യോഗ ലോകത്തിന്റെ നെറുകയില്‍

Saturday 20 June 2015 10:03 pm IST

പുരാതന ഭാരതീയ സമ്പ്രദായമായ യോഗയുടെ പ്രാധാന്യവും പ്രയോജനവും മാനവരാശിക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഇന്ന് അന്താരാഷ്ട്രാ യോഗാദിനം ആചരിക്കുകയാണ്. ജൂണ്‍ 21 പ്രഥമ അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കാനുള്ള നിര്‍ദ്ദേശത്തിന് 2014 ഡിസംബര്‍ 11 ന് ചേര്‍ന്ന ഐക്യരാഷ്ട്ര പൊതുസഭ അംഗീകാരം നല്‍കിയിരുന്നു. 193 അംഗ പൊതുസഭയില്‍ 177 രാജ്യങ്ങളുടെ റെക്കോര്‍ഡ് പിന്തുണയോടെ ഐകകണ്‌ഠ്യേനയാണ് ഇത് സംബന്ധിച്ച പ്രമേയത്തിന് അംഗീകാരം നല്‍കിയത്. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഈ വിജ്ഞാനം പ്രചരിപ്പിക്കുന്നതിന് നമുക്ക് ഏവര്‍ക്കും ലഭിച്ച വലിയൊരവസരമാണിത്. 2014 സെപ്റ്റംബര്‍ 27 ന് ഐക്യരാഷ്ട്ര പൊതുസഭയുടെ 69-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രതിനിധികളോട് യോഗ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതിന് തുടക്കം കുറിക്കുന്നത്. ''പൗരാണിക ഭാരതീയ സമ്പ്രദായങ്ങളുടെ വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗ. മനസ്സിന്റേയും ശരീരത്തിന്റെയും ഐക്യമാണത് പ്രതിനിധാനം ചെയ്യുന്നത്. അതുപോലെ ചിന്തയുടേയും പ്രവര്‍ത്തിയുടേയും, സംയമനത്തിന്റെയും സാക്ഷാത്കാരത്തിന്റെയും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സൗഹാര്‍ദ്ദത്തിന്റെയും ആരോഗ്യവും ക്ഷേമവും സംബന്ധിച്ച സമഗ്രമായ സമീപനം എന്നിവയുടെയും ചേര്‍ച്ചയാണത്. യോഗ എന്നത് വ്യായാമം മാത്രമല്ല, മറിച്ച് നമ്മുടെ ലോകവും പ്രകൃതിയുമായുള്ള ഒരുമയാണത് സൂചിപ്പിക്കുന്നത്. ജീവിതശൈലി മാറ്റിയെടുക്കുകയും മതിയായ അവബോധം സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് കാലാവസ്ഥാ വ്യതിയാനംപോലും നേരിടാന്‍ അത് നമ്മെ പര്യാപ്തമാക്കുന്നു. അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിക്കാനായി നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് യോഗ? ശരീരവും മനസ്സും തമ്മിലുള്ള പൊരുത്തം സാധ്യമാക്കുന്ന, ആധ്യാത്മികമായ അച്ചടക്കത്തിലധിഷ്ഠിതമായ അതീവസൂക്ഷ്മമായ ശാസ്ത്രമാണ് യോഗ. ആരോഗ്യകരമായ ജീവിതത്തിനുള്ള കലയും ശാസ്ത്രവുമാണത്. യോഗ എന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം കൂട്ടിച്ചേര്‍ക്കല്‍, ഒരുമിപ്പിക്കല്‍, ബന്ധിപ്പിക്കല്‍ എന്നൊക്കെയാണ്. യുജ് എന്ന ധാതുവില്‍നിന്നാണതിന്റെ ഉത്ഭവം. ഇതിന്റെ രൂപം അതുമായി ബന്ധപ്പെട്ട വിശ്വാസ പ്രമാണങ്ങളോടും തത്വശാസ്ത്രങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും യോഗയുടെ പരമപ്രധാന ലക്ഷ്യം മോക്ഷമാണ്. ആത്മീയമായ ലക്ഷ്യങ്ങള്‍ക്ക് പുറമെ യോഗാഭ്യാസമുറകള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അകറ്റാനും സമ്മര്‍ദ്ദങ്ങള്‍ കുറക്കാനും നട്ടെല്ലിന് വഴക്കം നല്‍കാനും