യോഗാത്മകം വിശ്വം

Sunday 21 June 2015 11:24 pm IST

ന്യൂദല്‍ഹി: ഉസ്‌ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കന്റിലും ചൈനയിലെ പീക്കിംഗ് യൂണിവേഴ്‌സിറ്റി മൈതാനത്തും കംബോഡിയയിലും മംഗോളിയയിലും പാരീസിലെ ഈഫല്‍ഗോപുരച്ചുവട്ടിലും വിയറ്റ്‌നാമിലെ ഹോചിമിന്‍ നഗരമധ്യത്തിലുമെല്ലാം യോഗയെത്തി. ലോകം ഒരേമനസ്സോടെ സംഗച്ഛത്വം സംവദത്വം എന്ന ഋഗ്വേദവാക്യങ്ങള്‍ ഏറ്റുചൊല്ലി. ഒരേ മനസ്സോടെ ഓംകാരമുച്ചരിച്ചുകൊണ്ട് യോഗാസനങ്ങള്‍ ചെയ്തു. ജാതിമത വര്‍ണ്ണവര്‍ഗ്ഗ വംശീയ ഭേദഭാവനകള്‍ മാറ്റി ലോകജനത ഒന്നായി. ഈ സമന്വയമാണ് ഭാരതം ലോകത്തിന് നല്‍കുന്ന സംഭാവനയെന്ന് ലോകരാഷ്ട്രങ്ങള്‍ ഇന്നലെ തിരിച്ചറിഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ പുതുയുഗപ്പിറവിക്ക് ലോകം സാക്ഷ്യം വഹിച്ചു. അന്താരാഷ്ട്ര യോഗാദിനമായ ഇന്നലെ ലോകത്തിലെ 191 രാഷ്ട്രങ്ങളില്‍ യോഗാഭ്യാസങ്ങള്‍ നടന്നു. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനമായ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ടൈം സ്‌ക്വയറില്‍ നടന്ന യോഗാഭ്യാസ പരിപാടികളില്‍ 30,000ത്തിലേറെ ആളുകള്‍ പങ്കെടുത്തു. ലോകമെങ്ങും നടന്ന അഭൂതപൂര്‍വ്വമായ യോഗാദിനാചരണ പരിപാടികള്‍ക്ക് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഭാരതത്തോട് നന്ദി പറഞ്ഞു. യുഎന്നിന്റെ ഒരു പരിപാടിക്ക് ദശലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത സംഭവം മുമ്പുണ്ടായിട്ടില്ല. എങ്ങനെ പരിപാടികള്‍ സംഘടിപ്പിക്കാമെന്നതു സംബന്ധിച്ച് പുതിയ ദിശ ലഭിച്ചിരിക്കുന്നു. ഭാരതത്തോട് ഇതിനായി ഞാന്‍ നന്ദി പറയുന്നു, ന്യൂയോര്‍ക്കിലെ പരിപാടിയില്‍ പങ്കെടുത്ത വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് ബാന്‍കി മൂണ്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നടന്ന പരിപാടികളില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. ലോകമെമ്പാടുമുള്ള ഭാരത വംശജര്‍ യോഗാദിനാചരണ പരിപാടികളില്‍ ലക്ഷങ്ങള്‍ കൈകോര്‍ത്തു. സ്വന്തം നാടിന്റെ, പൂര്‍വ്വികരുടെ മഹത്വം അവര്‍ അഭിമാനത്തോടെ തിരിച്ചറിഞ്ഞു. വിയറ്റ്‌നാമില്‍ നടന്ന പരിപാടി വിയറ്റ്‌നാം ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചു. മിലാനിലെ ഡ്യൂമോ കത്തീഡ്രലിന് മുന്നിലും കംബോഡിയയിലെ പ്രസിദ്ധമായ അങ്കോര്‍വാട്ട് ക്ഷേത്രാങ്കണത്തിലും മംഗോളിയയിലെ ഉലാന്‍ബാട്ടര്‍ ചെങ്കിസ്ഖാന്‍ സ്‌ക്വയറിലുമെല്ലാം ആയിരക്കണക്കിന് പേര്‍ യോഗാഭ്യാസങ്ങള്‍ ചെയ്തു. ജനീവയിലെ യുഎന്‍ ആസ്ഥാനത്തും ലെബനില്‍ സമാധാന ദൗത്യത്തിലേര്‍പ്പെട്ട ഭാരത സൈനിക ക്യാമ്പുകളിലും പരിപാടി സംഘടിപ്പിക്കപ്പെട്ടു. ഭാരതത്തിലെ ആയിരക്കണക്കിന് നഗര-ഗ്രാമങ്ങളില്‍ ജനങ്ങള്‍ യോഗാഭ്യാസ പരിപാടികളില്‍ പങ്കെടുത്തു. ന്യൂദല്‍ഹിയിലെ രാജ്പഥില്‍ നടന്ന യോഗാഭ്യാസത്തില്‍ 40,000ത്തോളംപേര്‍ യോഗ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ജനക്കൂട്ടത്തിലേക്കിറങ്ങിവന്ന് യോഗാഭ്യാസങ്ങള്‍ ചെയ്തത് ശ്രദ്ധേയമായി. ദല്‍ഹിയിലെ യോഗാപരിപാടി ഗിന്നസ് ബുക്കില്‍ ഇടംനേടി. 2005ല്‍ ഗ്വാളിയോറില്‍ നടന്ന 23,000 പേര്‍ പങ്കെടുത്ത പരിപാടിയെ മറികടന്നാണിത്. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ഔദ്യോഗിക പരിപാടികള്‍ നടന്നു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും രാജ്യമെങ്ങും യോഗാദിനാചരണം സംഘടിപ്പിക്കപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.