എസ്എഫ്‌ഐ സിപിഎം നേതൃത്വത്തിനെതിരെ

Saturday 20 June 2015 10:22 pm IST

തൃശൂര്‍: തകര്‍ന്നടിഞ്ഞ എസ്എഫ്‌ഐയെ കുടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനും പങ്കുണ്ടെന്ന് സംസ്ഥാന സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയിലാണ് സിപിഎമ്മിനെതിരെ പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. നിലവിലെ നേതൃനിരയെയും അംഗങ്ങള്‍ വിമര്‍ശനം കൊണ്ട് മൂടി. എസ്എഫ്‌ഐയെ ചലനമല്ലാതാക്കിയതില്‍ പാര്‍ട്ടി നേതൃത്വത്തിനും പങ്കുണ്ടെന്നും, പാര്‍ട്ടിയിലെ വിഭാഗീയതക്കനുസരിച്ച് എസ്എഫ്‌ഐയുടെ സംഘടനാപ്രവര്‍ത്തനത്തെ ഉപയോഗിച്ചതായും പ്രതിനിധികള്‍ ആരോപിച്ചു. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗങ്ങള്‍ വോട്ട് കച്ചവടം നടത്തിയെന്ന ഗുരുതരമായ ആരോപണവും ചര്‍ച്ചയില്‍ ഉയര്‍ന്നു. സര്‍വകലാശാലക്കെതിരെ നടന്ന സമരങ്ങളുടെ പരാജയകാരണം പാര്‍ട്ടി നേതൃത്വം അന്വേഷിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജോ.സെക്രട്ടറി എം. ഷാജര്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.എസ്. ശെന്തില്‍കുമാര്‍ എന്നിവരെ ഈ വിഷയത്തില്‍ സംശയമുണ്ടെന്ന് വരെ അംഗങ്ങള്‍ പറഞ്ഞു. തൊഴില്‍ ലബ്ധിക്കു വേണ്ടിയുള്ളതാണ് വിദ്യാഭ്യാസമെന്ന് നേതാക്കള്‍ ഓര്‍ക്കണമെന്നും പലരും ചുണ്ടിക്കാട്ടി. സംസ്ഥാന വൈസ് പ്രസിഡന്റ് ചിന്ത ജെറോമിനെ മറ്റൊരു സിന്ധു ജോയി എന്നാണ് ചിലര്‍ വിമര്‍ശിച്ചത്. ചാനല്‍ചര്‍ച്ചകളിലും, ഷോ പരിപാടികളിലും പങ്കെടുക്കുകയല്ലാതെ, വിളിച്ചറിയിച്ച പരിപാടികളില്‍ പങ്കെടുക്കാനോ അവര്‍ തയ്യാറാവുന്നില്ല. വിദ്യഭ്യാസ വികാസത്തിന് തടസമാകുന്ന കാന്തിബിശ്വാസ് കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സ്വയംഭരണാവകാശത്തെ പൊതുവേദിയില്‍ എതിര്‍ക്കുകയും, അധികാരത്തിലേറുമ്പോള്‍ അവര്‍ക്ക് അനുകൂല നിലപാടും ഇടതുപക്ഷം സ്വീകരിക്കേണ്ടി വരുന്നതായും ചുണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സമരങ്ങളിലേര്‍പ്പെട്ട വിദ്യാര്‍ത്ഥി സംഘടനകളെ അവഹേളിക്കും വിധത്തിലാണ് പല നേതാക്കളും നിലപാടെടുത്തത്. ഇത് അവരുടെ അഹങ്കാരമാണെന്നും പ്രതിനിധികള്‍ തുറന്നടിച്ചു. 25 വയസിലേക്ക് പ്രായപരിധി ഭേദഗതി ചെയ്യാനുള്ള നിര്‍ദ്ദേശത്തെയും പ്രതിനിധികള്‍ ചോദ്യം ചെയ്തു. ഇന്ന് ചര്‍ച്ചകള്‍ക്കുള്ള സംസ്ഥാന കമ്മിറ്റിയുടെ മറുപടി സംസ്ഥാന സെക്രട്ടറിയും, കേന്ദ്രകമ്മിറ്റിക്കു വേണ്ടി അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി. ശിവദാസനും, ജനറല്‍ സെക്രട്ടറി ഋതഭൃത ബാനര്‍ജി എം.പിയും സംസാരിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.