ആ നിലപാടുകള്‍ സിപിഎമ്മിനെ അപഹാസ്യരാക്കി

Friday 26 June 2015 9:05 am IST

തമിഴ്‌നാട്ടില്‍ അടിയന്തരാവസ്ഥക്കെതിരെ സമരം നയിച്ചിരുന്ന ജനകൃഷ്ണമൂര്‍ത്തി സമരം കത്തിനില്‍ക്കുന്നതിനിടയില്‍ ഒരു ദിവസം കോയമ്പത്തൂരിലെത്തി. സിപിഎം നേതാവും എംപിയുമായ എകെജി അന്ന് അവിടെ ആര്യവൈദ്യഫാര്‍മസിയില്‍ ചികിത്‌സയിലായിരുന്നു. എകെജിയെ കാണാനാണ് ജനസംഘം നേതാവായിരുന്ന ജനകൃഷ്ണമൂര്‍ത്തി എത്തിയത്. എന്നാല്‍ എകെജിയുടെ വാക്കുകള്‍ നിരാശാജനകമായിരുന്നു. ''അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്യേണ്ടത് നമ്മുടെയെല്ലാം കടമയാണ്. എന്നാല്‍ എന്റെ പാര്‍ട്ടി അതിന് അനുവദിക്കുന്നില്ല. സമരരംഗത്ത് ഇറങ്ങാന്‍ എനിക്ക് ആഗ്രഹമുണ്ടെങ്കിലും ആരോഗ്യം മോശമാണ്. മറ്റ് നേതാക്കന്മാര്‍ക്ക് ആര്‍ക്കും സമരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ല,'' എകെജി തുറന്നു പറഞ്ഞു. പാര്‍ട്ടിയുടെ നിലപാടില്‍ അദ്ദേഹം അസംതൃപ്തനായിരുന്നു. ആദ്യഘട്ടത്തില്‍ ചില പ്രസ്താവനകളും സമരങ്ങളും നടത്തിയതൊഴിച്ചാല്‍ സിപിഎം പിന്നെ കാര്യമായി ഒന്നും ചെയ്തില്ല. മാത്രമല്ല ദേശവ്യാപകമായി നടന്ന സമരത്തെ വലതുപക്ഷ പിന്തിരിപ്പന്‍ എന്ന് ആക്ഷേപിക്കാനും സിപിഎം നേതൃത്വം തയ്യാറായി. ആരാണ് വലതുപക്ഷം എന്നതും പിന്തിരിപ്പനെന്നതും തര്‍ക്കവിഷയമാണ്. ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന സമരം വലതുപക്ഷ പിന്തിരിപ്പന്‍ എന്ന് സിപിഎം ആക്ഷേപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന് ആ പാര്‍ട്ടി ഇനിയും ഉത്തരം നല്‍കിയിട്ടില്ല. 1976 ജൂണ്‍ ഒന്നിന് മുഴുവന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുമായി സര്‍ക്കുലേറ്റ് ചെയ്യപ്പെട്ട സുദര്‍ശനം എന്ന രഹസ്യരേഖയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അവസരവാദപരമായ നിലപാടിനെ അതിനിശിതമായി വിമര്‍ശിക്കുന്നു. ഇന്ദിരാഗാന്ധി അധികാരത്തില്‍ വന്ന 1966 മുതല്‍ അവര്‍ ജനാധിപത്യത്തെ നശിപ്പിക്കാന്‍ നടത്തിയ ഓരോ നീക്കങ്ങള്‍ക്കും സിപിഎം എങ്ങനെയാണ് പിന്തുണ നല്‍കിയതെന്ന് ആ രേഖ വിശദമാക്കുന്നു. സിപിഎമ്മിനകത്ത് വലിയ ഒരു വിഭാഗം നേതാക്കള്‍ അപ്പോഴും സോവിയറ്റ് അനുകൂല നിലപാടിലായിരുന്നു. അവര്‍ കാത്തിരുന്നത് സോവിയറ്റ് ചെമ്പട അഫ്ഗാനിസ്ഥാന്‍ കടന്ന് ഒരുനാള്‍ ഇന്ത്യയില്‍ എത്തുമെന്നും