കാറ്റ് കലിതുള്ളി: വ്യാപകനാശനഷ്ടം

Monday 22 June 2015 10:30 pm IST

കോട്ടയം: ഇന്നലെ പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ പല സ്ഥലങ്ങളിലും കനത്ത നാശനഷ്ടം. എണ്‍പതോളം വീടുകള്‍ ഭാഗീകമായും പതിനഞ്ചോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണതിനു പുറമെ വന്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. കോടികളുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് പ്രാഥമിക നിഗമനം. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞും കമ്പികള്‍ പൊട്ടിയും വൈദ്യുതിബന്ധം പലയിടത്തും തടസ്സപ്പെട്ടു. കലിതുള്ളിയെത്തിയ കാറ്റില്‍ വന്‍മരങ്ങള്‍ കടപുഴകി വീണാണ് വീടുകള്‍ തകര്‍ന്നത്. മരങ്ങള്‍ വീണും വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞും പലയിടത്തും ഗതാഗതം സ്തംഭിച്ചു. മണര്‍കാട്, മാലം, തിരുവഞ്ചൂര്‍, ആറുമാനൂര്‍, മള്ളുശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറെ നാശനഷ്ടം. തിരുവഞ്ചൂരില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും 20 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. തിരുവഞ്ചൂര്‍ പറമ്പുകര തൈപ്പറമ്പില്‍ പ്രസാദ്, പറമ്പുകര ലക്ഷംവീട് കോളനിയില്‍ ഷിബു എന്നിവരുടെ വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. മണര്‍കാട് മേഖലയില്‍ 22 വീടുകള്‍ ഭാഗീകമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. കോടമുറി ശ്രീജാവിലാസത്തില്‍ ലക്ഷ്മിക്കുട്ടിയുടെ വീടാണ് പൂര്‍ണ്ണമായും തകര്‍ന്നത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചത്. ശക്തമായ കാറ്റില്‍ മാലം, തുരുത്തിപ്പടി, നടയ്ക്കല്‍, ആനത്താനം, പറമ്പ്കര തുടങ്ങിയ ഭാഗങ്ങളില്‍ റബ്ബര്‍മരങ്ങള്‍ കടപുഴകി ഇലവണ്‍കേവി പോസ്റ്റുകളില്‍ വീണ് വൈദ്യുതിബന്ധം തകരാറിലായി. നൂറോളം സ്ഥലങ്ങളില്‍ ഇത്തരത്തില്‍ മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം തകരാറിലായി. 10 പോസ്റ്റുകളില്‍ അധികം പൂര്‍ണ്ണമായും തകര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരുക്കുന്നതെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചത്. വൈദ്യുതി ബന്ധം താറുമാറായ ഇടങ്ങളില്‍ ഉടന്‍തന്നെ വൈദ്യുതി എത്തിക്കുവാനുള്ള നടപടി കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു. മുണ്ടക്കയം മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെ പെയ്ത കനത്ത മഴയിലും ആഞ്ഞു വീശിയ കാറ്റിലും വ്യാപക നാശമാണ് വിതച്ചത്. മേഖലയിലെ റബ്ബര്‍, വാഴ, ആഞ്ഞിലി, പ്ലാവ്, മറ്റു മരങ്ങള്‍ കൃഷികള്‍ നിരവധി നഷ്ടമായി. വിവിധ സ്ഥലങ്ങളില്‍ വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നിട്ടുണ്ട്. കൊക്കയാര്‍ രത്‌നഗിരി പാറക്കല്‍ റജി, ഈട്ടിക്കല്‍ ഷാജി, ചക്കുംകുഴി ബിനു എന്നിവരുടെ കപ്പ, വാഴ കൃഷികള്‍ കാറ്റില്‍ നശിച്ചു. ചക്കുംകുഴി ബിനുവിന്റെ വീട്ടു മുററത്തു പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളില്‍ മരം ഒടിഞ്ഞുവീണ് കേടുപാടുകള്‍ സംഭവിച്ചു. കൊക്കയാര്‍ നാരകംപുഴ ചാംപ്ലാക്കല്‍ മജീദിന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു. വീട് ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. പെരുവന്താനം മതമ്പ ഭാഗത്തും വ്യാപകമായ നാശമാണ് കാറ്റുവിതച്ചത്. കല്ലുംകുന്നേല്‍ ലക്ഷ്മിയുടെ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗീകമായി തകര്‍ന്നു. വെളളാനി ഭാഗത്ത് ഓലിക്കല്‍ പെരുമാള്‍ ചന്ദ്രന്റെ വീടിന്റെ പത്തോളം ഷീറ്റുകള്‍ കാറ്റില്‍ പറന്നു. വെളളാനി കല്ലുംകുന്നേല്‍ ഗണേശന്റെ വീടിന്റെ പുറത്തു മരം വീണ് ഭാഗീകമായി തകര്‍ന്നു. വെളളാനി എംക്രോച്ച് ഭാഗത്ത് സുന്ദരേശന്‍, ചെല്ലപ്പന്‍, ജബ്ബാര്‍, വര്‍ഗീസ്, ജോണ്‍, സതീശന്‍, ഷെബി, എന്നിവരുടെ റബ്ബര്‍, പ്ലാവ്, വാഴ, കപ്പ തുടങ്ങി വിവിധ കൃഷികള്‍ നശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ഉണ്ടായ കാറ്റിലാണ് നാശം വിതച്ചത്. മഴയിലും കാറ്റിലും കാഞ്ഞിരപ്പള്ളി, ഇളങ്ങുളം മേഖലയില്‍ വ്യാപക നാശനഷ്ടം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ മഴയിലും ശക്തമായ കാറ്റിലും ഒട്ടേറെ വീടുകള്‍ക്ക് ഭാഗിക നാശമുണ്ടായി. വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴകിയും, ഒടിഞ്ഞും വീണാണ് വീടുകള്‍ക്ക് നാശമുണ്ടായത്. കാഞ്ഞിരപ്പള്ളി വില്ലേജില്‍ നാലു വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായി. കാഞ്ഞിരപ്പള്ളി വില്ലേജില്‍ കൊടുവന്താനം ടോപ്പ് ചെരിപുറത്ത് നാസറിന്റെ വീടിനു മുകളിലേക്ക് ആഞ്ഞിലി മരം ഒടിഞ്ഞു വീണ് ഭാഗികമായി തകര്‍ന്നു. പാറക്കടവ് ഇല്ലത്തുപറമ്പില്‍ ഇ.പി. ജലീലിന്റെ വീടിനു മുകളിലേക്ക് തേക്കുമരം ഒടിഞ്ഞ് വീണ് രണ്ടാം നിലയില്‍ ഭാഗികമായി നാശമുണ്ടായി. കൊടുവന്താനം കല്ലുങ്കല്‍ സീനത്ത് ബഷീറിന്റെ വീടിന്റെ മുകളിലേക്ക് ആഞ്ഞിലി മരം വീണ് ഭാഗിക നാശമുണ്ടായി. പട്ടിമറ്റം മുത്തുമ്മണ്ണേല്‍ അജിമോന്റെ വീടിന് മുകളിലേക്ക് പഞ്ഞി മരം വീണും ഭാഗികമായി നാശമുണ്ടായി. ഇളങ്ങുളം വില്ലേജില്‍ കാറ്റിലും മഴയിലും എട്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇളങ്ങുളം വില്ലേജില്‍ കൂരാലി ലക്ഷം വീട് കോളനി ഇരുപ്പക്കാട്ട് ശാന്തമ്മ, വാരിക്കാട്ട് ഖദീജ ബീവി, വെള്ളാപ്പള്ളില്‍ പൊന്നമ്മ. കീച്ചേരില്‍ സെയ്തു മുഹമ്മദ്, ചെങ്ങളം ഇലവുങ്കല്‍ ശോഭന സജീവ് എന്നിവരുടെ വീടുകള്‍ക്ക് കാറ്റ് നാശമുണ്ടാക്കി. ശക്തമായി വീശിയ കാറ്റില്‍ വീടുകളുടെ മേല്‍ക്കുര തകര്‍ന്നു. പനമറ്റം സ്‌കൂള്‍ വളപ്പിലെ തെങ്ങ് കാറ്റത്ത് ഒടിഞ്ഞു വീണു. വിവിധ സ്ഥലങ്ങളില്‍ റബ്ബര്‍ മരങ്ങള്‍ കടപുഴകി വീണതുമൂലം വൈദ്യുതി ബന്ധം തകരാറിലായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.