കോപ്പ അമേരിക്ക: ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ നാളെ; ചിലിക്ക് എതിരാളികള്‍ ഉറുഗ്വെ

Tuesday 23 June 2015 10:14 pm IST

സാന്റിയാഗോ: ലാറ്റിനമേരിക്കന്‍ കാല്‍പ്പന്തുകളിയുടെ വശ്യസൗന്ദര്യം തുളുമ്പുന്ന കോപ്പ അമേരിക്ക 2015 നോക്കൗട്ട് ഘട്ടത്തിലേക്ക് നീങ്ങുന്നു. ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ എട്ട് ടീമുകളാണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ഇനി  നോക്കൗട്ട് പോരാട്ടമാണ്. ജയിച്ചാല്‍ സെമിയില്‍, തോറ്റാല്‍ പുറത്ത്. അതിനാല്‍ തന്നെ കളിക്ക് വീറും വാശിയും കൂടും. ഒപ്പം എക്‌സ്ടാ ടൈമും ഷൂട്ടൗട്ടുമൊക്കെ കടന്നുവരും. ക്വാര്‍ട്ടര്‍ ഫൈനലിന് നാളെ തുടക്കം കുറിക്കും. നാല് ക്വാര്‍ട്ടര്‍ ഫൈനലുകളും രണ്ട് സെമിഫൈനലുകള്‍ക്കും ശേഷം നടക്കുന്ന ഫൈനലോടെ കോപ്പ അമേരിക്കയിലെ പുതിയ ചാമ്പ്യന്മാരെ അറിയാം. മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമുകള്‍ പങ്കെടുത്ത പോരാട്ടത്തിനൊടുവിലാണ് എട്ട് ടീമുകള്‍ അവസാന എട്ടിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പിലെ 18 മത്സരങ്ങളില്‍ നിന്നായി 40 ഗോളുകളാണ് ആകെ പിറന്നത്. മൂന്ന് കളികളില്‍ നിന്ന് മൂന്ന് ഗോള്‍ നേടിയ ചിലിയന്‍ സൂപ്പര്‍താരം അര്‍ട്ടുറോ വിദാലാണ് ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാമത്. ഗ്രൂപ്പ് എയില്‍ നിന്ന് ആതിഥേയരായ ചിലി, ബൊളീവിയ, ഗ്രൂപ്പ് ബിയില്‍ നിന്ന് അര്‍ജന്റീന, പരാഗ്വെ, ഉറുഗ്വെ, ഗ്രൂപ്പ് സിയില്‍ നിന്ന് ബ്രസീല്‍, പെറു, കൊളംബിയ എന്നീ ടീമുകളാണ് ക്വാര്‍ട്ടറിലെത്തിയത്. നാളെ രാവിലെ ഇന്ത്യന്‍ സമയം അഞ്ചിന് നടക്കുന്ന കളിയില്‍ ആതിഥേയരായ ചിലി നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വെയുമായി ഏറ്റുമുട്ടും. 26ന് ബൊളീവിയ പെറുവുമായും 27ന് അര്‍ജന്റീന കൊളംബിയയുമായും 28ന് ബ്രസീല്‍ പരാഗ്വെയുമായും ഏറ്റുമുട്ടും. ക്വാര്‍ട്ടറില്‍ എല്ലാ മത്സരങ്ങളും കടുപ്പമേറിയതാണെങ്കിലും ചിലിക്കും അര്‍ജന്റീനക്കുമാണ് ഏറ്റവും കരുത്തരായ എതിരാളികളെ നേരിടേണ്ടത്. നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വെയെ നേരിടാനിറങ്ങുന്ന ചിലിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബൊളീവിയയെ 5-0ന് തകര്‍ത്തെങ്കിലും ബൊളീവിയയല്ല ഉറുഗ്വെ എന്ന തിരിച്ചറിവോടെയായിരിക്കും ചിലി ഇറങ്ങുക. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ 2-0ന് ഇക്വഡോറിനെ പരാജയപ്പെടുത്തിയ ചിലി രണ്ടാം കളിയില്‍  മെക്‌സിക്കോയുമായി 3-3ന് സമനിലയില്‍ പിരിയുകയും ചെയ്തു. ചിലി മൂന്ന് കളികളില്‍ നിന്ന് 10 എണ്ണം നേടിയപ്പോള്‍ മൂന്നെണ്ണം മാത്രമാണ് വഴങ്ങിയത്. അതേസമയം മരണഗ്രൂപ്പെന്നറിയപ്പെട്ട ഗ്രൂപ്പ് ബിയില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായാണ് ഉറുഗ്വെ അവസാന എട്ടിലേക്ക് കുതിച്ചത്. ആദ്യ കളിയില്‍ ജമൈക്കയെ 1-0ന് പരാജയപ്പെടുത്തിയ ഉറുഗ്വെ രണ്ടാം കളിയില്‍ അര്‍ജന്റീനയോട് 