വന്‍ പ്രതിഷേധത്തിനിടയിലും മൊബൈല്‍ ടവര്‍ നിര്‍മാണത്തിന് നീക്കം

Saturday 20 June 2015 10:38 pm IST

കുറിച്ചി: റിലയന്‍സ് കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മ്മാണം നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. ഇത്തിത്താനം ചാക്കരിമുക്ക് ജംഗ്ഷനില്‍ റിലയന്‍സ് കമ്പനി നാട്ടുകാരുടെ അനുമതിയില്ലാതെ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുവാനുള്ള നീക്കവും നേരത്തെ തടഞ്ഞിരുന്നു. ടവറിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ഈ നിര്‍മ്മാണം നടത്താതിരിക്കുന്നതിനായി കോടതിയുടെ അനുവാദം വാങ്ങിയിരുന്നു. കൂടാതെ പഞ്ചായത്ത് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനത്തോടെ പ്രമേയം പാസ്സാക്കി പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോയും നല്‍കിയിരുന്നു. ഇതിനെയെല്ലാം വകവയ്ക്കാതെ പോലീസ് അധികാരികളുടെ ഒത്താശയോടെ വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുവാന്‍ ശ്രമം നടന്നപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്. ഗവ:വൃദ്ധസദനത്തിന്റെ ബോര്‍ഡുകള്‍ തകര്‍ക്കുകയും, വെള്ളം ഒഴുകികൊണ്ടിരുന്ന ഓട നികത്തുകയും പി.ഡബ്ല്യൂ.ഡി സ്ഥാപിച്ച കലുങ്ക് പൊളിച്ചുകളഞ്ഞ് നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ഇതറിഞ്ഞ് നാട്ടുകാരും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ചേര്‍ന്ന് ടവര്‍ നിര്‍മ്മാണം തടയുകയായിരുന്നു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന മൊബൈല്‍ ടവര്‍ നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് ഉന്നത അധികാരികളെ സമീപിച്ചിരുന്നു. എന്നിട്ടും ജനങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ, യാതൊരു നടപടിയും കൈകൊള്ളാതെ ടവര്‍ നിര്‍മ്മാണത്തെ അനുകൂലിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. വാര്‍ഡ് മെമ്പര്‍ നാരായണന്‍ നായര്‍, ഡി.വൈ.എഫ്.ഐ ഇത്തിത്താനം മേഖലാ സെക്രട്ടറി ഷൈന്‍ ചാലച്ചിറ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മഞ്ചേഷ്, ബാബു കോയിപ്പുറം, രാകേഷ് കുമാര്‍ മുല്ലശ്ശേരി, അപ്പുക്കുട്ടന്‍ നായര്‍ കപ്പാംമൂട്, സാബു കോയിപ്പള്ളി, കെ.എസ് രാജേഷ് കാലായില്‍ പുത്തന്‍പുരയില്‍, സുര വിജയകുമാര്‍ മുണ്ടകത്തില്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.