്കേണ്ടതാണ്. അതിന്റെ 'നേട്ടം' അനുഭവിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ കുറവായിരിക്കുമല്ലോ എന്നതുതന്നെ. അര്‍ഹരായ ആര്‍എസ്എസ്സുകാര്‍ 'സ്വയംസ്വീകൃത' യത്‌നത്തിന് പ്രതിഫലം വാങ്ങാന്‍ ക്യൂവില്‍ ഉണ്ടാവില്ല എന്നത് വേറെ കാര്യം. അവര്‍ 'പതത്വേഷകായോ നമസ്‌തേ നമസ്‌തേ' എന്ന് ചൊല്ലി ശീലിച്ചവരാണല്ലോ. ഒരു നിരീക്ഷകന്‍ എന്ന നിലയ്ക്ക് ഇത്രയും കൂടി: രാഷ്ട്രനന്മക്കായി സംഘം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ചരിത്രരേഖകളാകണം. അത് ഭാവി തലമുറയുടെ 'സ്‌റ്റെര്‍ലിംഗ് പ്രിവിലേജ്' തന്നെ; അനിഷേധ്യമായ മൗലികാവകാശം. അല്ലാത്തപക്ഷം ചരിത്രം വളച്ചൊടിക്കപ്പെടും, ദുരുപയോഗത്തിന്നിരയാകും. അതിലും പ്രധാനമായൊന്നുണ്ട്; സ്വന്തം പ്രസ്ഥാനത്തിന്റെ പൂര്‍വകാലചരിത്രം അറിയാതെ പ്രവര്‍ത്തകരുടെ വ്യക്തിത്വ വികാസം സമ്പൂര്‍ണ്ണമാവുകയുമില്ലല്ലോ. ---------------------

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.