രാമപാദങ്ങളില്‍

Tuesday 23 June 2015 9:37 pm IST

പക്ഷെ പെട്ടെന്ന് കാറ്റൊന്നു മാറി വീശി. കാലം തന്റെ ശക്തി കാണിക്കാന്‍ തുടങ്ങി. ശാന്തമായിരുന്ന അയോദ്ധ്യ രാജധാനി ഇളകി മറിഞ്ഞു. കാലത്തിന്റെ നിയോഗത്താല്‍ സംഭവങ്ങള്‍ ഞൊടിയിടകൊണ്ട് മാറിമറഞ്ഞു. മന്ഥരയില്‍ കൂടി ആഞ്ഞടിച്ച കൊടുംകാറ്റ് ശക്തനായ ദശരഥനെപ്പോലും കടപുഴക്കിമറിച്ചു. കൈകേയിയുടെ ദാസിയായ മന്ഥര കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍  കയറിനില്‍ക്കെ നഗരത്തില്‍ പതിവിലധികം ആഘോഷപ്രകടനങ്ങളും അലങ്കാരങ്ങളും കണ്ട് ആശ്ചര്യവതിയായി അവള്‍ കൗസല്യയുടെ ദാസിയോട് വിവരം തിരക്കിയപ്പോള്‍ നാളെ ശ്രീരാമന്റെ പട്ടാഭിഷേകമാണെന്ന വിവരം മനസ്സിലാക്കുകയും കോപത്തോടെ കൈകേയിയുടെ മുറിയിലെത്തുകയും ചെയ്തു. അടക്കാന്‍ വയ്യാത്ത കോപത്തോടെ മന്ഥര കൈകേയിയെ നോക്കി ആക്രോശിച്ചു. ''മൂഡേ എഴുന്നേല്‍ക്ക് നീ എപ്പോഴും കിടന്നുറക്കമാണോ? നിനക്ക് വല്ലാത്ത ആപത്ത് അടുത്തിരിക്കുന്നു. ഒന്ന് കണ്ണ് മിഴിച്ച് ചുറ്റും നോക്ക്. നാളെ രാമന്റെ അഭിഷേകമാണ് ഇനി അധികം സമയമില്ല ഉള്ള സമയം കൊണ്ട് നീ നിന്നേയും, നിന്റെ മകന്‍ ഭരതനേയും, എന്നേയും രക്ഷിക്കാന്‍ നോക്ക്.'' രാമാഭിഷേകമെന്ന് മന്ഥര പറഞ്ഞത് കേട്ട് കൈകേയി സന്തോഷവതിയായി. ആനന്ദഭരിതമായ ഹൃദയത്തോടെ കൈകേകി കയ്യില്‍ കിടന്ന സ്വര്‍ണ്ണ വള അവള്‍ക്ക് ഊരിക്കൊടുത്തുകൊണ്ട് പറഞ്ഞു. മന്ഥരേ നീയാണല്ലോ ഈ ശുഭവാര്‍ത്ത ആദ്യമായി എന്റെ ചെവിയില്‍ എത്തിച്ചത്. അത്‌കൊണ്ട് ഈ സമ്മാനം പോരെന്ന് എനിക്കറിയാം. വിശേഷിച്ച് ഇനി ഞാന്‍ നിനക്ക് എന്താണ് സമ്മാനമായി തരേണ്ടത്.? രാമേ വാ ഭരതേ വാളഹം വിശേഷം നോപലക്ഷയേ തസ്മാത്തുഷ്ടാളസ്മി യദ്രാജാ രാമം രാജ്യേളഭിഷേക്ഷ്യതി രാമനും ഭരതനും എനിക്ക് രണ്ടല്ല രാജാവ് രാമന് രാജ്യം ഭരണം നല്‍കിയതില്‍ എനിക്ക് സന്തോഷമേയുള്ളൂ. മന്ഥര കൈകേയി കൊടുത്ത സമ്മാനം വലിച്ചെറിഞ്ഞു അതിനുശേഷം അവള്‍ ഓരോന്നോരോന്നായി പറഞ്ഞു തുടങ്ങി രാമനെ രാജാവാക്കുന്നതുകൊണ്ട് കൈകേയിക്ക് ദുഃഖവും, ദുരിതവും മാത്രമേ വരുത്തുകയുള്ളൂ എന്ന് പറഞ്ഞ് ഫലിപ്പിക്കാന്‍ അവള്‍ തുനിഞ്ഞപ്പോള്‍ കൈകേയി രാമന്റെ ഗുണങ്ങള്‍ വര്‍ണ്ണിച്ചു കേള്‍പ്പിക്കാനാരംഭിച്ചു. ധര്‍മ്മജ്ഞന്‍, ഗുണവാന്‍, സുശീലന്‍, ജിതേന്ദ്രിയന്‍, സത്യവാദി, പവിത്രന്‍ എന്നിങ്ങനെ രാമനെ കുറിച്ചുള്ള ഗുണവിശേഷങ്ങള്‍ കൈകേയി നിരത്തി. ആശ്രിതരേയും, സേവകരേയും, പുത്രതുല്യം സ്‌നേഹിക്കുകയും സംരംക്ഷിക്കപ്പെടുകയും ചെയ്യുന്ന രാമന്റെ രാജ്യാഭിഷേകത്തില്‍ നീ എന്തിന് ദുഃഖിക്കുന്നു എന്ന് കൈകേയി ചോദിച്ചു. മാത്രമല്ല എനിക്കാണെങ്കില്‍ യഥാമേ ഭരതോ മാന്യസ്തഥാ ഭൂയോളപിരാഘവ:     കൗസല്യാതോളതിരിക്തം ച സോളനുശുശ്രൂഷതേഹി മാം രാമന്‍ ഭരതനേക്കാള്‍ പ്രിയനാണ്. രാമനാകട്ടെ കൗസല്യയേക്കാള്‍ അധികം എന്നെ ശുശ്രൂഷിക്കുന്നു. രാമന് എേന്നാടുള്ള സ്‌നേഹവും, ഭക്തിയും, വിശ്വാസവും അവന്റെ സ്വന്തം അമ്മയായ കൗസല്യയോടുപോലും ഇല്ലെന്ന് നിനക്കറിയാവുന്നതല്ലേ? എന്തെങ്കിലും നല്ല വസ്തുക്കള്‍ കിട്ടിയാല്‍ എനിക്കു തന്നല്ലാതെ അവന്‍ മറ്റാര്‍ക്കും കൊടുക്കാറില്ല, ഇഷ്ടമല്ലാത്ത ഒരു വാക്കു പോലും ഇന്നേവരേ രാമന്‍ എന്നോട് പറഞ്ഞിട്ടില്ല. മാത്രമല്ല മൂഡയായ നിനക്ക് സര്‍വജനപ്രിയനും ശാന്തനുമായ എന്റെ രാമനോട് ഇത്ര വെറുപ്പു വരാന്‍ എന്താണ് കാരണം. കൈകേയിയുടെ  വാക്കുകള്‍ കേട്ടപ്പോള്‍ മന്ഥരയ്ക്ക് കോപം വര്‍ദ്ധിക്കുക മാത്രമല്ല അവളാകെ ഭ്രാന്ത് പിടിച്ചതുപോലെയായി. കൈകേയി മമാത്മജന്‍ എന്നു കൂടി രാമനെപ്പറ്റി പറഞ്ഞപ്പള്‍ മന്ഥര അടിമുടി വിറച്ചു. അവള്‍ മനസ്സില്‍ തീരുമാനിച്ചു രാമന്‍ സ്വന്തം  പുത്രനെന്നു പറയുന്ന കൈകേയിയുടെ മനസ്സ് മാറ്റിയേ തീരൂ. അതുമാറ്റാനുള്ള കഴിവ് തനിക്കുണ്ടെന്ന് അവള്‍ സ്വയം അഭിമാനിച്ചു. ദുഃഖം നടിച്ചുകൊണ്ട് അവള്‍ കൈകേയിയോട് പറയാന്‍ തുടങ്ങി. കഷ്ടം! രാമനെ ഞാന്‍ വെറുക്കാന്‍ എന്താണ് കാരണമെന്ന് എന്നോട് ചോദിക്കുന്ന വിഡ്ഢിയായ നീ ഒന്നു മനസ്സിലാക്കണം. രാമനോട് എനിക്ക് യാതൊരു വെറുപ്പുമില്ല രാമന്‍ ഗുണസമ്പന്നന്‍ തന്നെയാണ് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ നീ ഈ സന്ദര്‍ഭത്തില്‍ ഒന്നു മനസ്സിലാക്കണം രാജാവ് നിന്നെ മനഃപൂര്‍വം