യോഗ ഇന്ന് പുനര്‍ജനിക്കുന്നു; ലോകം മുഴുവനും

Saturday 20 June 2015 10:40 pm IST

ന്യൂദല്‍ഹി: ലോകത്തിന് ഭാരതത്തിന്റെ സമ്മാനമായ യോഗയ്ക്ക് ഇന്ന് പുനര്‍ജനി. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആഗോളതലത്തില്‍ യോഗാദിനാചരണം നടക്കുമ്പോള്‍ ചരിത്രം വഴിമാറുകയാണ്. ലോകം ഭാരതത്തിലേക്കെത്തുന്നു; ഭാരത സംസ്‌കാരത്തിന്റെ സവിശേഷതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് തന്നെ. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യയിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ റീയൂണിയന്‍ ഐലന്റിലും യോഗ കടന്നുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ വിശ്വം മുഴുവന്‍ വ്യാപിക്കുകയാണ്. യുഎന്‍ കണക്കുപ്രകാരം ലോകത്തിലെ 196 രാജ്യങ്ങളില്‍ 192 എണ്ണത്തിലും യോഗാദിനാചരണം നടക്കും. 47 ഇസ്ലാമിക രാഷ്ട്രങ്ങളും യോഗാഭ്യാസങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ഹൈക്കമ്മീഷണര്‍ ഓഫീസിലും അഫ്ഗാനിസ്ഥാനിലെ കാബൂള്‍ മുനിസിപ്പല്‍ ഹാളിലും യോഗാഭ്യാസ പരിപാടികള്‍ ഇടംപിടിക്കും. സ്‌പെയിനിലെ മാഡ്രിഡും ബാഴ്‌സലോണയും അടക്കം നിരവധി നഗരങ്ങളില്‍ യോഗാദിനാചരണം അരങ്ങേറും. ദക്ഷിണാഫ്രിക്കയില്‍ കേപ് ടൗണിലും ജൊഹാന്നസ്ബര്‍ഗിലും യോഗ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആസ്‌ത്രേലിയും യോഗയ്ക്കായി അണിചേരും. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ നടക്കുന്ന യോഗാദിനാചരണത്തില്‍ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍, ഭാരത വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ക്കൊപ്പം 30,000 പേര്‍ യോഗ ചെയ്യും. ഭാരതത്തിലെ എല്ലാ നഗര-ഗ്രാമങ്ങളിലും ദിനാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍-സര്‍ക്കാരിതര പരിപാടികള്‍ നടക്കുന്നുണ്ട്. ദല്‍ഹിയിലെ രാജ്പഥില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ 37,000പേര്‍ യോഗ അഭ്യസിക്കും. 35 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ഇരുപതോളം യോഗാ രീതികള്‍ പ്രദര്‍ശിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രാജ്പഥില്‍ യോഗ ചെയ്യും. രാവിലെ 6.40 മുതല്‍ പരിപാടികള്‍ ആരംഭിക്കും. യോഗാചാര്യന്‍ ബാബാ രാംദേവിന്റെ യോഗാ പ്രകടനം ഇവിടത്തെ സവിശേഷത. അമ്പതോളം വിദേശരാജ്യ പ്രതിനിധികളും യോഗ ചെയ്യുന്നുണ്ട്. രാജ്യത്തെ സ്‌കൂളുകളും പട്ടാള ബാരക്കുകളും യോഗാദിനാചരണത്തിന്റെ ഭാഗമാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും സാധാരണ ജനങ്ങളുമെല്ലാം ഇതില്‍ പങ്കാളികളാകുമ്പോള്‍ ഗിന്നസ് റെക്കോര്‍ഡും പ്രതീക്ഷിക്കപ്പെടുന്നു. ദല്‍ഹിയിലെ മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗയുടെ മേധാവി ഡോ. ഈശ്വര്‍ ബാസവരാദി യോഗാദിനാചരണത്തെപ്പറ്റി പറയുന്നത് ഇപ്രകാരം: ഭാരതത്തിന്റെ ഏറ്റവും മികച്ച സാംസ്‌കാരിക കയറ്റുമതിയാണിത്. മതങ്ങളേയും പാശ്ചാത്യജീവിതരീതിയെയുമെല്ലാം കീഴടക്കിയിരിക്കുകയാണ് യോഗ. ശാസ്ത്രവും തത്വജ്ഞാനവുമാണ് യോഗയുടെ അടിസ്ഥാനം. ഊര്‍ജ്ജത്തെയും മനസ്സിനേയും നിയന്ത്രിക്കാന്‍ സാധിക്കുന്ന ദൈവീകമായ വ്യായാമമാണ് യോഗ. ലോകം മുഴുവന്‍ യോഗയുടെ പ്രാധാന്യം തിരിച്ചറിയുന്നു. യോഗ മനുഷ്യന്റെ സമഗ്രവികാസത്തിന്: പി. പരമേശ്വരന്‍ കൊച്ചി: യോഗ മനുഷ്യ വ്യക്തിത്വത്തിന്റെ സമഗ്ര വികാസത്തിനുള്ളതാണെന്ന് അന്താരാഷ്ട്ര യോഗദിന സന്ദേശത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ അഭിപ്രായപ്പെട്ടു. മാനവരാശിക്കുള്ള ഭാരതത്തിന്റെ അതുല്യസംഭാവനയാണ് യോഗ. അതൊരു വ്യായാമം മാത്രമല്ല. നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും യോഗയുടെ ചൈതന്യം പകരണം. യോഗയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് അതിനെ പിന്തുടരാന്‍ അന്താരാഷ്ട്ര യോഗദിനം നമ്മെ പ്രചോദിപ്പിക്കണം, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.