ശക്തമായ കാറ്റിലും മഴയിലും നെട്ടൂരില്‍ വ്യാപക നാശനഷ്ടം

Monday 22 June 2015 11:29 pm IST

മരട്: തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നെട്ടൂര്‍, കുമ്പളം, പനങ്ങാട്, ചാത്തമ്മ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. ഒട്ടേറെ വീടുകള്‍ തകര്‍ന്നു, മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു തൂങ്ങിയതോടെ വൈദ്യുതി ബന്ധങ്ങള്‍ തകരാറിലായി. മരട് നഗരസഭ പ്രദേശത്ത് നെട്ടൂരില്‍ ശക്തമായ കാറ്റില്‍ രണ്ടു വീടുകളുടെ മുകളില്‍ മരങ്ങള്‍ വീണ് വീടു പൂര്‍ണ്ണമായും തകര്‍ന്നു. 30-ാം ഡിവിഷനില്‍ മണക്കാട്ടു വീട്ടില്‍ ബിജുവിന്റെ വീടിന്റെ മേല്‍ക്കൂരയുടെ ഷീറ്റുകള്‍ ശക്തമായ കാറ്റില്‍ പറന്നു പോയി. ഭിത്തികള്‍ പൊട്ടിപ്പൊളിഞ്ഞു. ഉറങ്ങിക്കിടന്ന ബൈജുവും ഭാര്യയും കുട്ടികളും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. തൊട്ടു വടക്കുഭാഗത്തുള്ള ശിവരാമന്റെ വീടിനു മുകളിലും മരം വീണു വീടിന്റെ ഒരുഭാഗം തകര്‍ന്നു. നെട്ടൂര്‍ തട്ടേക്കാട് കേട്ടേഴത്തും കടവിനു സമീപം മരം ഒടിഞ്ഞു വീണ് ഇലക്ട്രിക് ലൈന്‍ പൊട്ടിവീണു. കുമ്പളം പഞ്ചായത്തിന്റെ തീരദേശ മേഖലകളിലും ശക്തിയായി വീശിയടിച്ച കാറ്റില്‍ ഒട്ടേറെ വീടുകളുടെ മുകളില്‍ തെങ്ങും മരങ്ങളും വീണ് പല വീടുകളും ഭാഗികമായി തകര്‍ന്നു. ചാത്തമ്മ കളത്തിപ്പറമ്പില്‍ ബാബുവിന്റെ വീടിനു മുകളില്‍ തെങ്ങ് ഒടിഞ്ഞു വീണ് വീട് ഭാഗികമായി തകര്‍ന്നു. ചാത്തമ്മ ഐപ്പിന്റെ വീടിന്റെ മുകളില്‍ ആഞ്ഞിലിമരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും ചുറ്റുമതിലും തകര്‍ന്നു. പനങ്ങാട് ഇടംതുരുത്തില്‍ നാരായണന്റെ വീടിനു മുകളില്‍ ആഞ്ഞിലിമരം ഒടിഞ്ഞു വീണ് വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. കുമ്പളം ചാണിയില്‍ ലീല സുഗുണന്‍, കളത്തിപ്പറമ്പില്‍ ബാബു, ചന്ദ്രഭവനത്തില്‍ ഉമാദേവി, മുരിക്കേലി ജോസഫ്, തയ്യത്തു കൃഷ്ണന്‍ നായര്‍ എന്നിവരുടെ വീടുകളുടെ മുകളില്‍ മരങ്ങള്‍ വീണു മേല്‍ക്കൂരയും ഭിത്തികളും ഇടിഞ്ഞു വീണു. ശക്തമായ കാറ്റിലും മഴയിലും വാഴക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ മരങ്ങള്‍ മറിഞ്ഞ് വീണും മരച്ചില്ലകള്‍ ഒടിഞ്ഞു ഇരുപത്തിയഞ്ച് ലധികം വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വീഴുകയുണ്ടായി അറുപതിലധികം സ്ഥലങ്ങളില്‍ വൈദ്യുതി കമ്പികള്‍ പൊട്ടിവീണിട്ടുണ്ട്. മറ്റ് നാശനഷ്ടങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് പെതു ജനങ്ങള്‍ സഹകരിക്കണമെന്ന് വാഴക്കുളം അസിസ്റ്റന്റ് എഞ്ചീനീയര്‍ അറിയിച്ചു. നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് അതാതു വില്ലേജ് അധികാരികള്‍ ശേഖരിച്ചു താലൂക്ക് ഓഫിസിലേക്ക് അയച്ചതായി വില്ലേജ് അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.