യോഗ ദിനം സമുചിതമായി ആഘോഷിച്ചു; സമാധാനത്തിന്റെ പുതുയുഗ പിറവിയെന്ന് പ്രധാനമന്ത്രി

Sunday 21 June 2015 5:09 pm IST

ന്യൂദല്‍ഹി :  ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിച്ചു. രാജ്പഥില്‍ നടന്ന അര മണിക്കൂര്‍ നീണ്ട യോഗാസന പ്രകടനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി നേതൃത്വം നല്‍കി. ത്രിവര്‍ണ സ്‌കാര്‍ഫും വെള്ള വസ്ത്രവുമായി എത്തിയ നരേന്ദ്രമോദി വജ്രാസനം, പത്മാസനം എന്നിവ വിദ്യാര്‍ഥികള്‍ക്കൊപ്പം പരിശീലിച്ചു. യോഗാ ദിനാചരണം പുതുയുഗത്തിന്റെ തുടക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഥമ അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് ദല്‍ഹിയിലെ രാജ്പഥില്‍ നടക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചുകൊണ് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 37,000 ത്തിലധികം പേരാണ് രാജ്പഥിലെത്തി യോഗാദിനാചരണത്തില്‍ പക്കെടുക്കുന്നത്. ന്യൂദല്‍ഹിയ്ക്ക്  പുറമെ രാജ്യത്തെ മറ്റ് നഗരങ്ങളിലും കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗാദിനാഘോഷങ്ങള്‍ നടക്കുകയാണ് . പൊതുയോഗ പ്രോട്ടോക്കോള്‍ പ്രകാരം ചിട്ടപ്പെടുത്തിയ 35 മിനിറ്റ് യോഗാപ്രദര്‍ശനം രാവിലെ ഏഴ് മണിക്ക് തുടങ്ങി. ഇത്രയുമധികം ആളുകള്‍ യോഗയില്‍ ഒരുമിച്ച് പങ്കെടുക്കുന്നത് ചരിത്രത്തിലാദ്യമാണ്. അതിനാല്‍ത്തന്നെ റിപ്പബ്ലിക് ദിനത്തിന് നല്‍കുന്ന സുരക്ഷയിലും പ്രധാന്യത്തിലുമാണ് രാജ്യതലസ്ഥാനത്തെ യോഗദിനം ആചരിച്ചത്. യോഗ ദിനാചരണത്തിന്റെ പ്രധാനവേദിക്കു ചുറ്റിനുമായി സൈനികര്‍, എന്‍എസ്ജി തുടങ്ങി ഏഴായിരം പേരടങ്ങുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരുന്നത്. രാജ്യത്തിന്റെ പൊതു സംപ്രേക്ഷകരായ ദൂരദര്‍ശനടക്കം അതീവ പ്രാധാന്യത്തോടെയാണ് യോഗദിനത്തിലെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്തത്. പ്രധാനവേദിയിലെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ ദൂരദര്‍ശന്റേതായി മാത്രം 18 കാമറകളാണ് സജ്ജമാക്കിയിരുന്നത്. ഇതിനു പുറമേ മറ്റ് 24 കാമറകള്‍ കൂടി പ്രധാനവേദിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സജ്ജീകരിച്ചിരുന്നു. ഐക്യ രാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ യോഗാദിനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.പ്രധാന കേന്ദ്രമായി ന്യൂദല്‍ഹി രാജ്പഥില്‍ മാത്രം 37,000 പേരെയാണ് സംഘാടകര്‍ ലക്ഷ്യമിട്ടത്. ഇവര്‍ക്ക് പുറമെ രാജ്പഥില്‍ യോഗാ പ്രദര്‍ശനം വീക്ഷിക്കാന്‍ നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പടെ 5000 ക്ഷണിതാക്കള്‍ എത്തി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.