ആന്റണിക്ക് പറയാമോ അമ്പാസിഡറല്ലെന്ന്?

Monday 22 June 2015 11:10 pm IST

തിരുവനന്തപുരം: മുന്നണി സ്ഥാനാര്‍ത്ഥികളെപ്പോലെ അടവും അഭിനയവുമൊന്നും ബിജെപി സ്ഥാനാര്‍ത്ഥിക്കില്ല. മത്സരം നിക്ഷിപ്ത താല്പര്യത്തിനല്ലെന്ന് രാജഗോപാലിന് മാത്രമല്ല ജനങ്ങള്‍ക്കുമറിയാം. എന്തെങ്കിലും ഈ പിന്നോക്ക മണ്ഡലത്തിനായി ചെയ്യണം. അതിന് സാഹചര്യവും സൗകര്യവും അനുകൂലമാണ്. മണ്ഡലത്തിലെ ജനങ്ങള്‍ ഒരു 'എസ്' പറഞ്ഞാല്‍ മാത്രം മതി. കേരളത്തിന്റെ അമ്പാസിഡറാണ് ഒ. രാജഗോപാല്‍ എന്ന് വിശേഷിപ്പിച്ചത് മുഖ്യമന്ത്രിയായിരിക്കെ എ.കെ. ആന്റണിയാണ്. അത് നിഷേധിക്കാന്‍ ഇന്ന് മണ്ഡലത്തിലെത്തുന്ന ആന്റണിക്കാവുമോ ? കേരളത്തിന്റെ പ്രതിനിധിയായിരുന്നില്ലെങ്കിലും രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് സര്‍ക്കാറും ചീഫ് ജസ്റ്റീസും ചര്‍ച്ച ചെയ്ത് ആവശ്യപ്പെട്ടാല്‍ ഹൈക്കോടതി ബഞ്ച് അനുവദിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അന്ന് മുഖ്യമന്ത്രി ഇ.കെ നായനാര്‍. നായനാര്‍ പ്രതികരിച്ചു. 'ഓന്‍ മധ്യപ്രദേശത്തുനിന്നല്ലെ രാജ്യസഭയിലൂടെ മന്ത്രിയായത്. ഓന്‍ അവിടത്തെ കാര്യം നോക്കിയാമതി' എന്ന്. കേന്ദ്ര നിയമ നീതിന്യായ വകുപ്പുമന്ത്രി സദാനന്ദഗൗഡ അരുവിക്കരയില്‍ നിന്നുമടങ്ങിയത് കഴിഞ്ഞ ദിവസമാണ്. മടങ്ങും മുന്‍പ് തിരുവനന്തപുരത്ത് അദ്ദേഹം ഉറപ്പു നല്‍കി ''കേരള സര്‍ക്കാറും ഹൈക്കോടതിയും ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് നല്‍കും''. രാജഗോപാലിന്റെ ശിഷ്യനാണ് സദാനന്ദഗൗഡ. രാജഗോപാല്‍ വിജയിച്ചാല്‍ ഹൈക്കോടതി ബഞ്ച് ഉറപ്പല്ലെ. ആറുവര്‍ഷം മുമ്പ് ശശിതരൂര്‍ നല്‍കിയ ഉറപ്പുപോലല്ല ഇത്. വാക്കും പ്രവര്‍ത്തിയും പൊരുത്തപ്പെടുത്തുന്ന, ധാര്‍മ്മിക മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത രാജഗോപാലിന്റെ വിജയം അരുവിക്കരക്കൊരു ശാപമോക്ഷമാകുമെന്ന് പറയേണ്ടതില്ല. ഏതെങ്കിലും ഒരു സ്ഥലം ചൂണ്ടിക്കാട്ടിയാല്‍ അവിടെ എയിംസ് സ്ഥാപിക്കുമെന്ന് കേന്ദ്രവാഗ്ദാനമുണ്ട്. നെട്ടുകാല്‍ത്തേരിയില്‍ സ്ഥലമുണ്ട്. ഒരു സ്ഥലത്തിനു പകരം നാലു സ്ഥലം ചൂണ്ടിക്കാട്ടി തടിയൂരുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. രാജഗോപാല്‍ വിജയിച്ചാല്‍ നെട്ടുകാല്‍ത്തേരിയില്‍ തന്നെ എയിംസ് സ്ഥാപിക്കാനുള്ള പ്രയത്‌നം നടത്തും. അത് യാഥാര്‍ത്ഥ്യമാക്കും. ഇരുമുന്നണികളും ദിവസം മുപ്പത് മുപ്പത്തഞ്ച് യോഗങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുന്നണികളുടെ വേദികള്‍ കണ്ടാല്‍ തിരിച്ചറിയുന്നത് ദുഷ്‌കരം. ഒരേ കൊടികള്‍ ഇരുപക്ഷത്തുമുണ്ട്. മഴവില്‍ കാണുന്നതുപോലെ നേതാക്കളെ കണ്ടാലും തിരിച്ചറിയാന്‍ വിഷമം. മൈക്കിനു മുന്നിലെത്തുന്നവരെല്ലാം അന്നാട്ടുകാര്‍ക്ക് അപരിചിതര്‍. പ്രസംഗങ്ങളാകട്ടെ വെറും പൈങ്കിളി. മിമിക്രിയും കോമഡിയും