ആ പ്രഖ്യാപനം തീര്‍ത്തും ഭരണഘടനാവിരുദ്ധം

Friday 26 June 2015 9:02 am IST

ജനാധിപത്യത്തിന്റെ നെടുംതൂണുകളായ പാര്‍ലമെന്റ്, രാഷ്ട്രപതി, ജുഡീഷ്യറി, മാധ്യമങ്ങള്‍ എന്നിവയെല്ലാം എക്‌സിക്യൂട്ടീവിന്റെ കയ്യിലെ ഉപകരണങ്ങളാകുന്ന സാഹചര്യമാണ് അടിയന്തരാവസ്ഥ സൃഷ്ടിച്ചത്. എക്‌സിക്യൂട്ടീവ് സര്‍വ്വശക്തവും സര്‍വ്വവ്യാപകവും ചോദ്യംചെയ്യപ്പെടാത്ത ഈശ്വരനുമാണ് എന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. എക്‌സിക്യൂട്ടീവ് തീരുമാനിക്കുന്ന ഭരണഘടനാ ഭേദഗതികള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം വേണ്ട, അവ കോടതിയില്‍ ചോദ്യംചെയ്തുകൂടാ. പ്രസിഡന്റിന് എക്‌സിക്യൂട്ടീവിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമേ ചെയ്യാനാവൂ. ഏത് ഭരണഘടനാ ഭേദഗതികള്‍ക്കും എക്‌സിക്യൂട്ടീവിന് അധികാരമുണ്ടായിരിക്കും. ഫലത്തില്‍ അത് പ്രധാനമന്ത്രിയുടെ അധികാരമാകുന്നു. ചുരുക്കത്തില്‍ പാര്‍ലമെന്ററി ജനാധിപത്യ റിപ്പബ്ലിക്കിനെ ഇല്ലാതാക്കുന്ന സംവിധാനമാണ് അടിയന്തരാവസ്ഥക്കാലത്ത് നിലവിലുണ്ടായിരുന്നത്. രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ ഓഫീസില്‍ നിന്ന് ചോര്‍ന്ന ചില രഹസ്യരേഖകള്‍ അടിയന്തരാവസ്ഥ പ്രഖ്യാപനം സംബന്ധിച്ച ഒട്ടേറെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 352-ാം വകുപ്പ് പ്രകാരമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെയും കേന്ദ്രകാബിനറ്റിന്റെയും അംഗീകാരം ഇതിനാവശ്യമാണെന്നും ഈ വകുപ്പിന്റെ അനുബന്ധത്തില്‍ പറയുന്നു. രാഷ്ട്രപതിയുടെ ഓഫീസില്‍നിന്ന് ചോര്‍ന്ന രേഖകളില്‍ അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാഷ്ട്രപതിക്കെഴുതിയ കത്തും ഉള്‍പ്പെടുന്നു. ഇതുപ്രകാരം അടിയന്തരാവസ്ഥ അവരുടെ വ്യക്തിപരമായ താല്‍പര്യമായിരുന്നുവെന്നു വ്യക്തമാണ്. 'അതീവരഹസ്യം' എന്ന തലക്കെട്ടോടുകൂടി 1975 ജൂണ്‍ 28 ന് പ്രധാനമന്ത്രിയുടെ ഓഫീസ് മുദ്രയോടുകൂടി തയ്യാറാക്കിയ ആ കത്ത് ഇന്ദിരാഗാന്ധി നേരിട്ട് രാഷ്ട്രപതിഭവനിലെത്തി ഫക്രുദ്ദീന്‍ അലി അഹമ്മദിനു കൈമാറുകയായിരുന്നു. രാത്രി 8.30 ഓടെ രാഷ്ട്രപതിഭവനിലെത്തിയ ഇന്ദിരക്കൊപ്പം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സിദ്ധാര്‍ത്ഥ ശങ്കര്‍റേയും ഉണ്ടായിരുന്നു. ആ കത്ത് ഇങ്ങനെയാണ്: 'പ്രിയപ്പെട്ട രാഷ്ട്രപതിജി, അല്‍പസമയം മുമ്പ് താങ്കളോട് വിശദീകരിച്ചതുപോലെ ആഭ്യന്തരകുഴപ്പങ്ങളാല്‍ ഇന്ത്യയുടെ സുരക്ഷിതത്വത്തിന് അപകടമുണ്ടാകുമെന്ന് സൂചിപ്പിക്കുന്ന വിവരം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇൗ വിവരം വളരെയേറെ അടിയന്തരപ്രാധാന്യമുള്ള ഒന്നാണ്. ഈ വിഷയം കാബിനറ്റില്‍ ഉന്നയിക്കുന്നതിന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്നുരാത്രി ഇത് സാധ്യമല്ല. അതുകൊണ്ട് ഇന്ത്യാ ഗവണ്‍മെന്റിന്റെ 1961 ലെ ട്രാന്‍സാക്ഷന്‍ ഓഫ് ബിസിനസ് നിയമപ്രകാരം എനിക്കുള്ള അധികാരം ഉപയോഗിച്ചത് പ്രസ്തുത വ്യവസ്ഥയില്‍ നിന്നു വ്യതിചലിക്കുന്നതിന് സ്വയം അനുവദിക്കുകയോ അത് അവഗണിക്കുകയോ ചെയ്യുകയാണ്. നാളെ രാവിലെ ആദ്യമായി ഞാന്‍ ഇക്കാര്യം കാബിനറ്റില്‍ ഉന്നയിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ താങ്കള്‍ക്ക് ഇക്കാര്യം ബോധ്യപ്പെടുകയാണെങ്കില്‍ 352-ാം വകുപ്പ് അനുസരിച്ചുള്ള ഒരു പ്രഖ്യാപനം അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. താങ്കളുടെ പരിഗണനക്കായി പ്രഖ്യാപനത്തിന്റെ ഒരു കോപ്പി ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. ഇത്തരമൊരു പ്രഖ്യാപനം ഇന്നുരാത്രി തന്നെ, എത്രകണ്ട് വൈകിയാലും ശരി പുറപ്പെടുവിക്കണമെന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. ബഹുമാനപൂര്‍വം, ആത്മാര്‍ത്ഥതയോടെ ഇന്ദിരാഗാന്ധി. ഒപ്പ് ഈ കത്ത് രണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുന്നു. കാബിനറ്റിന്റെയോ പാര്‍ലമെന്റിന്റെയോ അറിവോ സമ്മതമോ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ഉണ്ടായിരുന്നില്ല. പ്രഖ്യാപനത്തിന്റെ പകര്‍പ്പ് കത്തിനൊപ്പം വെച്ചിരിക്കുന്നു എന്ന പരാമര്‍ശം സൂചിപ്പിക്കുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ പ്രഖ്യാപനത്തില്‍ രാഷ്ട്രപതിയെക്കൊണ്ട് ഒപ്പുവെപ്പിക്കുകയായിരുന്നു എന്നാണ്. അടിയന്തരാവസ്ഥയുടെ ഭാഗമായി നടത്തിയ നിയമനിര്‍മാണങ്ങളും ഭരണഘടനാ ഭേദഗതികളും ഈ ഏകാധിപത്യ പ്രവണതയുടെ ഉദാഹരണങ്ങളാണ്. ഭൂരിപക്ഷം നഷ്ടപ്പെട്ടാലും പ്രധാനമന്ത്രിയെ പിരിച്ചുവിടാന്‍ കഴിയുകയില്ല. രാജ്യവിരുദ്ധമെന്നു സര്‍ക്കാരിനു തോന്നുന്ന പ്രവര്‍ത്തനങ്ങളെയോ സംഘടനകളെയോ നിരോധിക്കാം. ഏത് തൊഴില്‍സമരങ്ങളെയും തൊഴിലാളിസംഘടനകളെയും രാജ്യവിരുദ്ധമാക്കാം. ഭരണകക്ഷിയെ വിമര്‍ശിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ നിരോധിക്കപ്പെടാം. ദേശീയ സുരക്ഷിതത്വത്തിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാരുകളെ പിരിച്ചുവിടാം. 25 ന് രാത്രി 8.30 ന് രാഷ്ട്രപതിഭവനിലെത്തിയ ഇന്ദിരാഗാന്ധിയും സിദ്ധാര്‍ത്ഥ ശങ്കര്‍ റേയും മടങ്ങുമ്പോള്‍ അവരുടെ കയ്യില്‍ രാഷ്ട്രപതി ഒപ്പുവെച്ച അടിയന്തരാവസ്ഥാ പ്രഖ്യാപനം ഉണ്ടായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിനിര്‍ത്തിയിരുന്ന സന്നാഹങ്ങള്‍ വഴി മിനിറ്റുകള്‍ക്കകം ഈ സന്ദേശം രാജ്യമെങ്ങും എത്തുകയും ചെയ്തു. പിറ്റേന്ന് രാവിലെ 6.30 ന് അടിയന്തരമായി വിളിച്ചുകൂട്ടിയ മന്ത്രിസഭായോഗം 5 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. ഇന്ദിരയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് കയ്യടിക്കുക എന്ന ജോലി മാത്രമാണ് മന്ത്രിസഭാംഗങ്ങള്‍ക്കുണ്ടായിരുന്നത്. അടിയന്തരാവസ്ഥയുടെ മറവില്‍ രാജ്യത്ത് ചെറുതും വലുതുമായ 26 സംഘടനകളെ നിരോധിച്ചു. ഈ ലിസ്റ്റ് പരിശോധിക്കുമ്പോള്‍ ആ നിരോധനം ആര്‍എസ്എസിനെ തന്നെ ലക്ഷ്യമിട്ടുള്ളതാണെന്നും വളരെ വ്യക്തമാണ്. നിരോധിക്കപ്പെട്ട സംഘടനകളില്‍ ദേശവ്യാപകമായി പ്രവര്‍ത്തനമുള്ളതും ഭാവിയില്‍ കോണ്‍ഗ്രസിന്റെ അധികാരതാല്‍പര്യങ്ങള്‍ക്ക് എതിരായി ജനശക്തി ഉയര്‍ത്താന്‍ കെല്‍പ്പുള്ളതും അക്കൂട്ടത്തില്‍ സംഘം മാത്രമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.