ന്യൂദല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനമായ ഇന്ന് ആകാശത്തും യോഗാഭ്യാസം നടക്കും. വിമാനക്കമ്പനിയായ സ്പൈസ് ജെറ്റും ഇഷാ ഫൗണ്ടേഷനും ചേര്‍ന്നാണ് ആകാശത്ത് യോഗ അഭ്യസിക്കുന്നത്. 35,000 അടി ഉയരത്തില്‍ സ്പൈസ്ജെറ്റ് ജീവനക്കാര്‍ യോഗ ചെയ്യും.
അമ്പതോളം ഇഷാ ഫൗണ്ടേഷന് പരിശീലകരും പരിശീലനം സിദ്ധിച്ച സ്പൈസ്ജെറ്റ് ജീവനക്കാരും വിവിധ വിമാനങ്ങളില്‍ യോഗ അഭ്യസിക്കും. പത്തുമിനുറ്റ് നീളുന്ന യോഗാഭ്യാസമാണ് ആകാശത്ത് നടക്കുക. യാത്രക്കാര്‍ക്കും അവരവരുടെ സീറ്റുകളിലിരുന്ന് യോഗ പരിപാടിയില്‍ പങ്കെടുക്കാം. 110 മിനിറ്റിലധികം ദൂരം വരുന്ന യാത്രാറൂട്ടുകളിലാണ് യോഗാഭ്യാസം നടക്കുക.
ആകാശത്ത് യോഗാഭ്യാസം സംഘടിപ്പിക്കുന്ന ലോകത്തിലെ ആദ്യവിമാനക്കമ്പനിയാണ് സ്പൈസ് ജെറ്റെന്ന് എം.ഡി അജയ് സിങ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. യോഗയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങള്‍ക്ക് സ്പൈസ് ജെറ്റും എല്ലാ പിന്തുണയും നല്കുന്നു, അജയ് സിങ് പറഞ്ഞു.
ഇതിനു പുറമേ സ്പൈസ്ജെറ്റിന്റെ ചെക്കിന് കൗണ്ടറുകളിലും യോഗാഭ്യാസം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: