പുതിയ ഡാമിനായുള്ള പരിസ്ഥിതി ആഘാത പഠനം കേരളം ഉപേക്ഷിക്കണമെന്ന് തമിഴ്‌നാട്

Monday 22 June 2015 9:10 pm IST

കുമളി (ഇടുക്കി): മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള കേരളത്തിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കുമളിയില്‍ ചേര്‍ന്ന മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി യോഗത്തില്‍ തമിഴ്‌നാട് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഉന്നതാധികാര സമിതിയുടെ പരിധിയില്‍ വരാത്ത കാര്യമായതിനാല്‍ തമിഴ്‌നാട് ഉന്നയിച്ച കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് കേരളത്തിന്റെ പ്രതിനിധികള്‍ പറഞ്ഞു. ഷട്ടര്‍ ഓപ്പറേറ്റിങ് മാനുവല്‍ തമിഴ്‌നാട് എത്രയും വേഗം ഉന്നതാധികാര സമിതിക്ക് മുമ്പാകെ ഹാജരാക്കണമെന്ന് കേരളം നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് തമിഴ്‌നാടിന് മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി ചെയര്‍മാന്‍ എല്‍ആര്‍വി നാഥന്‍ തമിഴ്‌നാടിന് കത്തയച്ചിട്ടും നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് കേരളത്തിന്റെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കാലാവസ്ഥയുടെ ഗതി പരിശോധിക്കുന്നതിന് ഉപകരണം സ്ഥാപിക്കാനുള്ള കേരളത്തിന്റെ ആവശ്യത്തിന് ഉന്നതാധികാര സമിതി യോഗം അംഗീകാരം നല്‍കി. ബേബി ഡാമിന് മുന്നിലുള്ള മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് കേരളത്തിലെ വനംവകുപ്പ് എതിരു നില്‍ക്കുകയാണെന്ന് യോഗത്തില്‍ പങ്കെടുത്ത തമിഴ്‌നാട് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍എസ് പളനിയപ്പന്‍ ഉന്നയിച്ചു. കൃത്യമായ രേഖകള്‍ വനംവകുപ്പിന് നല്‍കാത്തതിനാലാണ് മരം മുറിക്കുന്നതിന് വനംവകുപ്പ് അനുമതി നല്‍കാത്തതെന്ന് കേരളത്തിന്റെ പ്രതിനിധി വിജെ കുര്യന്‍ പറഞ്ഞു. ഈ മാസം അവസാനം സബ് കമ്മറ്റിയുടെ യോഗം ചേരാന്‍ തീരുമാനമായി. ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ സബ് കമ്മറ്റി യോഗം ചേരണം. ജലനിരപ്പ് 130 അടിയാകുന്നതിന് മുമ്പോ, ഓഗസ്റ്റ് മാസം അവസാനമോ ഉന്നതാധികാര സമിതിയുടെ യോഗം ചേരുവാനും തീരുമാനമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.