പഞ്ചഭൂതവും നമ്മുടെ ശരീരവും

Sunday 21 June 2015 9:03 pm IST

ആകാശം, വായു, അഗ്നി, ജലം, പൃഥ്വി ഇവയാണ് പഞ്ചഭൂതങ്ങള്‍. പ്രകൃതിയിലെ സകല ചരാചര വസ്തുക്കളും പഞ്ചഭൂത നിര്‍മ്മിതമാണ്. നമ്മുടെ ചുറ്റുപാടുകളെ നിരീക്ഷീച്ചാല്‍ നമുക്കിത് മനസ്സിലാകും. ഒരു വിത്ത് മുളക്കുന്നതും വളരുന്നതും ഭൂമിയിലാണ്. അതു മുളയ്ക്കണമെങ്കില്‍ ജലസാന്നിദ്ധ്യവും പ്രകാശവും(അഗ്നി) വായുവും വേണം. അതിനു വളരാന്‍ ഒരു ഇടവും(ആകാശം) ആവശ്യമാണ്. പഞ്ചഭൂതങ്ങളുടെ അഭാവത്തില്‍ ഒന്നിനും നിലനില്‍ക്കാന്‍ കഴിയില്ല. എല്ലാ സസ്യജാലങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. നാംകഴിക്കുന്ന ആഹാരത്തെ നിരീക്ഷിക്കുകയാണെങ്കില്‍, ചോറ് അരിയും അടുപ്പും പാത്രവും വിറകും എല്ലാം ഭൂമി തത്ത്വമാണ്. കലത്തിന്റെ ഉള്ളിലെ ശൂന്യമായ ഇടവും ആകാശതത്ത്വം തന്നെ. കലത്തിനുള്ളിലെ വെള്ളം ജലതത്ത്വം. അരി വേവാന്‍ ഉപയോഗിക്കുന്ന ചൂട് അഗ്നി തത്ത്വം, വിറകിനെ കത്തിക്കുന്നത് വായു തത്ത്വം. ഈ പഞ്ച തത്ത്വങ്ങളുടെ അബാവത്തില്‍ ഒന്നും സാദ്ധ്യമാകുന്നില്ല എന്നു നമുക്കറിയാന്‍ കഴിയും. നാം ഓരോരുത്തരും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും ഇതേ തത്ത്വത്തില്‍ തന്നെയാണ്. അച്ഛനും അമ്മയുമാണ് നമ്മുടെ സൃഷ്ടിക്ക് ആധാരം എന്നു പറയുമ്പോഴും കുറച്ചു കൂടി വിശാലമായ സത്യം വീണ്ടും അവശേഷിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണംവിഘടിച്ചുണ്ടാകുന്ന സപ്തധാതുക്കളില്‍ ഒരു ധാതുവായ ശുക്ലധാതുവാണ് സൃഷ്ടിയുടെ അടിസ്ഥാന ഘടകം. അന്നത്തില്‍ നിന്നുമാണ് ഇത് ഉത്പന്നമാകുന്നത്, അന്നം ഉണ്ടാകുന്നത് ഭൂമിയിലും അങ്ങനെ ചിന്തിക്കുമ്പോള്‍ നാം ഓരോരുത്തരും ഈ ഭൂമിയുടെ സന്താനങ്ങളാണ്. അതിനാല്‍ നമ്മുടെ പൂര്‍വ്വീകര്‍ പറഞ്ഞിരിക്കുന്നു ' മാതാ ഭൂമി പുത്രോ/ഹം പൃഥ്വവ്യ' ഈ ഭൂമി എന്റെ മാതാവും ഞാന്‍ അതിന്റെ പുത്രനുമാകുന്നു എന്ന് അമ്മ എപ്രകാരമാണോ നമ്മെ സംരക്ഷിക്കുന്നത് അപ്രകാരം ഈ ഭൂമിയും നമ്മെ സംരക്ഷിക്കുന്നു. അതിനാല്‍ ഈ ഭൂമിയെ സംരക്ഷിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. യോഗ മാര്‍ക്ഷത്തില്‍ ജീവിക്കുകയെന്നാല്‍ പ്രകൃതിയോടിണങ്ങി ജീവിക്കുക എന്നു തന്നെയാണര്‍ത്ഥം. അമ്മയുടെ ഉദരത്തിലും നമ്മുടെ വളര്‍ച്ചയ്ക്ക് ഈ പഞ്ചഭൂത തത്ത്വങ്ങള്‍ അനിവാര്യമാണ്. ഗര്‍ഭപാത്രം നമുക്കു വളരാനുള്ള ഇടമാണ്- ഈ ആകാശ തത്ത്വം. വളര്‍ച്ചക്ക് പ്രാണന്‍ അനിവാര്യമാണ് അത് വായു തത്ത്വം. ഇനി നമ്മെ ഓരോരുത്തരേയും നിരീക്ഷിച്ചാല്‍ നമുക്കു ജീവിക്കാന്‍ ഇടം ആവശ്യമാണ്. നമ്മുടെ ഉള്ളിലുള്ള ഓരോ അവയവങ്ങളും വച്ചിരിക്കുന്നതും കൃത്യമായ ഇടങ്ങളിലാണ്. അവയവങ്ങള്‍ തമ്മിലും കോശങ്ങള്‍ തമ്മിലും കോശങ്ങള്‍ക്കുള്ളിലും കൃത്യമായ അകലം നമുക്ക് കാണാന്‍ കഴിയും. ഇതെല്ലാം ആകാശ തത്ത്വം തന്നെയാണ്. നമ്മുടെ ഉള്ളില്‍ വാതക രൂപത്തിലുള്ളതെല്ലാം വായുതത്ത്വമാണ്. ശരീര വളര്‍ച്ചയുടെയും ശാരീരിക പ്രവര്‍ത്തനങ്ങളുടേയും അടിസ്ഥാനമായ പ്രാണവായു ഈ തത്ത്വം തന്നെയാണ്. നമ്മുടെ ശരീരത്തില്‍ അഞ്ച് അഗ്നികളുണ്ട്. കായാഗ്നി, ജഠരാഗ്നി, ധാതു അഗ്നി, ഭൂതാഗ്നി, യോഗാഗ്നി. ഇതെല്ലാം തന്നെ അഗ്നി തത്ത്വമാണ്. പഞ്ചകോശങ്ങളിലും അഗ്നി തത്ത്വം നിലനില്‍ക്കുന്നു. മൂത്രം, രക്തം, ശുക്ലം, ജലം, ഹോര്‍മോണ്‍ തുടങ്ങി നമ്മുടെ ഉള്ളില്‍ ദ്രവ രൂപത്തിലുള്ളതെല്ലാം ജലതത്ത്വമാണ്. അസ്ഥികളും പേശികളും ഉള്‍പ്പടെ ശരീരത്തിലെ ബാഹ്യവും ആന്തരികവുമായ എല്ലാ അവയവങ്ങളും ഭൂമി തത്ത്വമാണ്. പഞ്ചഭൂതവും ശരീരവും ഭൂമി:- ഖരാവസ്ഥയിലുള്ളത് അഥവാ ഉറച്ചത് എല്ലാം. ഉദാ:പല്ല്, എല്ല്, കോശം, കല തുടങ്ങിയവ. ജലം:- ദ്രവ രൂപത്തിലുള്ളതെല്ലാം. ഇസം, രക്തം, ഹോര്‍മോണ്‍, മൂത്രം, വെള്ളം, മറ്റു ദ്രാവകങ്ങള്‍. അഗ്നി:- ഖരാവസ്ഥയിലുള്ളതിനെ ദ്രാവകമാക്കുക, ദ്രാവകത്തെ വാതകമാക്കുക, ദ്രാവകത്തെ ഖരാവസ്ഥയിലാക്കുക തുടങ്ങിയ സ്വഭാവത്തെ മാറ്റുന്നത് അഗ്നിയാണ്. പരമാണുക്കളെ ചേര്‍ത്തു നിര്‍ത്തുക, ഭക്ഷണത്തെ കൊഴുപ്പ്, ഊര്‍ജ്ജം, പേശികള്‍ എന്നിവയാക്കി മാറ്റുക; ചിന്തയുടെ പ്രവര്‍ത്തനം, വികാരം, നാഡിമിടിപ്പ് ഇതെല്ലാം നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്നത് അഗ്നിയാണ്. വായു:-വാതകരൂപത്തിലുള്ളതും ചലിക്കുന്നതും ശക്തവുമായത് വായുതത്ത്വമാണ്. ശരീരത്തിലെ ഊര്‍ജ്ജകൈമാറ്റവും അഗ്നിയെ ജ്വലിപ്പിക്കുന്നതും വായുവാണ്. ആകാശം:-എല്ലാം നിലനില്‍ക്കുന്ന ഇടം, എല്ലാത്തിന്റേയും ഉത്ഭവസ്ഥാനം പതഞ്ജലി യോഗ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, കൊച്ചി- 26. ഫോണ്‍: 0484 25328001, 9496332058) ..തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.