ആവേശത്തിരയില്‍ രാജ്യമെങ്ങും യോഗ ദിനാചരണം

Sunday 21 June 2015 10:04 pm IST

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്ര നേതാക്കള്‍ 1. ലഖ്‌നൗവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് 2. ജയപൂരില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, 3. അഹമ്മദാബാദില്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍

ഭാരത ചരിത്രത്തിലെ സുപ്രധാനമുഹൂര്‍ത്തമായി ആത്മാഭിമാനം പകര്‍ന്നുകൊണ്ട് അന്താരാഷ്ട്ര യോഗ ദിനാചരണം ലോകമെങ്ങും ആഘോഷിച്ചപ്പോള്‍ രാജ്യത്തെങ്ങും വലിയ ആവേശത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്.

ഉത്തര്‍പ്രദേശ്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് നേതൃത്വം നല്‍കി.
മുസ്ലിം സന്നദ്ധ സംഘടനയായ മുഹമ്മദ് സെയ്ത് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്ലിങ്ങളും യോഗ ദിനാചരണത്തില്‍ പങ്കെടുത്തു. സംഘടനക്ക് നേതൃത്വംനല്‍കുന്ന അക്തറും ഭാര്യ ഷൈസ്റ്റയുമാണ് യോഗക്ക് നേതൃത്വം നല്‍കിയത്. ആയൂഷ് മന്ത്രാലയം ഇവര്‍ക്ക് വേണ്ട പരിശീലനവും നല്‍കിയിരുന്നു.

ഹിമാചല്‍പ്രദേശ്
ഷിംല: ഹിമാചല്‍ പ്രദേശില്‍ നടന്ന യോഗ ദിനാചരണത്തില്‍ ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ പങ്കെടുത്തു. ഹിമാചല്‍ പ്രദേശ് നഗരത്തില്‍ നടന്ന യോഗദിനാചരണത്തില്‍ വിവിധ മേഖലകളിലെ ആയിരത്തോളംപേര്‍ പങ്കെടുത്തു. ഷിംലയില്‍ നടന്ന പിരപാടിയല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നേതൃത്വം നല്‍കി. പാലംപൂര്‍ നഗരത്തില്‍ നടന്ന പരിപാടിക്ക് ബിജെപി നേതാവ് എല്‍.കെ. അദ്വാനി നേതൃത്വം നല്‍കി. ശാന്തകുമാര്‍ എംപി പങ്കെടുത്തു. ഹമീര്‍പൂര്‍ നഗരത്തില്‍ നടന്ന യോഗ പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമാല്‍ പങ്കെടുത്തു.

മഹാരാഷ്ട്ര
നാഗപൂര്‍: മഹാരാഷ്ട്രയില്‍ നാഗപൂര്‍ നഗരസഭയുടെയും ജനാര്‍ദന്‍ സ്വാമി യോഗഭാസി മണ്ഡലിന്റെയും ആഭിമുഖ്യത്തില്‍ യശ്വന്ത് സ്റ്റേഡിയത്തില്‍ നടന്ന വന്‍ യോഗാ ദിനാചരണ പരിപാടിക്ക് മുഖ്യമന്ത്രി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ നേതൃത്വം നല്‍കി.

നാഗപൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുത്തു. വിവിധ മത, സാമൂഹ്യ, സാംസ്‌ക്കാരിക, വിദ്യാഭ്യാസ സംഘടനകളുടെയും ആഭിമുഖ്യത്തിലും യോഗ ദിനാചരണം സംസ്ഥാനത്തുടനീളം നടന്നു.

മധ്യപ്രദേശ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ലാല്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന വലിയ യോഗാ ദിനാചരണ പരിപാടിക്ക് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളടക്കം ആയിരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍, ഭോപ്പാല്‍ എംപി അലോക് സഞ്ചാര്‍, മേയര്‍ അലോക് ശര്‍മ്മ, വിശ്വാസ് സാരങ് എംഎല്‍എ, ചീഫ് സെക്രട്ടറി ആന്റണി ഡിസ, അഡീഷണല്‍ ചീഫ് സെക്രട്ടറി എസ്.ആര്‍. മൊഹന്തി എന്നിവരും പങ്കെടുത്തു. ഐക്യരാഷ്ട്ര സഭയെക്കൊണ്ട് യോഗ അന്താരാഷ്ട്ര ദിനമായി ആചരിക്കുവാന്‍ തീരുമാനമെടുപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൗഹാന്‍ നന്ദി പറഞ്ഞു. ഗോളിയറില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ധനമന്ത്രി ജയന്തി മല്ലയ്യ നേതൃത്വം നല്‍കി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഗ്രാമീണമേഖലകളിലും യോഗ ദിനാചരണം നടന്നു.

