കൗതുകമായി മൂട്ടിപ്പഴം

Saturday 20 June 2015 7:37 pm IST


തൊടുപുഴ കളപ്പുരയ്ക്കല്‍ ടോം ചെറിയാന്റെ തോട്ടത്തില്‍ വിളഞ്ഞ മൂട്ടിപ്പഴം

തൊടുപുഴ: കാഴ്ച്ചക്ക് കൗതുകമായി മൂട്ടിമരം തൊടുപുഴയിലും കായ്ച്ചു. ചോലവനങ്ങളില്‍ മാത്രം കണ്ടുവരുന്ന മൂട്ടിമരമാണ് കലയന്താനി അഞ്ചിരിക്കവല കളപ്പുരയ്ക്കല്‍ ടോമിന്റെ പുരയിടത്തില്‍ കായ്ച്ചത്. സാധാരണ മരങ്ങളില്‍ നിന്നും വ്യത്യസ്തമായി തടിയില്‍ ഫലങ്ങള്‍ ഉണ്ടാകുന്ന ക്ലോറിഫ്‌ളോറി ഇനത്തില്‍പ്പെട്ട മരമാണ് മൂട്ടി.

ബൊക്കനേറിയ കോര്‍ട്ടാലന്‍സീസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മൂട്ടിയില്‍ മരത്തിന്റെ മൂട് തൊട്ട് മുകളിലേക്കാണ് ഫലം വിളയുന്നത്. ഇതാണ് മൂട്ടി എന്ന പേര് ലഭിക്കാന്‍ കാരണവും.

മരം പൂവിട്ട് രണ്ട് മാസത്തിനുള്ളില്‍ പഴം കഴിക്കാന്‍ പാകത്തിനാകും. റോസ് നിറത്തിലുള്ള പഴം പാകമാകുമ്പോള്‍ ചുവപ്പ് കലര്‍ന്ന നിറമാകും. മധുരവും പുളിയും ചേര്‍ന്ന രുചിയുള്ള മൂട്ടിപ്പഴം ഔഷധഗുണമേറിയതാണ്. ഉദരരോഗങ്ങള്‍ക്ക് പരിഹാരമായി ഈ പഴം ഉപയോഗിക്കുന്നുണ്ട്. സെലന്റ്‌വാലി പോലുള്ള നിത്യഹരിത വനമേഖലകളില്‍ മാത്രം കാണപ്പെടുന്ന മൂട്ടി ആന, മാന്‍ തുടങ്ങിയവയുടെ ഇഷ്ടഭക്ഷണമാണ്.

പഴത്തിന്റെ പുറംതോട് അച്ചാറിടാന്‍ ഉപയോഗിക്കും. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണുത്തിയില്‍ നിന്നുമാണ് ടോം ചെറിയാന്‍ മൂട്ടി നാട്ടിലെത്തിച്ചത്. 3 മരങ്ങള്‍ ഈ വര്‍ഷം ആദ്യമായി പൂവിട്ടെങ്കിലും ഒന്ന് മാത്രമാണ് കായ്ച്ചത്. പ്ലം, സപ്പോട്ട, സ്റ്റാര്‍ ഫ്രൂട്ട്, പിസ്ത, മാംഗോസ്റ്റീന്‍, റമ്പൂട്ടാന്‍, എഗ്ഗ് ഫ്രൂട്ട,് വിവിധയിനം പേരകള്‍, ചാമ്പകള്‍ തുടങ്ങി നാനാജാതി ഫലവൃക്ഷങ്ങളും ഇദ്ദേഹത്തിന്റെ പറമ്പില്‍ വിളഞ്ഞിട്ടുണ്ട്. നാട്ടില്‍ അപൂര്‍വ്വമായി മാത്രം വിളയുന്ന മൂട്ടി മരം കാണാനും പഴത്തിന്റെ രുചി നുണയാനുമായി നിരവധി ആളുകള്‍ ഇവിടെ എത്തുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.