ഇന്ദിരക്കുശേഷം ഇന്ത്യ കമ്മ്യൂണിസ്റ്റ് രാജ്യമാകും എന്നുമാണ്. രാജ്യമൊട്ടാകെ നാസി മോഡല്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ സൃഷ്ടിച്ച്, എല്ലാ പൗരാവകാശങ്ങളും ഇല്ലാതാക്കി ലക്ഷക്കണക്കിന് ആളുകളെ തടവിലിട്ട് പീഡിപ്പിച്ചപ്പോഴും സിപിഎം അനങ്ങാപ്പാറ നയം തുടര്‍ന്നു. വലതുകമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതു കമ്മ്യൂണിസ്റ്റുകളും യോജിക്കാന്‍ പോകുന്നതിന്റെ സൂചനകള്‍ ഉള്ളതായി പ്രശസ്ത പത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍ അന്ന് വെളിപ്പെടുത്തിയിരുന്നു. കുല്‍ദീപ് നയ്യാരുടെ ഈ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശനത്തിന് ശേഷമായിരുന്നു. തൊഴിലാളിവര്‍ഗം സമരം ചെയ്ത് നേടിയെടുത്ത കൂട്ടായ വിലപേശാനുള്ള അവകാശവും മാറ്റിവയ്ക്കപ്പെട്ട വേതനം എന്ന നിലക്കുള്ള ബോണസ് എന്ന അവകാശവും ഇന്ദിരാസര്‍ക്കാര്‍ എടുത്തുകളഞ്ഞപ്പോഴും ആ പാര്‍ട്ടി നിശ്ശബ്ദത പാലിച്ചു. 1978 ഫെബ്രുവരി ആദ്യവാരത്തില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അടിയന്തരാവസ്ഥക്കെതിരെ സിപിഎം എന്ത് നിലപാട് എടുക്കുന്നുവെന്ന് ഏവരും ഉറ്റുനോക്കുകയായിരുന്നു. ഇന്ദിരാസര്‍ക്കാരിനെതിരെ ഒരു പ്രമേയംപോലും അവതരിപ്പിക്കാതെ ആ പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയിറങ്ങി. സിപിഎമ്മിന്റെ ഈ നിലപാട് രാജ്യത്തെ ജനങ്ങളുടെ മുന്നില്‍ അവരെ അപഹാസ്യരാക്കി. ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പില്‍ക്കാലത്ത് ചൂണ്ടിക്കാണിച്ചതുപോലെ രാജ്യത്തെ പ്രമുഖ പാര്‍ട്ടികളും മാധ്യമങ്ങളും ബഹുഭൂരിപക്ഷം നിയമജ്ഞരും അക്കാലത്ത് ബലാല്‍സംഗത്തിന്റെ സുഖം അനുഭവിക്കാന്‍ കിടന്നുകൊടുക്കുകയായിരുന്നു. അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനില്‍പ്പ് തെളിയിച്ചത് ഏത് പരിതസ്ഥിതിയിലും രാജ്യത്തെ ജനങ്ങളുടെ പരമാധികാരത്തെ സംരക്ഷിക്കാനുള്ള ഏക ജനകീയ സംഘടിതശക്തി ആര്‍എസ്എസ് മാത്രമാണെന്നാണ്. ഇതില്‍ ഒട്ടുംതന്നെ അതിശയോക്തിയില്ല. പോലീസിന്റെ ലാത്തിക്കും തോക്കിനും നരകത്തെപ്പോലും നാണിപ്പിക്കുന്ന ലോക്കപ്പ്മര്‍ദ്ദനത്തിന് മുമ്പില്‍ സമ്പൂര്‍ണ അഹിംസയുടെയും അച്ചടക്കത്തിന്റെയും പടച്ചട്ടയണിഞ്ഞ് മുന്നേറിയ ലക്ഷക്കണക്കിന് ധീരന്മാരെ സൃഷ്ടിക്കാന്‍ സംഘത്തിന് മാത്രമേ കഴിഞ്ഞുള്ളൂ. പ്രതിപക്ഷ ഭാരതത്തിന്റെ പ്രതിഷേധശക്തിയായി ആര്‍എസ്എസ് രാജ്യമാസകലം പ്രക്ഷോഭത്തിന് തേര് തെളിച്ചു. 