വഞ്ചിക്കുകയായിരുന്നു. നിന്റെ മകന്‍ ഭരതനേയും അവന്റെ പ്രിയ കൂട്ടാളി ശത്രുഘ്‌നനേയും രാജാവ് നിര്‍ബന്ധപൂര്‍വ്വം അമ്മാമനെ കാണുന്നതിന്നുവേണ്ടി കേകയത്തിലേക്കയച്ചിരിക്കുന്നു. അത് മനഃപൂര്‍വം മനസ്സില്‍ കണക്കുക്കൂട്ടി ചെയ്തതാണ്. മന്ഥര ഒന്നു നിര്‍ത്തി. താന്‍ പറയുന്നത് കൈകേയി ശ്രദ്ധിക്കുന്നുണ്ടെന്ന് അവള്‍ ഉറപ്പുവരുത്തി. സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഭരത ശത്രുഘ്‌നന്മാരെ ദശരഥന്‍ കരുതിക്കൂട്ടി അയച്ചതാണെന്ന് പറഞ്ഞ് ഫലിപ്പിച്ചാല്‍ അതുവഴി സപത്‌നിമാര്‍ക്കുള്ളില്‍ അസൂയ വളര്‍ത്താമെന്നും അവള്‍ കണക്കുകൂട്ടി. മണ്ടിയായ നീ ഇതൊന്നും മനസ്സിലാക്കാതെ രാമന്‍, രാമന്‍ എന്റെ മോന്‍ എന്നെല്ലാം പറഞ്ഞ് കഴിയുന്നു. രാജ്യാഭിഷേകം രാമനാണെങ്കിലും അതിന്റെ സുഖസൗഭാഗ്യങ്ങള്‍ സുമിത്രയ്ക്കാണ്. അതുകൊണ്ട് സുമിത്രയ്ക്കും ഭാഗ്യമായിരിക്കും. പക്ഷെ നിര്‍ഭാഗ്യവതിയായ നീ ദാസിയെപ്പോലെ കൗസല്യയെ പരിചരിച്ച് കഴിയേണ്ടിവരും. കൈകേയിയേ അസ്വസ്ഥയാക്കി തളര്‍ത്തുന്നതിന് വേണ്ടി മന്ഥര തന്റെ വാക്ക്ശരം ഒന്നുകൂടി മൂര്‍ച്ചകൂട്ടി പറഞ്ഞു. അങ്ങിനെ രാമന്‍ രാജാവായാല്‍ ഭരതനും രാമനെ സേവിച്ച് അടിമയായി ജീവിക്കേണ്ടിവരും. ആട്ടും, തുപ്പും സഹിച്ച് നിങ്ങള്‍ക്കെല്ലാവര്‍ക്കും ജീവിക്കാമെന്നല്ലാതെ ഒരിക്കലും രാജ്യഭരണം കൈവരുമെന്ന് മോഹിക്കേണ്ടതില്ല. ഒരു പക്ഷേ നിങ്ങളെ നാട്ടില്‍ നിന്നും ആട്ടിയോടിച്ചുകൂടെന്നുമില്ല. രാമന് ശേഷം ഭരതന് രാജ്യം കിട്ടുമെന്ന് നീ കരുതുന്നുണ്ടാവും, പക്ഷെ രാമന് ശേഷം രാമപുത്രനായിരിക്കും രാജാവാകുന്നത് രാജ്യം കിട്ടിയാല്‍ രാമന്‍ ഭരതനെ നാടുകടത്തില്ലെന്നും  പറയാന്‍ കഴിയുകയില്ല. ഒരു പക്ഷേ പരലോകത്തേക്കയച്ചെന്നും വരാം. ഭവതിയുടെ ശ്രേയസ്സിന് വേണ്ടിയാണ് ഞാനിതു പറയുന്നത്. അഹങ്കാരത്താല്‍ പണ്ട് കൗസല്യയെ നീ നിരാകരിച്ചിട്ടുണ്ട്. ഇപ്പോള്‍ സന്ദര്‍ഭം വരുമ്പോള്‍ അവള്‍ അത് തിരിച്ചു പ്രവര്‍ത്തിക്കാതിരിക്കില്ല സപത്‌നിമാരുടെ ചവിട്ടുകൊണ്ട് ജീവിക്കുന്നതിലുംഭേദം മരിക്കുന്നതാണ്. ... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.