അരുവിക്കരയില്‍ ആവേശമായി സുരേഷ് ഗോപി

Tuesday 23 June 2015 11:44 pm IST

തിരുവനന്തപുരം: ''നിങ്ങളുടെ ഒരൊറ്റ ചോദ്യംമതി ഈ നാടിന്റെ ചരിത്രം മാറിമറിയാന്‍. ആ ചോദ്യം നിങ്ങള്‍ ചോദിക്കേണ്ടത് മാറി മാറി ഭരിച്ച മുന്നണികളോടാണ്...'' സ്വതസിദ്ധമായ ശൈലിയില്‍ സൂപ്പര്‍ താരം സുരേഷ് ഗോപി 'ഡയലോഗു' പറഞ്ഞപ്പോള്‍ സദസ്സില്‍ ഉഗ്രന്‍ കരഘോഷം. ആവേശത്തിരയിളക്കത്തിനൊപ്പം വീണ്ടും താരത്തിന്റെ അടുത്ത 'ഡയലോഗ്'. ''നിങ്ങള്‍ എനിക്കു നല്‍കുന്ന സ്‌നേഹം രാജഗോപാലിന് വോട്ടായി നല്‍കണം. നരേന്ദ്ര മോദിയുടെ വികസന പദ്ധതികള്‍ അരുവിക്കരയ്ക്ക് ലഭിക്കാന്‍ രാജേട്ടനെ തന്നെ വിജയിപ്പിക്കണം...'' ഇക്കുറി കയ്യടി മാത്രമല്ല, നരേന്ദ്ര മോദിക്കും രാജഗോപാലിനും സുരേഷ് ഗോപിക്കും ജയ് വിളികള്‍... ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കര നിയോജകമണ്ഡലത്തില്‍ പരസ്യപ്രചാരണം തീരാന്‍ രണ്ടുദിവസം മാത്രം അവശേഷിക്കെ ഇന്നലത്തെ താരം സുരേഷ് ഗോപിയായിരുന്നു. ഒരു മാസക്കാലമായി നടക്കുന്ന പ്രചണ്ഡ പ്രചാരണങ്ങളുടെ കൊടുമുടി കയറ്റമായിരുന്നു ഇന്നലെ. വെള്ളിത്തിരയില്‍ അഴിമതിക്കും അക്രമത്തിനുമെതിരെ പ്രതികരിക്കുന്ന മലയാളികളുടെ ഇഷ്ടതാരം അരുവിക്കരക്കാര്‍ക്കു മുന്നില്‍ അഴിമതിക്കെതിരെ, വികസനമില്ലായ്മക്കെതിരെ വാചാലനായി. ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സുരേഷ് ഗോപി അരുവിക്കര മണ്ഡലത്തിലിറങ്ങിയത്. രാവിലെ ഒമ്പതിന് തുടങ്ങിയ പ്രചാരണം രാത്രി ഒമ്പതുവരെ നീണ്ടു. കനത്ത മഴയെ അവഗണിച്ച് ആയിരങ്ങളാണ് രാവിലെ അരുവിക്കര ജംഗ്ഷനില്‍ തടിച്ചുകൂടിയത്. സ്ത്രീകളുടെ വന്‍നിര തങ്ങളുടെ പ്രിയതാരത്തെ കാണാന്‍ നേരത്തെ തന്നെ വേദിക്കു മുന്നില്‍ ഇടംപിടിച്ചു. സ്ഥാനാര്‍ഥി ഒ.രാജഗോപാലിനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ എന്നിവര്‍ക്കും ഒപ്പമാണ് സുരേഷ് ഗോപിയെത്തിയത്. താരത്തെ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചു. വേദിയില്‍ കയറിയശേഷം സദസ്സിനെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്ത സുരേഷ് ഗോപി എന്തിനുവേണ്ടി രാജഗോപാലിന് വോട്ടുചെയ്യണം എന്നു വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പദ്ധതികളുടെ പ്രയോജനം അരുവിക്കരക്കാര്‍ക്കും