1975 ജൂലൈ നാലിനാണ് ഇന്ദിരാ സര്‍ക്കാര്‍ ആര്‍എസ്എസിനെ നിരോധിച്ചത്. ഒരുവര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും ആ നിരോധനം പരാജയപ്പെട്ടെന്നും സര്‍ക്കാര്‍ സൃഷ്ടിച്ച എല്ലാ ഉരുക്കുമറകളെയും ഭേദിച്ച് ആര്‍എസ്എസ് കൂടുതല്‍ ജനകീയവും വ്യാപകവുമായി തീര്‍ന്നുവെന്നും ഇന്ദിരാഗാന്ധിക്ക് തന്നെ സമ്മതിക്കേണ്ടിവന്നു. നിരോധനത്തിന്റെ ഒന്നാംവര്‍ഷം ആചരിച്ചത് വന്‍ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് തുടക്കമിട്ടുകൊണ്ടായിരുന്നു. അടിയന്തരാവസ്ഥക്കെതിരായി സമസ്ത ജനവിഭാഗങ്ങളിലും പ്രതിഷേധത്തിന്റെ ജ്വാല കൊളുത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ആ മഹാസമ്പര്‍ക്കയജ്ഞം. അതിനകംതന്നെ കുരുക്ഷേത്രം എന്ന വാര്‍ത്താപത്രികയിലൂടെയും നവംബര്‍ മുതല്‍ മാര്‍ച്ച് വരെ നീണ്ടുനിന്ന സത്യഗ്രഹപരമ്പരയിലൂടെയും ഇന്ദിരാസര്‍ക്കാരിനെ വിറകൊള്ളിക്കാനും അന്താരാഷ്ട്രതലത്തില്‍പ്പോലും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ജനാധിപത്യധ്വംസനത്തിനെതിരെ പ്രതികരണങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞിരുന്നു. ജൂണ്‍ 15ന് നാഗ്പ്പൂരില്‍ നിന്ന് മാധവ് എന്ന പേരില്‍ പുറത്തിറങ്ങിയതായി കാണുന്ന സുദര്‍ശനത്തില്‍ പ്രവര്‍ത്തകരോട് ഇങ്ങനെ ആഹ്വാനം ചെയ്യുന്നു- ''ഇന്ന് ഭരണകക്ഷി ഉള്‍പ്പെടെയുള്ള സംഘടനകളെ പരിശോധിച്ചാല്‍ ഭാരതത്തിലെ ഏക സംഘടിത വ്യാപക ജനകീയ ശക്തി നാം മാത്രമാണെന്നത് പകല്‍പോലെ വ്യക്തമാണ്. അത്തരത്തിലുള്ള ഒരു ജനകീയ ശക്തിയുടെ ചുറ്റുപാടുമാണ് അസ്വസ്ഥരായ ജനകോടികള്‍ സംഘടിക്കുവാന്‍ സാധ്യതയുള്ളത്. ആ ചരിത്രപരമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ നാം െചയ്യേണ്ട കാര്യമാണ് നമ്മുടെ അടുത്ത പരിപാടി. അതിനായി വന്‍തോതില്‍ ഒരു ജനസമ്പര്‍ക്ക പരിപാടിയും നമുക്ക് ആസൂത്രണം ചെയ്യേണ്ടതുണ്ട്. നമ്മുടെ സംഘടനയെ നിരോധിച്ചതിന്റെ ഒന്നാംവാര്‍ഷികമായ 1976 ജൂലൈ നാലിന് എല്ലാവരെയും ഒന്നിച്ചുചേര്‍ത്ത് വജ്രകഠോരമായ നിശ്ചയദാര്‍ഢ്യം ഉള്‍ക്കൊണ്ട് നമുക്ക് ഈ ജനസമ്പര്‍ക്ക ജാഗരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാം.''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.