യോഗപഥമായി മാറിയ രാജ്പഥ്

Sunday 21 June 2015 11:20 pm IST

ന്യൂദല്‍ഹി: രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നീളുന്ന രാജ്പഥ് ഇന്നലെ യോഗപഥായി മാറി. വെള്ള ടീഷര്‍ട്ടും നീല പാന്റും ധരിച്ച 44,000ത്തിലധികം പേര്‍ ഒരേ മനസ്സോടെ യോഗാസനങ്ങള്‍ അഭ്യസിച്ചു. പ്രഥമ അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് രാജ്പഥില്‍ അരങ്ങേറിയ യോഗാഭ്യാസ പ്രകടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നില്‍ നിന്നു നേതൃത്വം നല്‍കി. വേദിയില്‍നിന്നിറങ്ങി യോഗാഭ്യാസകര്‍ക്കൊപ്പം പ്രധാനമന്ത്രിയും മുപ്പത്തഞ്ചു മിനുറ്റ് നീണ്ട യോഗാഭ്യാസങ്ങള്‍ ചെയ്തു. ആരംഭ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം താടാസനവും വൃക്ഷാസനവും പാദഹസ്താനസവും മുന്‍നിരയില്‍ നിന്നവരെ പരിശീലിപ്പിച്ച പ്രധാനമന്ത്രി തുടര്‍ന്നുള്ള യോഗകള്‍ ഏറ്റവും മുന്നില്‍ നിന്ന് സ്വയം ചെയ്യുകയായിരുന്നു. ത്രികോണാസനം, ശശാങ്കാസനം, മകരാസനം, ഭുജംഗാസനം, ശലഭാസനം, സേതുബന്ധനാസനം, പവനമുക്താസനം എന്നിവയും നാഡീശോധന പ്രാണായാമവും പ്രധാനമന്ത്രി ചെയ്തു. ത്രിവര്‍ണ്ണ സ്‌കാര്‍ഫും വെള്ള വസ്ത്രവുമണിഞ്ഞെത്തിയ പ്രധാനമന്ത്രി വജ്രാസനവും പത്മാസനവും ഉള്‍പ്പെടെ ഇരുപതിലേറെ യോഗാസനങ്ങളാണ് മറ്റുള്ളവര്‍ക്കൊപ്പം ചെയ്തത്. വിദ്യാര്‍ത്ഥികളും ഉദേ്യാഗസ്ഥരും രാഷ്ട്രീയ നേതാക്കളും വീട്ടമ്മമാരുമടക്കം വലിയ ബഹുജനപങ്കാളിത്തം രാജ്പഥില്‍ ദൃശ്യമായി. സമാധാനത്തിന്റെയും മൈത്രിയുടെയും പുതിയൊരു യുഗം തുടങ്ങാന്‍ യോഗ മനസ്സിനെ പാകപ്പെടുത്തി എടുക്കാം. ശാരീരികമായും മാനസികമായും ആരോഗ്യം കൈവരിക്കുന്നതിന് യോഗ ഏവരെയും സഹായിക്കും. ശാരീരികമായ വ്യായാമത്തിലുപരി മാനസികാരോഗ്യവികസനത്തിന് പ്രയോജനകരമാണ് യോഗ. അന്താരാഷ്ട്ര യോഗാദിനത്തില്‍ ഭാരതത്തിനൊപ്പം ചേര്‍ന്ന ഐക്യരാഷ്ട്ര സഭയ്ക്കും മറ്റു വിദേശ രാഷ്ട്രങ്ങള്‍ക്കും നന്ദിയുണ്ടെന്നും മോദി പറഞ്ഞു. ഒരു സ്ഥലത്തു നടക്കുന്ന, ഏറ്റവും അധികം ആളുകള്‍ പങ്കെടുത്ത യോഗാഭ്യാസമെന്ന നിലയ്ക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് രാജ്പഥ് പരിപാടി വീക്ഷിച്ചിട്ടുണ്ട്. പങ്കെടുത്തവരുടെ എണ്ണം കണ്ടെത്തുന്നതിനായി 1,500 സ്റ്റാഫുകളെയാണ് ഗിന്നസ് ബുക്ക് അധികൃതര്‍ രാജ്പഥില്‍ വിന്യസിച്ചത്. ബിജെപി ദേശീയ നേതാക്കളായ രാംലാല്‍, രാംമാധവ്, ആര്‍എസ്എസ് അഖിലഭാരത സഹസര്‍കാര്യവാഹ് ഡോ.കൃഷ്ണഗോപാല്‍, ദല്‍ഹി ലഫ്.ഗവര്‍ണ്ണര്‍ നജീബ് ജുങ്, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മൂന്ന് സൈനിക മേധാവിമാര്‍ എന്നിവര്‍ പങ്കാളികളായി. രാജ്യത്തിന്റെ മൂന്നു സേനാവിഭാഗങ്ങളും യോഗാദിനാചരണ പരിപാടികളില്‍ പങ്കെടുത്തു. മൈനസ് 4 താപനില ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിന്‍ മുതല്‍ തെക്കന്‍ ചൈനാ കടലില്‍ വിന്യസിച്ച യുദ്ധക്കപ്പലുകളില്‍ വരെ ഭാരത സൈനിക വിഭാഗങ്ങള്‍ യോഗാഭ്യാസപ്രകടനങ്ങള്‍ നടത്തി. മൂന്നു സമുദ്രങ്ങളിലെ യുദ്ധക്കപ്പലുകള്‍ക്ക് മുകളിലും ഹിമാലയന്‍ മലമുകളിലും രാജസ്ഥാന്‍ മരുഭൂമിയിലും വരെ സൈനികര്‍ യോഗ അഭ്യസിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളില്‍ നടന്ന യോഗാപരിപാടികളില്‍ കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ പങ്കെടുത്തു. ലക്‌നൗവില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങും ചെന്നൈയില്‍ നഗരവികസന മന്ത്രി വെങ്കയ്യനായിഡുവും മീററ്റില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീഖറും കൊല്‍ക്കത്തയില്‍ രവിശങ്കര്‍ പ്രസാദും പങ്കെടുത്തു. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ബീഹാറിലെ പാട്‌നയില്‍ നടന്ന പരിപാടിയില്‍ യോഗ അഭ്യസിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.