ലഭിക്കാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിച്ചുകിട്ടാത്തത് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലമാണ്. മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസുംകൂടി ഒന്നിച്ച് കേന്ദ്രത്തിലെത്തി ആവശ്യപ്പെട്ടാല്‍ ഹൈക്കോടതി ബഞ്ച് അനുവദിക്കാമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയും താരം ഓര്‍മ്മിപ്പിച്ചു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തിലെത്തി രണ്ടുമണിക്കൂര്‍ അദ്ദേഹവുമായി സംസാരിച്ചതും മോദിയുടെ വികസന പദ്ധതികളുമൊക്കെ സുരേഷ് ഗോപി അരുവിക്കരക്കാരുമായി പങ്കുവച്ചു. രാജ്യത്തെക്കുറിച്ച് ചിന്തയും നിശ്ചയദാര്‍ഢ്യവുമുള്ള നേതാവിനെയാണ് നരേന്ദ്ര മോദിയില്‍ കാണാന്‍ കഴിഞ്ഞതെന്ന് സുരേഷ്‌ഗോപി പറഞ്ഞപ്പോള്‍ സദസ്സില്‍ നിലയ്ക്കാത്ത കരഘോഷം. അരുവിക്കരയിലെ പ്രസംഗവേദി വിടാന്‍ താരം ഏറെ പണിപ്പെട്ടു. വെള്ളിത്തിരയിലെ ഇഷ്ടതാരം തങ്ങളുടെ സ്വന്തം രാജേട്ടനുവേണ്ടി വോട്ടുചോദിക്കാനെത്തിയപ്പോള്‍ മുതിര്‍ന്ന സ്ത്രീകളും ചെറുപ്പക്കാരും അടങ്ങിയ സദസ്സ് അക്ഷരാര്‍ഥത്തില്‍ ആവേശഭരിതരായി. അരുവിക്കര ജംഗ്ഷനില്‍ നിന്ന് പിന്നീട് വെള്ളനാട്ടേക്ക്. ആയിരക്കണക്കിന് ജനങ്ങളാണ് വെള്ളനാട്ടും താരത്തെ ഒരു നോക്കുകാണാനും രാജഗോപാലിന് സ്വീകരണം നല്‍കാനും കാത്തുനിന്നിരുന്നത്. അവിടെ ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ തമിഴിലുള്ള രസകരമായ പ്രസംഗം. രാജയുടെ പ്രസംഗം തൊടുത്തുവിട്ട ആവേശം വീണ്ടും ഉച്ചസ്ഥായിയിലെത്തിക്കുന്നതായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. ഓരോ വാക്കിലും നിറഞ്ഞുനിന്നത് ദേശസ്‌നേഹവും വികസന സ്വപ്‌നങ്ങളും. പൂവച്ചല്‍ ജംഗ്ഷനിലെ സ്വീകരണത്തിലും ആയിരങ്ങള്‍ അണിചേര്‍ന്നു. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസിനും ബിജെപി പ്രവര്‍ത്തകര്‍ക്കും ഏറെ പണിപ്പെടേണ്ടിവന്നു. വീരണകാവ്, കുറ്റിച്ചല്‍, ആര്യനാട്, ഉഴമലയ്ക്കല്‍, തൊളിക്കോട്, വിതുര എന്നിവിടങ്ങളിലായിരുന്നു തുടര്‍ന്നുള്ള സ്വീകരണങ്ങള്‍. വിതുരയിലെത്തിയപ്പോഴേക്കും രാത്രി ഒമ്പത് മണി. അപ്പോഴും  വന്‍ജനാവലിയാണ് രാജഗോപാലിനെയും സുരേഷ് ഗോപിയെയും കാത്തുനിന്നത്. 27നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയമുറപ്പിക്കുന്നതരത്തിലെ വരവേല്‍പ്പു തന്നെ എല്ലായിടങ്ങളിലും ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.