സഹായമാകുന്നു. സമ്പൂര്‍ണ്ണ വ്യായാമ പരിപാടിയായും ശാരീരിക ചികിത്സാ ചര്യയായും യോഗ ഉപയോഗപ്പെടുത്തുന്നുണ്ട്. യോഗ പരിശീലനത്തിന്റെ ലക്ഷ്യം എല്ലാത്തരം യാതനകളില്‍നിന്നുള്ള മുക്തിയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും സമഗ്ര ആരോഗ്യം, ആഹഌദം, ഐക്യം എന്നിവ കൈവരിച്ച് സ്വതന്ത്രമാകുന്ന ഒരു അവസ്ഥ അത് പ്രദാനം ചെയ്യുന്നു. യോഗ എന്ന ശാസ്ത്രം രൂപംകൊള്ളുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പാണ്. ആദ്യത്തെ മതമോ വിശ്വാസവ്യവസ്ഥയോ നിലവില്‍ വരുന്നതിനുമുമ്പ് യോഗ നിലവിലുണ്ടായിരുന്നു. സിന്ധൂ നദീതട സംസ്‌ക്കാരത്തില്‍ നിന്നും ഉടലെടുത്തതാണ് യോഗ എന്ന് കരുതപ്പെടുന്നു. മനുഷ്യകുലത്തിന്റെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിന് ഇത് പ്രയോജനപ്പെടുമെന്ന് തെളിയിക്കപ്പെട്ടതാണ്. വേദ കാലഘട്ടത്തിനുമുമ്പുതന്നെ യോഗ നിലവിലുണ്ടായിരുന്നെങ്കിലും മഹാ ഋഷിവര്യനായ പതഞ്ജലിയാണ് അതിനെ ക്രമപ്പെടുത്തിയത്. യോഗ രീതികള്‍, അര്‍ത്ഥങ്ങള്‍, ബന്ധപ്പെട്ട അറിവ് എന്നിവ പതഞ്ജലിയുടെ യോഗസൂത്രങ്ങള്‍വഴി അദ്ദേഹം ക്രമപ്പെടുത്തി. പതഞ്ജലിക്കുശേഷം അനേകം ഋഷിമാരും യോഗ ഗുരുക്കന്‍മാരും, സാഹിത്യത്തിലൂടെയും രേഖകളാക്കിയും ഈ മേഖലയുടെ സംരക്ഷണത്തിനും വികസനത്തിലും പങ്കാളിത്തം വഹിച്ചു. 11-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പേര്‍ഷ്യന്‍ പണ്ഡിതനായ അല്‍ബറൂണി ഭാരതം സന്ദര്‍ശിച്ചു. 16 വര്‍ഷം ഭാരതത്തില്‍ താമസിച്ച അദ്ദേഹം സംസ്‌കൃതത്തിലുള്ള നിരവധി പ്രധാന കൃതികള്‍ അറബിയിലേക്കും പേര്‍ഷ്യന്‍ ഭാഷയിലേക്കും തര്‍ജ്ജമ ചെയ്തു. ഇതിലൊന്ന് പതഞ്ജലിയുടെ യോഗസൂത്രയായിരുന്നു. പതഞ്ജലിയുടെ യോഗസൂത്രയിലെ പ്രധാന പ്രമേയങ്ങള്‍ ചോര്‍ന്നുപോവാതെ തന്നെ അവതരിപ്പിച്ചു. പക്ഷേ ചില യോഗ സൂത്രങ്ങളും വിശകലനങ്ങളും അതിനോടു കൂട്ടിച്ചേര്‍ക്കപ്പെട്ടു. അല്‍ബറൂണിയുടെ യോഗാസൂത്ര ഭാഷ്യം എ.ഡി. 1050 ഓടെ പേര്‍ഷ്യയിലും അറേബ്യന്‍ ഉപദ്വീപിലും എത്തി. പുരാതന കാലം മുതല്‍ക്ക് ഇന്നുവരെയുള്ള പ്രഗത്ഭരായ യോഗാചാര്യന്‍മാരുടെ ശിക്ഷണം വഴിയാണ് ലോകമെമ്പാടും യോഗ വളര്‍ന്നത്. രോഗപ്രതിരോധം, ആരോഗ്യം സംരക്ഷണം എന്നിവയില്‍ യോഗക്കുള്ള പ്രാധാന്യം ഏവര്‍ക്കും ബോധ്യമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകള്‍ക്ക് യോഗയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ഓരോ ദിവസം കഴിയുന്തോറും അത് കൂടുതല്‍ ഊര്‍ജ്ജ്വസ്വലതയും മികച്ച വളര്‍ച്ചയുമാര്‍ജ്ജിക്കുന്നു. ഒരാളുടെ ശരീരം, മനസ്സ്, വികാരങ്ങള്‍, ഊര്‍ജ്ജം എന്നീ വിതാനങ്ങളില്‍ യോഗ പ്രവര്‍ത്തിക്കുന്നു. യോഗയുടെ നാല് വിശാലമായ തരംതിരിക്കലിന് ഇത് വഴി തെളിച്ചു. ശരീരത്തെ പ്രയോജനപ്പെടുത്തുന്ന കര്‍മ്മയോഗ, മനസ്സിനെ പ്രയോജനപ്പെടുത്തുന്ന ജ്ഞാന യോഗ, വികാരങ്ങളെ ഉപയോഗപ്പെടുത്തുന്ന ഭക്തിയോഗ, ഊര്‍ജ്ജത്തെ ഉപയോഗപ്പെടുത്തുന്ന ക്രിയായോഗ എന്നിവയാണിവ. യോഗ സാധനകള്‍ ഏറ്റവും വ്യാപകമായി പരിശീലിക്കപ്പെടുന്ന യോഗസാധനകള്‍ ഇവയാണ്: യമ, നിയമം, ആസന, പ്രാണയാമം, പ്രത്യാഹാര, ധാരണ, ധ്യാന, സമാധി എന്നിവയാണ് അഷ്ടാംഗയോഗം. ബന്ധാസ്, മുദ്ര, ശതകര്‍മ്മ, യുക്താഹാര, മന്ത്രജപ, യുക്തകര്‍മ്മ തുടങ്ങിയ സാധനകളുമുണ്ട്. യമ എന്ന് വച്ചാല്‍ ക്ലിപ്തപ്പെടുത്തലും, നിയമം എന്നുവെച്ചാല്‍ അനുഷ്ഠാനവുമാണ്. യോഗാഭ്യാസത്തിനുവേണ്ട മുന്നൊരുക്കങ്ങളാണിവ. ശരീരത്തിന്റെയും മനസ്സിന്റെയും തുലനം ദീര്‍ഘനേരമുറപ്പാക്കാന്‍ ആസനങ്ങള്‍ സഹായിക്കും. ശ്വസനപ്രക്രിയക്കുറിച്ചുള്ള ശരിയായ അവബോധമാണ് പ്രാണയാമം. മനസ്സിനുമേല്‍ നിയന്ത്രണം സ്ഥാപിക്കാനും ഇതുവഴി കഴിയും. തുടക്കത്തില്‍ നിയന്ത്രിതമായ വിധത്തില്‍ ശ്വാസം അകത്തേക്കെടുക്കുകയും പുറത്തേക്ക് തള്ളുകയും ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. യോഗ പരിശീലിക്കുമ്പോള്‍ ഒരു യോഗാ പരിശീലകന്‍ യോഗാഭ്യാസം നടത്തുന്ന വേളകളില്‍ ഇനി പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരേണ്ടതാണ്: ശുചിത്വം- പരിസരത്തിന്റെയും ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധി. ശാന്തവും നിശബ്ദവുമായ അന്തരീക്ഷത്തില്‍ സ്വസ്ഥമായ മനസ്സും ശരീരത്തോടുംകൂടി വേണം യോഗ അഭ്യസിക്കേണ്ടത്. ഒഴിഞ്ഞ വയറ്റിലോ ലഘുവായി എന്തെങ്കിലും കഴിച്ചതിനുശേഷമോ വേണം യോഗാഭ്യാസം നടത്തേണ്ടത്. ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ ചെറു ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുറേശ്ശെ കഴിക്കാം. വിരേചനത്തിന് ശേഷമായിരിക്കണം യോഗ അഭ്യസിക്കേണ്ടത്. യോഗാഭ്യാസത്തിനായി ഒരു പായ ഉപയോഗിക്കണം (യോഗാ മാറ്റ്) ശരീരം ആയാസരഹിതമായി നീങ്ങുന്നതിന് കട്ടികുറഞ്ഞ പരുത്തി വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. അസുഖമുള്ളപ്പോഴോ, തളര്‍ച്ചയുള്ളപ്പോഴോ, മാനസിക പിരിമുറുക്കമുള്ളപ്പോഴോ യോഗ ചെയ്യുവാന്‍ പാടില്ല. വിട്ടുമാറാത്ത അസുഖങ്ങള്‍, വേദന എന്നിവ ഉള്ളവര്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ യോഗ അഭ്യാസം നടത്തുന്നതിനുമുമ്പ് ഒരു ഡോക്ടറെയോ, ഒരു യോഗാ തെറാപ്പിസ്റ്റിനെയോ കാണേണ്ടതാണ്. ഗര്‍ഭകാലത്തും ആര്‍ത്തവേളകളിലും യോഗാഭ്യാസം ചെയ്യുന്നതിനുമുമ്പ് യോഗാ വിദഗ്ധരെ കാണേണ്ടതാണ്. മറ്റുതരത്തില്‍ നിര്‍ദ്ദേശിക്കാത്തിടത്തോളം യോഗാഭ്യാസ വേളയില്‍ മൂക്കില്‍ക്കൂടി വേണം ശ്വാസം എടുക്കേണ്ടത്. ഒരു ഘട്ടത്തിലും ശരീരം ബലംപിടിക്കരുത്. ഗുണഫലങ്ങള്‍ ഉണ്ടാകാന്‍ അല്‍പസമയമെടുക്കുന്നതിനാല്‍ തുടര്‍ച്ചയായുള്ള നിരന്തര പരിശീലനം ആവശ്യമാണ്. ധ്യാനത്തോടെയോ, അഗാധമായ മൗനത്തിലൂടെയോ വേണം യോഗാഭ്യാസം അവസാനിപ്പിക്കേണ്ടത്. യോഗാഭ്യാസത്തെ തുടര്‍ന്ന് 20-30 മിനിട്ടുകള്‍ക്ക് ശേഷമേ കുളിക്കാന്‍ പാടുള്ളൂ. ഭക്ഷണം കഴിക്കുന്നതും യോഗാഭ്യാസത്തെ തുടര്‍ന്ന് 20-30 മിനിട്ടുകള്‍ക്ക് ശേഷം മാത്രമേ പാടുള്ളൂ. യോഗയുടെ ഗുണങ്ങള്‍ എല്ലാത്തരം ബന്ധനങ്ങളില്‍നിന്നുള്ള മോചനത്തിലേക്കുള്ള പാതയാണ് യോഗ. അതേസമയം യോഗ പ്രദാനംചെയ്യുന്ന ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ ആരോഗ്യമേഖലയിലെ ഗവേഷണങ്ങള്‍ അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്.