ബാര്‍ കോഴ: വിജിലന്‍സ് റിപ്പോര്‍ട്ട് 30ന് പരിഗണിക്കുമെന്ന് ലോകായുക്ത

Monday 22 June 2015 9:14 pm IST

കൊച്ചി: ബാര്‍ കോഴയിലെ വിജിലന്‍സിന്റെ അടിയന്തര അന്വേഷണ റിപ്പോര്‍ട്ട് ലോകായുക്ത 30ന് പരിഗണിക്കും. റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ തിരുവനന്തപുരത്ത് സമര്‍പ്പിച്ചതായി ലോകായുക്ത സിറ്റിങ്ങില്‍ ജഡ്ജി ജസ്റ്റിസ് പയസ് കുര്യാക്കോസ് പറഞ്ഞു. മന്ത്രിമാരായ കെ.എം. മാണി, രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്ക് കോഴ നല്‍കിയെന്ന ബാര്‍ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ ഖാലിദ് മുണ്ടപ്പിള്ളി, അടിയന്തര അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ലോകായുക്തയെയും സമീപിച്ചിരുന്നു. അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് 22നകം സമര്‍പ്പിക്കാന്‍ ലോകായുക്ത വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. റിപ്പോര്‍ട്ട് വൈകി ലഭിച്ചതിനാല്‍ പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സിറ്റിങ്ങില്‍ പരാതി പരിഗണിക്കവെ ജഡ്ജി അറിയിച്ചു. വിജിലന്‍സിലും കോടതിയിലും ബിജു രമേശ് നല്‍കിയ മൊഴിയുടെ വീഡിയോ ക്ലിപ്പിങ്ങുകളും പത്രവാര്‍ത്തകളും അടക്കമുള്ള വിവരങ്ങളടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരന് സമയം അനുവദിക്കാനും ലോകായുക്ത തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.