രാജസ്ഥാന്‍
ജയ്പൂര്‍: ജയ്പൂരില്‍ നടന്ന യോഗ ദിനാചരണത്തിന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ നേതൃത്വം നല്‍കി.

ഗുജറാത്ത്
അഹമ്മദാബാദ്: അഹമ്മദാബാദ് ജിഎംഡിസി ഗ്രൗണ്ടില്‍ നടന്ന സംസ്ഥാനതല യോഗ ദിനാചരണ പരിപാടികള്‍ക്ക് ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി. കോഹ്‌ലി, മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌ക്കൂളുകളില്‍ യോഗ നിത്യേന പരിശീലിക്കുന്നതിനായുള്ള പദ്ധതി തയ്യാറാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, വനിതകള്‍ തുടങ്ങി എല്ലാമേഖലയിലുമുള്ള ജനങ്ങള്‍ പങ്കെടുത്തു. സംസ്ഥാനത്ത് നടന്ന് പരിപാടികളില്‍ 1.25 കോടി ജനങ്ങളാണ് പങ്കെടുത്തത്. മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലും 35 മിനിട്ട് നീണ്ടുനിന്ന യോഗ പ്രകടനത്തില്‍ പങ്കെടുത്തു. ഏതാണ്ട് 70,000 ത്തോളം പേരാണ് ജിഎംഡിസി ഗ്രൗണ്ടില്‍നടന്ന പരിപാടിയില്‍ പങ്കെടുത്തത്.ഭാവിയിലും സാധാരണക്കാര്‍ക്കായി യോഗപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗ നദിയില്‍ എന്ന പരിപാടിയുടെ ഭാഗമായി നര്‍മദ നദിയില്‍ ബോട്ടുകളില്‍ യോഗാസനപരിപാടികള്‍ നടന്നു. 500 ബോട്ടുകളിലായി പരിശീലനം ലഭിച്ച 1500 പേര്‍ യോഗാസന പ്രകടനങ്ങള്‍ കാഴ്ചവെച്ചു.സബര്‍മതി നദിക്കരിയില്‍ വിദ്യാര്‍ത്ഥികളുടെ യോഗാസനപരിപാടി അരങ്ങേറി. 33 ജില്ലകളില്‍ 29,000 കേന്ദ്രങ്ങളിലാണ് യോഗ ദിനാചരണം നടന്നത്.

ഗോവ
പനാജി: ഗോവയില്‍ നടന്ന യോഗ ദിനാചരണ പരിപാടിയില്‍ ഏതാണ്ട് 90000 വിദ്യാര്‍ത്ഥികള്‍,ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍, വിവധ സൈനിക വിഭാഗങ്ങള്‍ തുടങ്ങിയവര്‍ ആവേശത്തോടെ പങ്കെടുത്തു.തലസ്ഥാനത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി ലക്ഷമി കാന്ത് പാര്‍സേക്കര്‍ നേതൃത്വം നല്‍കി.

ഹരിയാന
കാര്‍ണാല്‍: കാര്‍ണാലില്‍ നടന്ന യോഗാ ദിനാചരണത്തിന് മുഖ്യമന്ത്രി എം.എല്‍. ഖട്ടര്‍ നേതൃത്വം നല്‍കി.

പഞ്ചാബ്
ചണ്ഡിഗഡ്: പഞ്ചാബ് നഗരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത യോഗ ദിനാചരണത്തിന് കേന്ദ്രമന്ത്രി ഹര്‍സീമ്രത് ബാദല്‍ നേതൃത്വം നല്‍കി. സംസ്ഥാന ആരോഗ്യമന്ത്രി സുര്‍ജിത് കുമാര്‍ പങ്കെടുത്തു. അമൃതസറില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന കാബിനറ്റ് മന്ത്രിമാര്‍ നേതൃത്വം നല്‍കി.