1-0ന് പരാജയപ്പെടുകയും അവസാന കളിയില്‍ പരാഗ്വെയോട് 1-1ന് സമനില പാലിക്കുകയും ചെയ്തു. മൂന്ന് കളികളില്‍ നിന്ന് 2 ഗോളുകള്‍ നേടിയ അവര്‍ 2 എണ്ണം വഴങ്ങുകയും ചെയ്തു. അതേസമയം സുവാരസിന്റെ അഭാവം ഉറുഗ്വെ നിരയില്‍ നിഴലിക്കുന്നുണ്ടെങ്കിലും ഏറെ കരുത്തരാണ് അവര്‍. എന്നാല്‍ സുവാരസിന്റെ അഭാവത്തില്‍ ടീമിലെ മുഖ്യ സ്‌ട്രൈക്കറായ എഡിസണ്‍ കവാനി ഇതുവരെ ടൂര്‍ണമെന്റില്‍ ഗോള്‍ കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ്. ഗ്രൂപ്പ് മത്സരത്തില്‍ ബ്രസീലിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന കൊളംബിയയെ അര്‍ജന്റീനയും പേടിച്ചേ മതിയാവൂ. ക്യാപ്റ്റന്‍ ഫാല്‍ക്കാവോയും സൂപ്പര്‍താരം റദമല്‍ ഫാല്‍ക്കാവോയും മെസ്സിക്കും സംഘത്തിനുമെതിരെ ഇറങ്ങുമ്പോള്‍ മത്സരഫലം പ്രവചിക്കുക അസാധ്യം. മുന്‍ ചാമ്പ്യന്മാരായ ബ്രസീലിന്റെ എതിരാളികള്‍ കഴിഞ്ഞ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലെ ഫൈലിസ്റ്റുകളായ പരാഗ്വെയാണ്. ഗ്രൂപ്പ് സിയില്‍ നിന്ന് രണ്ട് വിജയവും ഒരു തോല്‍വിയുമടക്കം ആറ് പോയിന്റ് നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീല്‍ അവസാന എട്ടില്‍ ഇടംപിടിച്ചത്. സൂപ്പര്‍ താരവും  ക്യാപ്റ്റനുമായ നെയ്മറുടെ അഭാവത്തിലും ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ വെനസ്വേലയെ കീഴടക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസമാണ് കാനറികളുടെ കൈമുതല്‍.  ഗ്രൂപ്പ് ബിയില്‍ നിന്ന് അര്‍ജന്റീനക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പരാഗ്വെ ക്വാര്‍ട്ടറിലെത്തിയത്. ജമൈക്കയെ 1-0ന് പരാജയപ്പെടുത്തിയ പരാഗ്വെ അര്‍ജന്റീനയുമായും ഉറുഗ്വെയുമായും സമനില പാലിച്ചു. 2011ലെ ചാമ്പ്യന്‍ഷിപ്പിലും ബ്രസീല്‍-പരാഗ്വെ കളിയായിരുന്നു. അന്ന് ഷൂട്ടൗട്ടില്‍ ബ്രസീലിനെ 2-0ന് പരാജയപ്പെടുത്തി പരാഗ്വെ സെമിയിലേക്ക് മാര്‍ച്ച് ചെയ്യുകയും ചെയ്തു. ഇത്തവണത്തെ കോപ്പ അമേരിക്കയില്‍ കരുത്തരായ മെക്‌സിക്കോയെയും ഇക്വഡോറിനെയും പിന്തള്ളിയാണ് ബൊളീവിയ ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ അവരെ കാത്തിരിക്കുന്നത് പെറു.  ഏറെ വര്‍ഷങ്ങളായി ഇരുടീമുകള്‍ക്കും ഫുട്‌ബോളില്‍ കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പെറു കഴിഞ്ഞ തവണ സെമിയില്‍ കളിച്ചെങ്കിലും ഉറുഗ്വെയോട് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു. എന്നാല്‍ ലൂസേഴ്‌സ് ഫൈനലില്‍ വെനസ്വേലയെ 4-1ന് പരാജയപ്പെടുത്തി അവര്‍ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. എന്തായാലും സംഭവബഹുലമാകും കോപ്പയിലെ ഇനിയുള്ള കളികള്‍ എന്ന കാര്യം ഉറപ്പ്. അട്ടിമറിക്ക് കരുത്തുള്ളവരും ആധിപത്യം ഉറപ്പിക്കാനുമായി അര്‍ജന്റീനയും ബ്രസീലും ഉറുഗ്വെയും പോലുള്ള ടീമുകള്‍ ഇറങ്ങുമ്പോള്‍ ഇവര്‍ക്ക് കനത്ത വെല്ലുവിളിയാണ് കൊളംബിയയും പരാഗ്വെയും ചിലിയും പോലുള്ള ടീമുകള്‍ ഉയര്‍ത്തുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.