ദശലക്ഷക്കണക്കിന് യോഗാ പരിശീലകരുടെ അനുഭവവും ഇത് ശരിവെയ്ക്കുന്നു. ശാരീരിക ക്ഷമതയ്ക്കും,ശ്വാസകോശത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും, ഹൃദയാരോഗ്യത്തിനും യോഗ നല്ലതാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പ്രമേഹം, ശ്വാസതടസ്സം, രക്തസമ്മര്‍ദ്ദം തുടങ്ങി നിരവധി ജീവിതശൈലി രോഗങ്ങള്‍ കുറയ്ക്കാനും യോഗ സഹായിക്കും.വിഷാദരോഗം, ക്ഷീണം,ഉത്കണ്ഠ, മാനസിക പിരിമുറുക്കം തുടങ്ങിയവ കുറയ്ക്കാനും യോഗവഴി സാധിക്കും. ആര്‍ത്തവം നിലയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ വലിയൊരളവുവരെ നിയന്ത്രിക്കാനും യോഗയിലൂടെ കഴിയും. ചുരുക്കത്തില്‍, സമൃദ്ധമായ ഒരു ജീവിതത്തിന് വഴിയൊരുക്കുന്ന മനസ്സിനെയും ശരീരത്തിനെയും സൃഷ്ടിക്കുന്ന പ്രക്രിയയാണ് യോഗ. ജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തില്‍ യോഗയുടെ സംഭാവനകള്‍ ഇതിനകം വ്യക്തമായി തെളിയിക്കപ്പെട്ടതാണ്. ആരോഗ്യ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ യോഗകൂടി ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും, ചികിത്സാചെലവുകളും വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ കാലത്ത് പാശ്ചാത്യ മരുന്നുകളെ ആധാരമാക്കിയുള്ള പരമ്പരാഗത ചികിത്‌സാപദ്ധതി ഒട്ടുംതന്നെ അനുഗുണമല്ല. ആരോഗ്യരംഗത്തെ പ്രൊഫഷനലുകള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കം കണക്കിലെടുക്കുമ്പോള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നതില്‍ യോഗ മാത്രമാണ് ആശാകിരണം. രോഗങ്ങള്‍ വരാതിരിക്കാനും ആരോഗ്യപരിപോഷണത്തിനും മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യോഗാഭ്യാസം ഏര്‍പ്പെടുത്തേണ്ടതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ചികിത്സാര്‍ത്ഥം യോഗ പ്രയോജനപ്പെടുത്താനുമാകും. ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതില്‍ സമഗ്രമായ ഒരു സമീപനമാണ് യോഗ പ്രദാനംചെയ്യുന്നത്. യോഗാഭ്യാസത്തിലൂടെ ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാകുമെന്ന സന്ദേശത്തിന് വന്‍പ്രചാരം നല്‍കേണ്ടതുണ്ട്.ജീവിതത്തിന്റെ സമസ്ത മേഖലകളിലും യോഗ പൊരുത്തം കൊണ്ടുവരുന്നു. രോഗം വരാതിരിക്കുന്നതിനും ആരോഗ്യപരിപാലനത്തിനും നിരവധി ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും യോഗ മുഖ്യ പങ്ക് വഹിക്കുന്നു. കൊല്‍ക്കത്ത പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ ഡയറക്ടറാണ് ലേഖകന്‍  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.