ബീഹാര്‍
പാട്‌ന: പാട്‌ന മോയിന്‍-ഉള്‍-ഹക്ക് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുത്തു. മുതിര്‍ന്ന നേതാവ് സുശീല്‍കുമാര്‍ മോദി, മുന്‍കേന്ദ്രമന്ത്രി സി.പി. താക്കൂര്‍, പ്രതിപക്ഷ നേതാവ് നന്ദകിഷോര്‍ യാദവ് എന്നിവുരെ ഷാക്കൊപ്പം പങ്കെടുത്തു. രണ്ട് മുസ്ലിം പെണ്‍കുട്ടികളാണ് സ്റ്റേഡിയത്തില്‍ യോഗ ക്ലാസിന് നേതൃത്വം നല്‍കിയത്. ഹാജിപൂരില്‍ കേന്ദ്രമന്ത്രി റാം വിലാസ് പസ്വാന്‍ യോഗാസനപ്രദര്‍ശനം നടത്തി. മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയും അനുയായികളും ആനിമാര്‍ഗ്ഗിലെ വസതിയില്‍ യോഗ ദിനാചരണം നടത്തി.ഗയയിലെ ഗാന്ധി മൈതാനില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹ യോഗാസനം അവതരിപ്പിച്ചു. ഹരി മാഞ്ചി എംപി, പ്രോംകുമാര്‍ എംഎല്‍എ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

പശ്ചിമ ബംഗാള്‍
കൊല്‍ക്കട്ട: സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യാ കോംപ്ലക്‌സില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നേതൃത്വം നല്‍കി. യോഗാസന അവതരണവും മന്ത്രി നടത്തി.

തമിഴ്‌നാട്
ചെന്നൈ: യോഗ ദിനാചരണത്തിന് ആവേശകരമായ പ്രതികരണമാണ് തമിഴ്‌നാട്ടിലുണ്ടായത്. ജാഗി വാസുദേവ് ഇഷ യോഗ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പങ്കെടുത്തു. നാഗര്‍കോവില്‍ നടന്ന പരിപാടിയില്‍ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പങ്കെടുത്തു. ബിജെപി സഖ്യകക്ഷിയായ ഡിഎംഡികെ നേതാവ് വിജയകാന്തും ഭാര്യ പ്രേമലതയും പരിപാടിയില്‍ പങ്കെടുത്തു. വിവിധ സൈനിക വിഭാഗങ്ങളുടെയും ആര്‍ട്ട് ഓഫ് ലിവിങ് കേന്ദ്രങ്ങളുടെയും ആഭിമുഖ്യത്തില്‍ യോഗദിനാചരണം നടത്തി.

ഝാര്‍ഖണ്ഡ്
റാഞ്ചി: ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ നേതൃത്വത്തില്‍ യോഗാ ദിനാചരണം നടന്നു. മൊറഹാബാദി ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ പതിനായിരം പേര്‍ പങ്കെടുത്തു. മന്ത്രിമാര്‍ക്ക് പുറമെ ചീഫ് സെക്രട്ടറിയും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും പരിപാടികളില്‍ പങ്കെടുത്തു. ധന്‍ബാദില്‍ മുന്‍മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ടെ പങ്കെടുത്തു. ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ 1500 പേര്‍ പങ്കെടുത്തു.

കര്‍ണാടക
ബെംഗളുരു: കര്‍ണാടക സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല യോഗ ദിനാചരണത്തിന് സംസ്ഥാനമുഖ്യമന്ത്രി സിദ്ദരാമയ്യയും ബോളിവുഡ് നടി ശില്പ ഷെഡ്ഡിയും നേതൃത്വം നല്‍കി. ആവേശത്തോടെ പരിപാടിക്കെത്തിയ പതിനായിരങ്ങളോട് യോഗ ശാന്തിയും ആരോഗ്യവും സമാധാനവും പ്രധാനം ചെയ്യുന്നതാണെന്ന് സിദ്ദരാമയ്യ പറഞ്ഞു.

ആന്ധ്രാപ്രദേശ്
ഹൈദരാബാദ്: വിശാഖപട്ടണം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗാ ദിനാചരണത്തില്‍ വിദേശ വിദ്യാര്‍ത്ഥികളടക്കം ആയിരങ്ങള്‍ പങ്കെടുത്തു. സംസ്ഥാന ബിജെപി പ്രസിഡന്റും എംപിയുമായ കാമ്പാംപതി ഹരി ബാബു, മന്ത്രി അയ്യന്ന പത്രുഡു എന്നിവര്‍ നേതൃത്വം നല്‍കി.
തെലുങ്കാന, ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍, ഭാര്യ വിമല നരസിംഹന്‍ എന്നിവര്‍ രാജ്ഭവനില്‍ നടന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഹൈദരാബാദില്‍ നടന്ന പരിപാടികള്‍ക്ക് കേന്ദ്രമന്ത്രി ജെ.പി. നദ്ദ നേതൃത്വം നല്‍കി. വിജയവാഡയില്‍ നടന്ന പരിപാടികള്‍ക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കി.
വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും ഗ്രാമീണമേഖലകളിലും സര്‍ക്കാരുകളുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ യോഗ ദിനം വിപുലമായി ആഘോഷിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.