തിരുവനന്തപുരം: യുവജനങ്ങളുടെ തൊഴില്‍പരമായ അഭിരുചി കണ്ടെത്താനും തൊഴില്‍ ഉറപ്പുവരുത്താനുമായി കേരള അക്കാഡമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് (കെയ്സ്) കേരള സംസ്ഥാന മുന്നാക്ക വികസന കോര്‍പറേഷനുമായി കൈകോര്‍ക്കുന്നു.
കെയ്സിന്റെ ‘അസെറ്റ് (അഡ്വാന്‍സ്ഡ് സോഫ്റ്റ് സ്കില്‍സ് ആന്‍ഡ് ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയിനിംഗ്)’ എന്ന പരിപാടിയിലൂടെ യുവജനങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സും നൈപുണ്യവികസനവും നല്‍കുകയാണ് ലക്ഷ്യം. ആയിരത്തോളം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.
രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉദ്യോഗാര്‍ത്ഥിയുടെ താല്പര്യമേഖല കണ്ടെത്തും. തുടര്‍ന്ന് ഈ മേഖലയില്‍ ഇവര്‍ക്ക് തീവ്രപരിശീലനം നല്‍കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ജോബ് ഫെയറിലൂടെ തൊഴില്‍ ഉറപ്പുനല്‍കുന്നു.
പതിനെട്ടിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ള, കുറഞ്ഞത് പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ കരിയര്‍ പ്രോഗ്രാം അസെറ്റിലൂടെ ലഭ്യമാണ്. തിരുവനന്തപുരം, തൃശൂര്‍, കോട്ടയം, കണ്ണൂര്‍ ജില്ലകളിലാണ് അസെറ്റ് പരിശീലന കേന്ദ്രങ്ങള്‍. സംസ്ഥാനത്ത് നൈപുണ്യ വികസന പദ്ധതികള്‍ നടപ്പിലാക്കുന്ന കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കെയ്സിന്റെ വിവിധ പദ്ധതികളിലൊന്നാണ് അസെറ്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kswcfc.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: