സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയാല്‍ ഹൈക്കോടതി ബഞ്ച് പരിഗണിക്കും: കേന്ദ്രമന്ത്രി ഗൗഡ

Sunday 21 June 2015 10:46 pm IST

തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ കേന്ദ്രമന്ത്രി സദാനന്ദഗൗഡ സംസാരിക്കുന്നു. ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്‍ സമീപം

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ തലസ്ഥാനത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കണമെന്ന ശുപാര്‍ശ നല്‍കിയാല്‍ അക്കാര്യം പരിഗണിക്കുമെന്ന് കേന്ദ്രനീതിന്യായ വകുപ്പ് മന്ത്രി ഡി.വി. സദാനന്ദഗൗഡ. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മുഴുവന്‍ ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഹൈക്കോടതി ബഞ്ച് ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഇക്കാര്യം ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ അനുമതിയോടെ പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിക്കുകയുമാണ് വേണ്ടത്. ഇത്തരമൊരു നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ കേന്ദ്രനിയമ മന്ത്രാലയം ഇക്കാര്യം ഉറപ്പായും പരിഗണിക്കും. സദാനന്ദഗൗഡ പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിനും കെട്ടിക്കിടക്കുന്ന കേസുകളില്‍ പരിഹാരമുണ്ടാക്കുന്നതിനും മുന്‍ഗണന നല്‍കും. രാജ്യത്ത് 2.64 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ലോക് അദാലത്ത് ശക്തിപ്പെടുത്തി കോടതികള്‍ക്ക് പുറത്ത് കേസുകള്‍ പരിഹാരമുണ്ടാക്കാനാണ് ശ്രമം. ഡിസംബര്‍ 6ന് നടന്ന മെഗാ അദാലത്തില്‍ 44 ലക്ഷം കേസുകള്‍ ഇത്തരത്തില്‍ പരിഹരിച്ചു. പാവപ്പെട്ടവര്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിന് മുന്‍ഗണ നല്‍കും. നിയമങ്ങള്‍ ലളിതവും സാധാരണക്കാരന് മനസ്സിലാക്കുന്നതുമാവണമെന്നതാണ് സര്‍ക്കാര്‍ നയം.

വികസിത രാഷ്ട്രങ്ങളിലെ ആര്‍ബിട്രേഷന്‍ പ്രക്രിയകള്‍ ലളിതവും സുതാര്യവുമാണ്. വാണിജ്യരംഗത്തുള്ളവര്‍ക്ക് അനുകൂലമാണ് ഇത്തരം ഘടകങ്ങള്‍. ഭാരതത്തില്‍ ആര്‍ബിട്രേഷന്‍ പ്രക്രിയകള്‍ നീണ്ടുപോകുന്നതുമൂലം മുതല്‍മുടക്കാന്‍ മടിക്കുന്ന നിക്ഷേപകരുണ്ട്. ആശയക്കുഴപ്പുമുണ്ടാക്കുന്ന ചട്ടങ്ങള്‍ ഭേദഗതി ചെയ്യും. തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികള്‍ക്കും അനുകൂലമായിരിക്കണം എന്നതാണ് തന്റെ അഭിപ്രായം. വിവിധ വകുപ്പുകള്‍ ആവശ്യപ്പെടുന്നത് പ്രകാരം നിയമങ്ങള്‍ തയ്യാറാക്കുക എന്നതുമാത്രമാണ് നിയമവകുപ്പിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.

സുഷമ സ്വരാജ് വിവാദത്തില്‍ കഴമ്പില്ല. മാനുഷിക പരിഗണനയ്ക് പ്രാധാന്യം നല്‍കുക ഭാരതത്തിന്റെ സംസ്‌കാരമാണ്. ക്യാന്‍സര്‍ രോഗിയായ ഒരു സ്ത്രീയുടെ ചികിത്സയ്ക്ക് സഹായിച്ചത് തെറ്റല്ല. അതില്‍ അഴിമതിയില്ല. വസുന്ധര രാജസിന്ധ്യയുടെ വിഷയം 2010ല്‍ നടന്നതാണ്. അതിനുശേഷമാണ് ലളിത്‌മോദി വിവാദത്തില്‍പ്പെടുന്നത്. വസുന്ധരരാജസിന്ധ്യയുടെ മകനും ലളിത് മോദിയും തമ്മില്‍ ബിസനസ് ബന്ധങ്ങളുണ്ടായിരുന്നുവെങ്കില്‍ അത് തെറ്റെന്ന് പറയാനാവില്ല. എന്നാല്‍ അതില്‍ അഴിമതിയുണ്ടോ എന്നതാണ് വിഷയമം. ഇതുവരെ അങ്ങനെയൊരു വിഷയം കണ്ടെത്തിയിട്ടുമില്ല.

അദ്വാനിയുടെ പരാമര്‍ശങ്ങളലും വിവാദമില്ല. എല്ലാ അടിയന്തരാവസ്ഥ വാര്‍ഷികങ്ങളിലും മാധ്യമങ്ങള്‍ പ്രതികരണം ആരായാറുണ്ട്. അദ്ദേഹത്തിന്റെ പൊതുവായ പ്രതികരണം ഒരു വ്യക്തിയെയും ഉദ്ദേശിച്ചല്ല. പലപ്പോഴും പ്രതികരണങ്ങള്‍ വളച്ചൊടിക്കപ്പെടാറാണ് പതിവ്. സദ്ഭരണത്തിനും വികസനത്തിനും ഭരണാധികാരികളെ ആത്മവിശ്വാസത്തിലെടുക്കണം. പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തി സുതാര്യമായി മുന്നോട്ടുപോകാന്‍ ഭരണാധികാരികള്‍ക്കുമാവണം. താന്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ കേരളത്തെ അവഗണിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് രാജ്യസഭ അധ്യക്ഷന്റെ മുറിയില്‍ 20 എംപിമാരുടെയും യോഗം വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുത്തു. കേരളം ഉന്നയിച്ച 3 പ്രധാന ആവശ്യങ്ങളില്‍ രണ്ടും നിറവേറ്റിയ ശേഷമാണ് താന്‍ മന്ത്രിസ്ഥാനത്തുനിന്നും മാറിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.