വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം

Monday 22 June 2015 9:02 pm IST

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഓണ്‍ലൈന്‍ സൗകര്യം നിലവില്‍ വന്നു. 2015 ജനുവരി ഒന്നിനു 18 വയസു തികഞ്ഞവര്‍ക്ക് പട്ടികയില്‍ പേരു ചേര്‍ക്കാം. നിലവിലുള്ള കരടു വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് സ്ഥലംമാറ്റം, തെറ്റു തിരുത്തല്‍ എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും ജൂലൈ 15 വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ www.lsgelection.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്‌ലോഡു ചെയ്യുന്നതിനും സൗകര്യമുണ്ട്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന നോട്ടീസുമായി നിശ്ചിത തീയതിയില്‍ നടത്തുന്ന നേര്‍വിചാരണയ്ക്ക് ഹാജരാകണം. ഫോട്ടോ അപ്‌ലോഡു ചെയ്യാത്തവര്‍ക്ക് നേര്‍വിചാരണക്ക് എത്തുമ്പോള്‍ ഫോട്ടോ ഹാജരാക്കാം. 20 രൂപ ഫീസ് നിരക്കില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും നല്‍കാം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കു ലഭിക്കുന്ന അപേക്ഷകളിലും ആക്ഷേപങ്ങളിലും സമയബന്ധിതമായി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അതുസംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനു ലഭ്യമാക്കണമെന്നും എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്ററിന്റെ കേരള ഘടകമാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ ആദ്യമായാണ് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ഇ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. അതുസംബന്ധിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് പ്രചരണ പരിപാടികള്‍ നടത്തും. കരടു വോട്ടര്‍ പട്ടികയിലുള്ള വോട്ടര്‍മാരെ സംബന്ധിച്ച പരാതികള്‍ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.