കേട്ട് കേട്ട് മടുത്തു. പണ്ട് അച്യുതാനന്ദന്‍ പുറകില്‍ താടി നീട്ടിയവനെന്ന് വിശേഷിപ്പിച്ച പന്ന്യന്റെ കിന്നര വര്‍ത്തമാനം വിലകുറഞ്ഞ കോമഡിയെന്നെ തോന്നു. പന്ന്യനെ മടുക്കുമ്പോള്‍ ഉഴവൂരില്‍ നിന്നെത്തിയ നേതാവിന്റെ ഈരടികളെല്ലാം പാരഡി. ഇവരെല്ലാം തമാശക്കാര്‍. അതിനെക്കാള്‍ തമാശയുമായി മറ്റൊരാളുമെത്തി. പൊതുവേ ഗൗരവക്കാരനെന്ന് കരുതിയിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യത്ത് ഒരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലാത്ത നേട്ടമാണ് ഐക്യമുന്നണി കേരളത്തിനുണ്ടാക്കിയത് എന്ന് തങ്ങള്‍ പറയുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വച്ചുപോകില്ലേ! മന്ത്രിമാരായ കെ. ബാബുവിനെയും ഇബ്രാഹിം കുഞ്ഞിനെയും ഇടത്തും വലത്തുമിരുത്തി പറയുമ്പോള്‍ പ്രത്യേകിച്ചും. ഇതൊക്കെ കേട്ട് ചിരിയടങ്ങുമ്പോഴേക്കുമെത്തും ബാലകൃഷ്ണപിള്ളയും മോനും. അച്യുതാനന്ദനും ബാലകൃഷ്ണപിള്ളയും ഒരു സ്ഥാനാര്‍ത്ഥിക്കായാണിപ്പോള്‍ വോട്ടു ചോദിക്കുന്നത്. ഇതെന്ത് കോമാളിത്തരം എന്നാണ് ജനങ്ങളുടെ ചോദ്യം. ബാലകൃഷ്ണപിള്ളയ്ക്ക് അച്യുതാനന്ദനോട് ഇപ്പോള്‍ വലിയ മതിപ്പാണ്. നേരത്തെ പറഞ്ഞതൊന്നും പിള്ള ഓര്‍ക്കുന്നില്ല. പക്ഷേ നാട്ടുകാര്‍ മറുക്കുമോ ?''എന്നെ നിരന്തരം പീഡിപ്പിക്കുകയാണ് അച്യുതാനന്ദന്റെ ലക്ഷ്യം. നായനാര്‍ മന്ത്രിസഭക്കാലത്ത് എന്റെ സ്വത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ നായനാരെക്കൊണ്ട് അച്യുതാനന്ദന്‍ ഉത്തരവിടീച്ചു. ഞാന്‍ സ്വത്ത് വിറ്റതല്ലാതെ വാങ്ങിക്കൂട്ടിയിട്ടില്ല. നായനാര്‍ അവസാനകാലത്ത് എന്നോടു പറഞ്ഞു. എടോ ഇതൊന്നും തനിക്കെതിരെ ഞാന്‍ ചെയ്യുന്നതല്ല. ചില കാര്യങ്ങള്‍ താങ്ങാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ചെയ്തുപോകുന്നതാണ്. എനിക്ക് നായനാരെക്കുറിച്ച് ഒരു സംശയവും തോന്നിയില്ല. എന്നാല്‍ സിപിഎമ്മിലെ അച്യുതാനന്ദന്റെ പക്ഷക്കാര്‍ അല്ലാത്തവര്‍ക്കൊന്നും എന്നോട് വിരോധമില്ല. കരുണാകരന്‍ വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ ഉടന്‍ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അര്‍ജന്റ് പെറ്റീഷനുമായി പോയ ക്രൂരനാണ് അച്യുതാനന്ദന്‍. ഒരു മാന്യന്റെ മുഖം ഞാനയാളില്‍ കണ്ടിട്ടില്ല. ഉണ്ടെന്ന് പറയുന്നേ ഉള്ളൂ'' (കലാകൗമുദി - 2011 ജനുവരി 30) ആ ക്രൂരന്‍ ഇപ്പോള്‍ പാവമോ പാവയോ ? വികസനം വേണോ ? അതോ വിവാദം വേണോ ? തീരുമാനിക്കേണ്ടത് ഇപ്പോള്‍ അരുവിക്കരയില്‍ തമ്പടിച്ചിട്ടുള്ള മുന്നണിക്കാരല്ല. അരുവിക്കരയുടെ സ്വന്തം വോട്ടര്‍മാരാണ്. അവസരം പാഴാക്കാതിരിക്കുക. ഇപ്പോള്‍ കോമഡി അവതരിപ്പിക്കുന്നവര്‍ നാളെപോകും. അവസരം പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ അരുവിക്കരക്കത് ട്രാജഡിയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.